തെരുവുനായ ശല്യം; തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിൽ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: തെരുവുനായ ശല്യത്തെ തുടർന്ന് തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ റഗുലർ ക്ലാസുകൾക്ക് അവധി പ്രഖ്യാപിച്ചു. പേവിഷബാധയുണ്ടെന്ന് സംശയിക്കുന്ന നായ ക്യാംപസിലെ നായ്ക്കളെ കടിച്ചതിനെ തുടർന്നാണ് അവധി നൽകിയത്. 5,500 ലധികം കുട്ടികൾ പഠിക്കുന്ന ക്യാംപസിൽ തെരുവുനായ്ക്കളുടെ ശല്യം വ്യാപകമാണ്. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. അവധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കോളേജിലെത്തി നായ്ക്കളെ പിടിക്കാനുള്ള നടപടികൾ നഗരസഭ സ്വീകരിച്ച് തുടങ്ങി. ഇന്നലെ രാത്രിയോടെയാണ് പേവിഷബാധ സംശയിക്കുന്ന നായ്ക്കളുടെ സാന്നിധ്യം സെക്യൂരിറ്റി ജീവനക്കാരൻ റിപ്പോർട്ട് ചെയ്തത്. അതുകൊണ്ടാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മറ്റുള്ളവരുടെയും സുരക്ഷ കണക്കിലെടുത്ത് ഇന്ന് അവധി പ്രഖ്യാപിച്ചത്. നായ്ക്കളെ ക്യാംപസിൽ വന്ന് കൊണ്ടുപോയി വന്ധ്യംകരിക്കുകയോ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുകയോ ചെയ്ത് തിരിച്ച് വിടുകയായിരുന്നു മുൻപത്തെ രീതി. തെരുവുനായ്ക്കളുടെ ശല്യത്തിനെതിരെ അടിയന്തര നടപടി വേണമെന്നാണ് കോളേജ് അധികൃതരുടെ ആവശ്യം.

Related Posts