ഇരിങ്ങാലക്കുട ജനറൽ ആശുപത്രി കെട്ടിട നിർമ്മാണം രണ്ടാം ഘട്ടത്തിലേക്ക്

പൊതുജനാരോഗ്യ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സർക്കാർ ശ്രമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒപി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണോദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ ഗുണമേന്മ ഉയർത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്. പല രോഗങ്ങളും തുടക്കത്തിലേ കണ്ടെത്താൻ സർക്കാർ ആരംഭിച്ച വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് കഴിഞ്ഞു. മികച്ച ഗവേഷണ സൗകര്യം. കേരള മോഡൽ വികസനത്തിന്റെ മൂലക്കല്ലാണ് പൊതുജനാരോഗ്യ സംവിധാനമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങൾക്കും സാധാരണക്കാർക്കും ആലംബമായ ആശുപത്രിയാണ് ജനറൽ ആശുപത്രി. ഒപി ബ്ലോക്കിന് മൂന്ന് നിലകൾ കൂടി വരികയാണ്. പ്രത്യേകമായി ഒരു മഴവെള്ള സംഭരണി കൂടി പദ്ധതിയിലുണ്ട്. അൾട്രാ സൗണ്ട് സ്കാനിംഗ്, സ്വന്തമായി ഇലക്ട്രിക് ആംബുലൻസ് തുടങ്ങിയ സംവിധാനങ്ങൾ ഇവിടെയുണ്ട്. ഡയാലിസിസ് യൂണിറ്റ് വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ നബാർഡ് സഹായത്തോടെ 12 കോടി രൂപയ്ക്കാണ് പുതിയ കെട്ടിടനിർമ്മാണം നടത്തുന്നത്. പുതിയ ഒപി ബ്ലോക്ക് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിൽ 4 ഓപ്പറേഷൻ തിയറ്ററുകൾ, സർജിക്കൽ ഐസിയു, മെഡിക്കൽ ഐസിയു, ബ്ലഡ് ബാങ്ക് തുടങ്ങിയവ ഉണ്ടാകും. രണ്ടാംഘട്ടത്തിൽ രണ്ടും മൂന്നും നാലും നിലകളുടെയും ടെറസ് ഫ്ലോറിന്റെയും സ്ട്രക്ച്ചർ വർക്കും ഫിനിഷിങ് വർക്കും ലിഫ്റ്റ് നിർമ്മാണവുമാണ് നടക്കുക. ആദ്യഘട്ടത്തിൽ പണിത കെട്ടിടങ്ങളുടെ പൂർത്തീകരണവും ഈ ഘട്ടത്തിൽ നടക്കും. കെട്ടിടത്തിന്റെ ആദ്യഘട്ട നിർമ്മാണത്തിൽ ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിവയാണ് നടക്കുന്നത്. അതിൽ ടൈലിംഗ് ജോലികൾ വരെയുള്ള പ്രവൃത്തികൾ പൂർത്തിയായി.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സീമ പ്രേം രാജ്, കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പവിത്രൻ, പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് തമ്പി, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ എസ് ധനീഷ്, പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത സഹദേവൻ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്,

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി, കൗൺസിലർമാരായ ലത ചന്ദ്രൻ, സുജ സഞ്ജീവ്‌കുമാർ, അംബിക പള്ളിപ്പുറത്ത്, ജിഷ ജോബി, ജൈസൻ പാറേക്കാടൻ, അഡ്വ. കെ ആർ വിജയ, സന്തോഷ് ബോബൻ, പി ടി ജോർജ് തുടങ്ങിയവർ സന്നിഹിതരായി. പൊതുമരാമത്ത് ബിൽഡിംഗ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ എൻ വി ആന്റണി സാങ്കേതിക റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ടി പി ശ്രീദേവി സ്വാഗതവും ജനറൽ ആശുപത്രി സൂപ്രണ്ട് മിനിമോൾ എ എ നന്ദിയും രേഖപ്പെടുത്തി.

Related Posts