ചായ

പറഞ്ഞു വന്നത് ഇതൊന്നുമല്ല - ചായ ശീലങ്ങൾ മാറ്റിയാലോ എന്ന ആലോചനയുമായി ചായ പ്രിയ അലയുകയാണ്... ചെറുതിലേ വായന ഇഷ്ടശീലങ്ങളിലൊന്നാക്കിയതു കൊണ്ട് എഴുതുന്നവരുടെ ശീലങ്ങളിലേക്ക് ഉറ്റുനോക്കാനും തുടങ്ങി.

ചായ

മധുരം മതിയാക്കൂ.. ചായയുടെ അളവ് കുറച്ചാൽ ഒരു പക്ഷേ രൂപവതിയാവാം. ഇങ്ങനെ മധുരം കഴിച്ചാൽ തടി വല്ലാതെയാവും - ചുറ്റുമുള്ളവർ ഇത്തിരി കളിയും ബാക്കി കാര്യവുമായി ഗോൾ അടിച്ചു തുടങ്ങീട്ട് കുറെയായി
. ഇടക്കിടെ ജയിലിലെ അന്തേവാസികളെ നമ്പർ ചൊല്ലി വിളിക്കുന്നതുപോലെ എന്നെ വിളിക്കുന്നു. നമ്പർ എന്നത് ശരീരഭാരമാണെന്നു മാത്രം. തലക്കുമുകളിലൂടെ എട്ടും അഞ്ചും തൊടാ പ്രാന്തി കളിക്കുന്നു.

പറഞ്ഞു വന്നത് ഇതൊന്നുമല്ല - ചായ ശീലങ്ങൾ മാറ്റിയാലോ എന്ന ആലോചനയുമായി ചായ പ്രിയ അലയുകയാണ്... ചെറുതിലേ വായന ഇഷ്ടശീലങ്ങളിലൊന്നാക്കിയതു കൊണ്ട് എഴുതുന്നവരുടെ ശീലങ്ങളിലേക്ക് ഉറ്റുനോക്കാനും തുടങ്ങി. കടുപ്പമുള്ള ചായയുടെ ഇഷ്ടക്കാരനായ അച്ഛന് ഇടക്കിടെ ചായവെച്ചു കൊടുത്താണ് തുടക്കം. ചായ കയ്യിൽ വാങ്ങുമ്പോഴേ അച്ഛൻ പറയുന്നു ...ആഹാ . നല്ല ചായയാണല്ലോ.. അച്ഛന്റെ പാകത്തിന് പാൽ, തേയില ... കണിശതയിലാണ് ശ്രദ്ധ.. കടുപ്പം മണത്തറിയുന്ന അച്ഛൻ ... അച്ഛൻ കുട്ടിയും കടുപ്പ ചായയുടെ ആരാധികയാവുന്നു.
വായനയിലൂടെയാണ് അറിയുന്നത് ബേപ്പൂർ സുൽത്താന്റെ സുലൈമാനി പ്രിയം.''
കെ.പി കേശവമേനോന്റെ ചായ പ്രിയം..
പിന്നെയൊരു ധാരണ പുറത്ത് അങ്ങനെ സഞ്ചരിക്കുന്നു. ധാരാളം ചായ കുടിക്കുന്നവരൊക്കെ നല്ലവരും വലിയവരും ആണെന്ന്. ചായ ശീലങ്ങളിൽ ഈ തെറ്റിദ്ധാരണക്ക് ചെറുതല്ലാത്ത പങ്കുണ്ട്.. ഇഷ്ട പാനീയം.. ദേശീയ പാനീയം എന്നൊക്കെ ചോദിച്ചാൽ ഒരൊറ്റ ഉത്തര മേ ഉള്ളു.
തൃശ്ശൂരിലെപഠന നാളുകളിലെ നാലുമണി നേരങ്ങളിൽ ആശയും അനിതയും രാധാകൃഷ്ണനും കടന്നുവരുന്നു.
മണീസിലെ, ഇൻഡ്യൻ കോഫീ ഹൌസിലെ, രാധാകൃഷ്ണ യിലെ - കാപ്പി കപ്പുകൾക്കു മീതെ വയനാടൻ ചുരമിറങ്ങി വരുന്ന കാപ്പിപ്പൂക്കളുടെ മദഗന്ധം ... സൗഹൃദത്തിന്റെ ഉന്മാദങ്ങളിൽ കവിത പൂക്കുന്നു.. കഥയുടെ ശതാബ്ദി ആഘോഷിക്കുന്നു.
ടൗൺഹാളിനു പുറകിലുള്ള നീലഅഴികളിട്ട നാലു ചക്രവണ്ടിയിൽ നിന്നും കുടിക്കുന്ന കടുപ്പത്തിൽ പതഞ്ഞ ചായയിൽ ഏതു കടുപ്പമുള്ള പിണക്കവും ഊതിത്തണുക്കുന്നു.
സാഹിത്യ അക്കാദമിക്കുമുൻപിലെ ഹീറോ ഹോട്ടൽ ചായ - ഘനഗംഭീരങ്ങളായ സാഹിത്യ ചർച്ചകൾ കൊടുങ്കാറ്റുകളായി അലയടിച്ചത് ഈ ചായക്കോപ്പകളിൽ നിന്നായിരുന്നോ ? അക്കാദമി ഗ്രന്ഥശേഖരത്തിൽ നിന്ന് ചായക്കോപ്പയിലെ കൊടുക്കാറ്റ് ഇത്രടം വരെ എത്തിയോ ?.

