അതിഥിതൊഴിലാളികള്‍ക്ക് സഹായ കേന്ദ്രങ്ങളൊരുക്കി തൊഴില്‍ വകുപ്പ്.
അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായി തൊഴില്‍ വകുപ്പ്.
തിരുവനന്തപുരം:
കൊവിഡ് 19 വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അതിഥി തൊഴിലാളികളുടെ സുരക്ഷയ്ക്കായി തൊഴില്‍ വകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബോധവത്കരണം, സുരക്ഷ എന്നിവയ്ക്കായി സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറേറ്റിലും 14 ജില്ലാ ആസ്ഥാനങ്ങളിലും അതിഥി തൊഴിലാളികള്‍ക്കായി കോള്‍ സെന്ററുകളും കണ്ട്രോള്‍ റൂമുകളും പ്രവര്‍ത്തനമാരംഭിച്ചു കഴിഞ്ഞു.
അതിഥി തൊഴിലാളികളുടെ സംശയ നിവാരണം ഉള്‍പ്പെടെ അവരുടെ ഭാഷയില്‍ മറുപടി നല്‍കുന്നതിനായി ദ്വിഭാഷികളായ ഉദ്യോഗസ്ഥരെയാണ് ഇത്തരം കേന്ദ്രങ്ങളില്‍ നിയോഗിച്ചിട്ടുള്ളത്. അസാമീസ്, ഒഡിയ, ബംഗാളി, ഹിന്ദി ഭാഷകളില്‍ കോള്‍സെന്റര്‍ സേവനങ്ങള്‍ ലഭ്യമാണ്.
ഇതോടൊപ്പം വിവിധ ജില്ലകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന അതിഥി തൊഴിലാളി ഫെസിലിറ്റേഷന്‍ സെന്ററുകളും ഇവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സഹായ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. കൊവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികളെ സജ്ജരാക്കാന്‍ സംസ്ഥാനത്തുടനീളം അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം നടത്തി വരുന്നു. രോഗ സാഹചര്യങ്ങളില്‍ ആശുപത്രി, ആംബുലന്‍സ് സേവനങ്ങള്‍ക്കായി ദിശ കോള്‍ സെന്റര്‍, ഡിപിഎംഎസ്‌യു എന്നിവയുടെ സേവനം അതിഥി തൊഴിലാളികള്‍ക്ക് ലേബര്‍ ഓഫീസര്‍മാര്‍ ഉറപ്പുവരുത്തും.
ജില്ലാ ഭരണകൂടങ്ങളുമായി ചേര്‍ന്ന് അതിഥി തൊഴിലാളികള്‍ക്കായി പ്രത്യേക സുരക്ഷാ പദ്ധതികള്‍ ഒരുക്കുന്നതിന് വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലെയും തോട്ടം മേഖലകളിലെയും തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കുലറുകള്‍ വഴി മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള അതിഥി തൊഴിലാളികളുടെ വിവരശേഖരണ പ്രവര്‍ത്തനങ്ങളും 101 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ത്വരിതഗതിയില്‍ നടന്നുവരുന്നു. അതിഥി തൊഴിലാളികള്‍ ക്വാറന്റീനിലാകുന്ന കാലത്തെ വേതനം അവരുടെ തൊഴിലുടമകള്‍ നല്‍കണമെന്നും അത് ശക്തമായി നടപ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്നും ലേബര്‍ കമ്മീഷണര്‍ ഡോ എസ് ചിത്ര അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനം ഉള്‍പ്പെടെ കണ്ടെത്തുന്നതിന് അതത് ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലകള്‍ തോറും കൊവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികളുടെ എണ്ണം കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി വകുപ്പിന്റെ പരിഗണനയിലാണ്.
പ്രതിരോധമാര്‍ഗങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കളക്ടറേറ്റുകളും തദ്ദേശസ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോണിറ്ററിംഗ് സെല്‍ രൂപീകരിക്കും.
അടിയന്തര സാഹചര്യങ്ങളില്‍ അതിഥി തൊഴിലാളികള്‍ക്കായി ക്യാമ്പുകള്‍ സജ്ജീകരിക്കുന്നതിന് പര്യാപ്തമായ സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വദേശത്തേയ്ക്ക് മടങ്ങുന്ന അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ തയാറാക്കി കൈമാറാന്‍ റെയില്‍വേയുടെ സഹായം തേടിയിട്ടുണ്ട്. പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.
ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമുകളിലും സംസ്ഥാനതലത്തില്‍ ലേബര്‍ കമ്മീഷണറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ ടോള്‍ ഫ്രീ നമ്പരുകളായ 155214, 180042555214 എന്നിവയിലും അതിഥി തൊഴിലാളികള്‍ക്ക് സഹായത്തിനായി ബന്ധപ്പെടാം.
സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്ക് സുഗമമായി ജോലി ചെയ്യുന്നതിനും കൊവിഡ് രോഗ പ്രതിരോധത്തിനും കൊവിഡ് പോര്‍ട്ടല്‍ രജിസ്‌ട്രേഷനുമുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുന്നതിന് തൊഴില്‍ വകുപ്പ് സജ്ജമാണ്.