ആവേശമാണ് യാത്രകളോട്; പലചരക്ക് വരുമാനത്തിൽ നിന്നും ലോകം ചുറ്റി മോളി ചേച്ചി

തൃപ്പൂണിത്തുറ : തൃപ്പൂണിത്തുറ ചിത്രപ്പുഴ സ്വദേശിനിയായ മോളി ചേച്ചിക്ക് പ്രായം 61. എന്നാൽ കുട്ടിക്കാലം മുതൽ യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന അവർ, തന്റെ പലചരക്ക് കടയിൽ നിന്നുള്ള വരുമാനം കൂട്ടിവച്ച് ലോക രാജ്യങ്ങളിലേക്ക് ആവേശത്തോടെ യാത്ര ചെയ്യുകയാണ്. 2004 ൽ ഭർത്താവ് മരിച്ചതോടെയാണ് കട തുടങ്ങിയത്. മകളുടെയും, മകന്റെയും വിവാഹം നടത്തിയതും, വീട് വെച്ചതും, കാർ വാങ്ങിയതും എല്ലാം ഇതിൽ നിന്നുള്ള വരുമാനത്തിൽ നിന്ന് തന്നെ. 2012 ൽ ആഗ്രഹങ്ങൾ എല്ലാം പേറി ആദ്യ യാത്ര പുറപ്പെട്ടു. യൂറോപ്പിലേക്കായിരുന്നു യാത്ര. സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട്, മലേഷ്യ, എന്നിവിടങ്ങളിലേക്കെല്ലാം യാത്ര ചെയ്തു. അമേരിക്കയാണ് അവസാനമായി സന്ദർശിച്ചത്. ഏജൻസി വഴിയാണ് യാത്രകൾ. സഹയാത്രികർ പുലർത്തുന്ന സ്നേഹം, കരുതൽ എന്നിവയെക്കുറിച്ചെല്ലാം പറയുമ്പോൾ നൂറ് നാവാണ് മോളി ചേച്ചിക്ക്. ഫോട്ടോ എടുക്കാനും, മറ്റ് സഹായങ്ങൾക്കെല്ലാം അവർ ഒപ്പം ഉണ്ടാവും. നയാഗ്രാ വെള്ളചാട്ടവും, ഈഫൽ ടവറുമാണ് യാത്രയിലെ വിസ്മയിപ്പിച്ച കാഴ്ചകൾ. മക്കളുടെ പൂർണ്ണ സമ്മതമില്ലെങ്കിൽ സ്വപ്ന യാത്രകൾ നടക്കില്ലായിരുന്നു എന്ന് പറയുന്ന മോളി ചേച്ചി പ്രിയപ്പെട്ട നാട്ടുകാരുടെ സഹകരണങ്ങൾക്കും പ്രത്യേക നന്ദി അറിയിക്കുന്നു. ന്യൂസിലൻഡ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യണമെന്നാണ് ആഗ്രഹം.

Related Posts