വാര്‍ഷിക പദ്ധതി പുരോഗതി; ആസൂത്രണ സമിതി യോഗം ചേര്‍ന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പികെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായി.

വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ നാലാം സ്ഥാനമാണ് ജില്ലയ്ക്ക്. 35.03 ശതമാനമാണ് ജില്ലയുടെ വാര്‍ഷിക പദ്ധതി നിർവ്വഹണം. കോർപ്പറേഷൻ 40.06 ശതമാനം, മുൻസിപ്പാലിറ്റി 31.60 ശതമാനം , ബ്ലോക്ക് പഞ്ചായത്തുകൾ 33.62 ശതമാനം ,  ജില്ലാ പഞ്ചായത്ത് 25.02 ശതമാനം , ഗ്രാമപഞ്ചായത്തുകൾ 36.93 ശതമാനം എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപന തലത്തിലെ വാർഷിക പദ്ധതി നിർവ്വഹണം. 50 ശതമാനത്തിന് മുകളിലുള്ള അഞ്ച് ഗ്രാമപഞ്ചായത്തുകളാണുള്ളത്. അളഗപ്പനഗറാണ് ഒന്നാമത്.

30 ശതമാനത്തിൽ താഴെയുള്ള 14 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ഈ പഞ്ചായത്തുകളെ പദ്ധതി നിർവ്വഹണത്തിന്റെ കാര്യത്തിൽ മുന്നോട്ട് കൊണ്ടുവരുന്നതിന്റെ ഭാഗമായി ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഓൺലൈനായി യോഗം ചേരാൻ തീരുമാനമായി.

വാർഷിക പദ്ധതി ഭേദഗതി അംഗീകാരവും യോഗത്തിൽ അജണ്ടയായി. ആകെ ആറ് പഞ്ചായത്തുകളാണ് പദ്ധതി ഭേദഗതിക്കായി സമർപ്പിച്ചത്. ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. ശുഭാപ്തി പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ തലത്തിൽ ഒരു എക്സ്പേർട്ട് കമ്മറ്റി രൂപീകരിക്കാൻ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിക്കും ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി.

യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ കെ ശ്രീലത, പ്ലാനിംഗ് ബോർഡ് അംഗം എംആർ അനൂപ് കിഷോർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Related Posts