അവശ്യ മരുന്നുകളുടെ വിലക്കയറ്റം; പ്രതിരോധിക്കാൻ ദേശീയ ഔഷധവില നിയന്ത്രണ സമിതി

ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണ സമിതി. പുതിയ തീരുമാനത്തോടെ നിലവിൽ ലിസ്റ്റിലുള്ള 112 ഇനങ്ങളുടെ വില കുറയും. ക്യാൻസർ മരുന്നായ ട്രാസ്റ്റുസുമാബിന് 17,984 രൂപയാണ് കുറയുക. 16 ഇനങ്ങൾ പുതുതായി നിയന്ത്രണ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ എട്ടെണ്ണത്തിന് നിലവിൽ വിപണിയിൽ ലഭ്യമായതിനേക്കാൾ ഉയർന്ന വിലയാണെന്നും ആരോപണമുണ്ട്. മൊത്തവ്യാപാര വില സൂചിക പ്രകാരം കഴിഞ്ഞ തവണ പട്ടികയിൽ ഉൾപ്പെട്ട മരുന്നുകളുടെ വില 10 ശതമാനത്തിലധികം കൂടിയിരുന്നു. വലിയ കൊള്ളയാണിതെന്ന ആരോപണം ഉയർന്നിരുന്നെങ്കിലും നിയമപരമായി നിലനിൽക്കുന്നതിനാലാണ് സർക്കാർ മറ്റ് മാർഗങ്ങൾ തേടുന്നത്. ഇതിന്‍റെ ആദ്യപടിയായി പാരസെറ്റമോൾ ഉൾപ്പെടെ 134 ഇനങ്ങളുടെ വില കുറച്ചു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടി. ഇതിൽ 128 ഇനങ്ങൾക്ക് പുറമെ 16 ഇനങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു. നിലവിലുള്ള 112 ഇനങ്ങളുടെയും വില ഗണ്യമായി കുറച്ചിട്ടുണ്ട്. അസ്ഥി പ്രശ്നങ്ങൾക്കുള്ള സോളിഡോണിക് ആസിഡിന്‍റെ വില 4664.74 രൂപയിൽ നിന്ന് 2133.32 രൂപയായി കുറച്ചു. അണുബാധകൾക്കെതിരെയുള്ള അസിത്രോമൈസിൻ, വാൻകോമൈസിൻ, അമോക്സിലിൻ-ക്ലോവുനിക് ആസിഡ് സംയുക്തം, വേദന സംഹാരിയായ ഐബുപ്രൊഫൈന്‍, ചിക്കൻ പോക്സിനെതിരെയുള്ള അസിക്ലോവിർ തുടങ്ങിയ മരുന്നുകളുടെയും വില കുറച്ചിട്ടുണ്ട്.

Related Posts