എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം

നവംബർ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുമ്പോൾ കുട്ടികളെ വരവേൽക്കാൻ പ്രവേശനോത്സവത്തിന് ഒരുങ്ങി ജില്ല. എല്ലാ വിദ്യാലയത്തിലും തദ്ദേശ സ്ഥാപനതലത്തിലും പ്രവേശനോത്സവം സംഘടിപ്പിക്കും.

ജില്ലാതല പ്രവേശനോത്സവം അമ്മാടം സെന്റ് ആന്റണിസ് എച്ച് എസ് എസിലും ഗവ.എൽ പി സ്കൂളിലുമായി നടക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് തീരുമാനം.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായ 'കളിമുറ്റമൊരുക്കാം' പദ്ധതി പരിപാടി മികച്ച വിജയമായെന്ന് യോഗം വിലയിരുത്തി. ഹയർ സെക്കന്ററി പരീക്ഷകൾ മൂലം  ചില വിദ്യാലയങ്ങളിൽ ശുചീകരണം പൂർത്തിയായിട്ടില്ല. ഒക്ടോബർ 27നുള്ളിൽ ആ പ്രവർത്തനം പൂർത്തിയാക്കണം. എല്ലാ ജനപ്രതിനിധികളും അവരവരുടെ വാർഡ് /ഡിവിഷന് കീഴിലുള്ള വിദ്യാലയങ്ങൾ സന്ദർശിക്കണം. 27ന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പി ടി എ, എം പി ടി എ, പൂർവ്വവിദ്യാർത്ഥികൾ തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട മുഴുവൻ പേരുടെയും യോഗം ചേരണം. അവസാനവട്ട ഒരുക്കങ്ങൾ ചർച്ച ചെയ്യണം. കുട്ടികളെ വരവേൽക്കാൻ ആവശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കണം. 28ന് വൈകുന്നേരം 3.30ന് സമ്പൂർണ വിദ്യാലയ ശുചീകരണ പ്രഖ്യാപനം കോടാലി ഗവ.എൽ പി സ്കൂളിൽ വെച്ച് നടക്കും.

പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരണ യോഗവും നടന്നു. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷീന പറയങ്ങാട്ടിൽ  ഉദ്ഘാടനം ചെയ്തു. 

ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി വി മദനമോഹനൻ പദ്ധതി വിശദീകരണം നടത്തി. പാറളം പഞ്ചായത്ത് പ്രസിഡന്റ്‌ മിനി വിനയൻ, പ്രധാന അധ്യാപകൻ സ്റ്റെയിനി ചാക്കോ, മേരി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, പി ടി എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. 

ഭാരവാഹികളായി മിനി വിനയൻ ചെയർപേഴ്സണും ടോബി തോമസ് ജനറൽ കൺവീനറുമായ സമിതിയെ തിരഞ്ഞെടുത്തു.

Related Posts