ചുക്കിന്റെ യും കുരുമുളകിന്റേയും എരിവിൽ കുടിച്ചു തീർത്ത ചക്കരക്കാപ്പിക്ക് കടപ്പാട് പ്രിയ വക്കീൽ സുഹൃത്തിനാണ്.

ഒരിടക്ക് ... ഒരിഷ്ടം കുടിയേറി പാർത്തത് ഇങ്ങനെയായിരുന്നു. ഒട്ടുമേ കണ്ടിട്ടില്ലാത്തൊരു അയൽ ദേശത്തേക്ക് (..ദേശം - അംശം - വില്ലേജ് എന്നൊക്കെ പറയുന്ന ദേശമാണേ....) ഒരു യാത്ര പോവുക.. ആരോ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സു മന്ത്രിക്കുന്നൊരിടത്തേക്ക് . ആവേശത്തോടു കൂടി ഒരു യാത്ര...
സ്റ്റാൻഡിൽ വിശ്രമിക്കുന്ന ചുവന്ന ചായമടിച്ചൊരു ബസ്സ് ... ചെത്തിയെന്നോ ചെമ്പരത്തിയെന്നോ പേരുള്ള ഒന്ന് ... അഴികളിൽ കയ്യമർത്തി മുഖം ചേർത്ത് വെച്ച് അവസാനത്തെ സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കുക.
എന്നിട്ട്...
എന്നിട്ട് സ്റ്റോപ്പിൽ ഇറങ്ങി ആരെയോ കാണാനുണ്ടെന്ന മട്ടിൽ ധൃതിപ്പെട്ടു നടക്കുക. ഒരു നാട്ടിൻ പുറത്തിന്റെ തുറിച്ചു നോട്ടങ്ങളിൽ വിനീതയാവുക .. ഏറ്റവും സുസ്മേരവദനയാവുക.
ഏറ്റവും അടുത്തു കാണുന്ന ചായക്കടയിൽ കയറി - അവിടത്തെ ഏറ്റവും പുരാതനമായ ആ നടുകുഴിഞ്ഞ ബഞ്ചിൽ സ്വസ്ഥമായിരിക്കുക. പിന്നെ കടുപ്പുള്ള ഒരു മീറ്റർ ചായക്ക് പറയുക. പളുങ്കു ഭരണികളിൽ കട്ടുറുമ്പുത്തി കാതുത്തി എന്നു പറഞ്ഞ് കളിച്ചു രസിക്കുന്ന പപ്പടവടകളെ നോക്കി ചിരിക്കുക. മൊരിഞ്ഞ പപ്പടവടകളുടെ താളമാസ്വദിച്ച് ചായപ്പീടികയിൽ മാത്രം കാണപ്പെടുന്ന വെട്ടുഗ്ലാസ്സിന്റെ വടിവുകളിൽ വിരലോടിച്ച് ചൂടുചായ വിഴുങ്ങുക. വേണമെങ്കിൽ ഒരു ചായ കൂടി പറയാം. അത്ഭുതം കൂറുന്ന മുഖങ്ങളിലേക്ക് കണ്ണുകൾ കൊണ്ട് ചിരിക്കുക.
അവിടെയെല്ലാം തീരുകയായി...
പിന്നെ ചോദ്യങ്ങൾ ...
ഉത്തരങ്ങൾ...
ഭംഗിയുള്ള ഒരു കഥ ഒട്ടും മെലിയാനനുവദിക്കാതെ സകലവിധ ആംഗ്യവിക്ഷേപങ്ങളോടെയും അവതരിപ്പിക്കുക.
ആ നാട് -
നാട്ടുകാർ...
കൊയ്യാറായ പാടം.
ഉഴുതുമറിച്ച പാടത്തൂടെ ആവേശമായെത്തുന്ന ഉത്സവങ്ങൾ...
ഇതൾ വിടരുകയാണ് ഒരോരോ വിശേഷങ്ങളായി...
തിരിച്ചിറങ്ങുമ്പോൾ ഞാനും വരാംന്ന് പറഞ്ഞ് തോർത്ത് കുടഞ്ഞ് തോളിലിട്ട് ഒരു ബീഡിക്ക് തീ കൊളുത്തി ഒരാളുണ്ടാവും കൂടെ.
അന്നേരം മുറുക്കാൻ മണമുള്ളൊരു കാറ്റ് ചെവിയിൽ വന്ന് മൂളും..
ഇവിടെ വരെ വന്നിട്ട് ....
എന്തൊക്കെ കാണാനുണ്ടെന്നോ ...
ഞാനും വരാം..
ഇരുട്ടും മുൻപേ പുറപ്പെട്ടിടത്തേക്ക് തിരിച്ചെത്താനുള്ളതു കൊണ്ട് മടക്കയാത്രക്ക് കോപ്പുകൂട്ടാം...
