അതിജീവനം ലൈവ് ഓൺലൈൻ ക്ലാസ്സുമായി മാള ഗ്രാമപഞ്ചായത്ത്.
മാള:
കൊറോണക്കാലത്ത് ജനങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദങ്ങൾക്ക് ആശ്വാസമായി അതിജീവനം എന്ന ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ച് മാള ഗ്രാമ പഞ്ചായത്ത്. മാള ബ്ലോക്ക് പഞ്ചായത്ത് സന്ധ്യ നൈസൺ ഓൺലൈൻ ക്ലാസ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശനി, ഞായർ ദിവസങ്ങളിൽ മാള ഗ്രാമപഞ്ചായത്തിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് ലൈവ് ഓൺലൈൻ ക്ലാസ്സ് സംഘടിപ്പിക്കുന്നത്.
പഞ്ചായത്ത് ഹെൽപ് ഡെസ്കാണ് ഫേസ് ബുക്ക് ലൈവിന് നേതൃത്വം നൽകുന്നത്. വൈകുന്നേരം നാലു മുതൽ അഞ്ചു വരെയാണ് ക്ലാസ്സ്. ആദ്യത്തെ അര മണിക്കൂർ വിവിധ വിഷയങ്ങളിൽ വിദഗ്ദർ ക്ലാസ്സെടുക്കുന്നു. തുടർന്നുള്ള അര മണിക്കൂർ ജനങ്ങൾക്ക് അന്നത്തെ ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾ ഫേസ് ബുക്കിൽ കമന്റ് ആയി രേഖപ്പെടുത്താം. സംശയങ്ങൾക്കുള്ള മറുപടി അപ്പോൾ തന്നെ ലഭിക്കുന്നതായിരിക്കും. കൊറോണയുമായി ബന്ധപ്പെട്ട് വൈറസ് വ്യാപനം, ആരോഗ്യം, മനസികപ്രശ്നങ്ങൾ, വിദ്യാഭ്യാസം, നിയമം, ദാമ്പത്യ ജീവിതം, കൃഷി, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ എട്ട് വിഷയങ്ങളിലായിട്ടാണ് ക്ലാസ്സ് നടക്കുക.
പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു അശോക്, പഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ എം എസ് അഭിജിത് തുടങ്ങിയവർ സന്നിഹിതരായി.