നന്ദിയോടെ പുറകിലേക്ക് തിരിഞ്ഞ് യാത്രയാക്കുന്ന മുഖങ്ങളിലേക്ക് ഉറ്റുനോക്കാം.നന്ദിച്ചിരി സങ്കടച്ചിരിയാക്കാതെ വിട പറയാം...
ഇത് പണ്ട്...
ചായക്കടയിൽ നിന്ന് കശുവണ്ടിച്ചുനയുള്ള ഗ്രാമാന്തരീക്ഷത്തിലേക്ക് ... കൊയ്ത്ത് കഴിഞ്ഞ പാടത്തേക്ക് ... റബർക്കാടുകളുടെ തണുപ്പിലേക്ക്....
ചായക്കൂട്ടു തന്ന യാത്രകളുടെ മായാലോകം... ചെമ്പിന്റെ തിളങ്ങുന്ന സമോവറുകളിൽ നിന്ന് സൗഹൃദത്തിന്റെ നീരാവികൾ തുള്ളിതുളുമ്പുന്നു
ഈ കാലഘട്ടത്തിൽ ഇങ്ങനെയൊരു യാത്ര!!
ഇതിനിടക്ക് ചായ കുടിച്ചു വായിച്ചതിനേക്കാൾ ;
വായിച്ചു കുടിച്ച ചായകൾ നിരവധി, അനവധിയാണ്..... ബംഗാളി സാഹിത്യം മൊഴിമാറ്റം വഴി മലയാളത്തിൽ വന്നു ചേർന്നിരുന്ന ഒരു കാലത്ത് ... മൺകപ്പുകളിൽ ചായ കുടിക്കുന്നത് സ്വപ്നം കണ്ടു. അവീൻ - ന്റേയും അയനയുടേയും സായാഹ്ന നടത്തങ്ങൾക്കിടയിൽ ചായ കുടിച്ചതിനുശേഷം തീവണ്ടിപ്പാതകളിലേക്ക് വലിച്ചെറിയുന്ന മൺ കപ്പുകൾ നുറുങ്ങി നുറുങ്ങി.... അടുത്ത വണ്ടിയുടെ ചക്രങ്ങൾ കയറിയിറങ്ങുമ്പോൾ മണ്ണോടു മണ്ണാവുന്നുണ്ട് ...
എന്റെ തളിക്കുളത്തെ വീട്ടിലുരുന്നു ഞാനത് ദൃശ്യവത്കരിക്കുമ്പോൾ നൊമ്പര കാഴ്ചയാവുന്നു. അന്നാഗ്രഹിച്ചിരുന്നു.. കൽക്കട്ടയിലേക്ക് യാത്ര പോവുമെന്നും .എന്നിട്ട് വീശിയടിക്കുന്ന പൊടിക്കാറ്റിന് മുഖം കൊടുക്കാതെ നിന്നുകൊണ്ട് മൺകോപ്പയിലെ ചായ ഊതിയൂതി കുടിക്കുമെന്നും .. സന്ധ്യകനക്കുമ്പോഴക്കും ഇനിയുമെന്തൊക്കെയോ കാണാനുണ്ട് എന്ന് പറഞ്ഞ് കൂടെയുള്ളൊരാൾ ചായയുടെ ചൂടുപകർന്ന ഉള്ളംകൈ കൊണ്ട് എന്നെ ചേർത്ത് പിടിക്കുമെന്നും... ഞങ്ങൾക്കിനിയും ഒരുപാടു ദൂരം യാത്ര ചെയ്യാനുണ്ട്...
ഹൂഗ്ലി പാലത്തിനപ്പുറത്ത് വറുത്തെടുക്കുന്ന മത്സ്യത്തിനോടൊപ്പം കിട്ടുന്ന കട്ടിങ് ചായയിൽ അടുത്ത ദിവസത്തെ സന്ധ്യ മൊരിയണം ....
കട്ടിങ് ചായ പരിചയപ്പെടുത്തിയത് ചേച്ചിയാണ്. വേനലവധിക്ക് ബോംബെയിൽ നിന്നെത്തുമ്പോൾ നാലുമണി ചായയിൽ വൈവിധ്യങ്ങൾ നിറയുന്നു. മസാല ടീ..മിന്റ് ടീ....
രുചിഭേദങ്ങളിൽ തൃപ്രയാറിലെ പഴയ ഓം കൃഷ്ണ ഹോട്ടലിലെ ചായ മാഷിന്റെ ചായയാണ് കിരീടധാരിയാവുന്നത്. നര വന്നു മൂടിയ ഒരു ചെറിയ മനുഷ്യൻ ചായ കുടിക്കുന്നതിലും അധികം അതിലുമപ്പുറത്തെ കടുപ്പങ്ങളിൽ ജീവിത മാസ്വദിക്കുന്നുണ്ട് പലപ്പോഴും - പക്ഷേ ഓരോ ആളിനും അവരുടെ പാകത്തിനനുസരിച്ചുള്ള ചായ നീട്ടുന്ന സപ്ലയർ ... ചായ ഊതി കുടിക്കുന്ന ഓരോരുത്തരും സമോവറിനിപ്പുറത്തെ ഇത്തിരി ചതുരത്തിലൂടെ ഒരു ചിരി നീട്ടി എറിഞ്ഞു കൊടുക്കാറുണ്ട്.

വയനാട് യാത്രയിൽ കുട്ടേട്ടന്റെ ഉണ്ണിയപ്പത്തിനൊപ്പം കിട്ടുന്ന കട്ടൻ... ചെമ്പിലിങ്ങനെ വെറുതെ തിളച്ചു മറിയുന്ന വെള്ളം എത്ര പെട്ടെന്നാണ് രസനകളിൽ മദഗന്ധമൂറുന്നൊരു കാപ്പിയായി മാറുന്നത്.

പനിച്ചൂടിൽ വിറക്കുന്ന മഴക്കാല സന്ധ്യകളിലെ കട്ടൻ കാപ്പിക്ക് ചുക്കിന്റെ , പേരയിലയുടെ , കാട്ടു തൃത്താവിന്റെ , കുരുമുളകിന്റെ എല്ലാം മണമാണ്. ഒന്നാവിപിടിച്ച് കഴിഞ്ഞാൽ പിന്നെയിത്തിരി കാപ്പിപ്പൊടിയും ശർക്കരയുമിട്ട് അമ്മ തരുമ്പോൾ മൊരിഞ്ഞ റെസ്ക്ക് തണുത്തു തളർന്നലിഞ്ഞു.

വയറു വേദനിക്കുന്നു എന്നു പറയുമ്പോൾ ഇഞ്ചി ചതച്ചിട്ട കട്ടൻ.
നാരങ്ങ നീരിൽ കടുപ്പം അലിയുന്ന, പിഴിയാൻ നിന്നു തരാതെ കൈവിലുകൾക്കിടയിലൂടെ ഊർന്നിറങ്ങിപ്പോയ ചെറുനാരങ്ങയുടെ ചെറുതരികൾ മുകളിൽ നീന്തി തുടിച്ചു കൊണ്ട് മേനി പറയുന്ന ഇത്തിരി സ്വർണ്ണ വർണ്ണമുള്ള സുലൈമാനി...
എന്റെ സാറേ ഒരു രക്ഷയുമില്ല ട്ടാ.. ഒരിറക്കുമതി..ആഹാ.. സ്വർഗ്ഗാണ്... സ്വർഗ്ഗം..

ചില സായാഹ്ന നടത്തങ്ങളിൽ കൂടെയുള്ളവർക്ക് തട്ടുചായ വാങ്ങി ക്കൊടുമ്പോൾ ഒരു ഗമ പറയുന്നതു പോലെ അവർ പറയുന്നതു കേൾക്കാം. ഞാനിങ്ങനത്തെ പീട്യേന്നൊന്നും ഇതേ വരെ ചായ കുടിച്ചിട്ടില്ല. ചായയിൽ സന്ധ്യയാണോ സന്ധ്യയിൽ ചായയാണോ ലയിച്ചു ചേരുന്നതെന്നറിയാത്ത സന്ദേഹത്തിലിരിക്കുന്ന എന്നെ ചിരിപ്പിക്കാൻ ഇതൊക്കെ ധാരാളം..

പറയുന്നുണ്ട് ....
നല്ല കണിശതയിൽ ഉണ്ടാക്കിയെടുക്കുന്ന ഒരു ചായ ....
പാലുപോലെ പ്രകാശം ചൊരിഞ്ഞ്...
തേയിലയുടെ ഇത്തിരി കടുപ്പത്തോടെ തെറ്റുകളെ തിരുത്തിക്കൊണ്ട് -
പഞ്ചാര മധുരത്തോടെ പ്രോത്സാഹിപ്പിച്ച്, സ്നേഹിച്ച് .....
ജലസാന്ദ്രതയെ ക്ഷാരാമ്ലങ്ങളിൽ മുക്കിക്കൊല്ലാതെ...

നല്ലൊരു ചായ
പ്രണയ പാനീയമാവുന്നുണ്ട്. ചിലപ്പോഴൊക്കെ...
ഒരു ചായ കുടിച്ചാലോന്ന് ഇത്തിരി കനമുള്ള കലിപ്പിനെ നീക്കിവെക്കാൻ ഉപയോഗിക്കാവുന്നതാണ്.
ആവശ്യം നേരത്ത് ചായ കിട്ടിയില്ലെങ്കിലും കലിപ്പ് കലിപ്പായി നിൽക്കും..
എന്റെ ആവശ്യങ്ങളെ പരിഗണിക്കാതെ നിങ്ങൾ .. എന്നു പറഞ്ഞ് ഇഷ്ടമില്ലാതെ കുടിച്ച പാനീയം തേട്ടി വരുന്നതുപോലെ പുളിച്ചു തേട്ടും.
ചുരുക്കത്തിൽ ആരും ആർക്കും പകരമാവില്ല..
ഒന്നും ഒന്നിനും പകരമാവില്ല.
ചായ ഇഷ്ടക്കാർ ചായ കുടിച്ചു തന്നെ കാലം കഴിക്കണം
അറിയാം ഒരു സുഹൃത്തിനെ .. പ്രായാധിക്യത്താൽ പണിക്കൊന്നും പോകാൻ കഴിയാത്തവരെയാണ് അദ്ദേഹം സഹായിക്കുക. ഒരു ചായ കുടിക്കാൻ തോന്നുമ്പോൾ നെടുവീർപ്പിടാതെ, കണ്ണടച്ചിരിക്കാതെ; തോളിലെ തോർത്ത് കുടഞ്ഞിട്ട് എണീറ്റു പോകാൻ കഴിയണം അവർക്ക് - വാർദ്ധക്യ പെൻഷനൊന്നും ഇത്രയും കൃത്യമാവാത്ത ഒരു കാലത്ത് തുടങ്ങിയ രീതിയാണ്.
ഇപ്പോഴും ചെയ്യുന്നുണ്ടോ?
ഉവ്വ്..
ഇപ്പോഴും ഉണ്ട്. രണ്ട് നേരം അവർക്ക് ചെന്നിരിക്കാൻ ഒരു ഇടം വേണം. ഞാനിവിടെ ജീവിച്ചിരിക്കുന്നു എന്ന് അവർക്ക് അവരെ തന്നെ ബോധ്യപ്പെടുത്താൻ.
നാട്ടിൻ പുറത്തെ ഒരു പറച്ചിലുണ്ട്.. ചായ കുടി കഴിഞ്ഞിട്ടും ചായപ്പീടികയിലെ ബെഞ്ചിൽ നിന്നും എണിറ്റു പോവാൻ മടിക്കുന്ന കുറച്ചു പേർ - മടിയാണവർക്ക് പിരിഞ്ഞു പോവാൻ..കാരണം ആരാണോ എണീറ്റു പോവുന്നത് അവരെ കുറിച്ചായിരിക്കും അടുത്ത ചർച്ച...
ചായ ചർച്ചകൾക്ക് വല്യ ഗാംഭീര്യാത്രേ..

അവതരണം - ബിന്ദു ദാസ് .
ഡിസൈൻ - ടീം തൃശൂർ ടൈംസ് .

Related Posts