കുടുംബശ്രീ സംരംഭങ്ങൾ ഗ്രാമപഞ്ചായത്തുകളിൽ കർക്കിടക ഭക്ഷണമൊരുക്കും.
അന്തരീക്ഷ പ്രതിരോധത്തിന് കരുത്തായി 'അമൃതം കർക്കിടകം' കൈ പുസ്തകം - മന്ത്രി കെ രാധാകൃഷ്ണൻ.
തൃശ്ശൂർ:
വ്യക്തിഗത ആരോഗ്യത്തിന് ഭക്ഷണത്തിന് വളരെയേറെ പ്രധാന്യമുണ്ട്, അതുകൊണ്ട് നല്ല ഭക്ഷണ ശീലങ്ങളിലൂടെ മാത്രമേ സ്വാഭാവിക പ്രതിരോധം ശക്തി പ്പെടുത്താൻ കഴിയൂവെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ''അമൃതം കർക്കിടകം" കൈപുസ്തകം പ്രകാശന ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. രാമനിലയത്തിൽ നടന്ന ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അമൃതം കർക്കിടക്കം കൈപുസ്തകം ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് നൽകിയാണ് പ്രകാശനം ചെയ്തത്.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധം ശക്തിപ്പെടുത്തി കൊണ്ട് മാത്രമേ രോഗ പ്രതിരോധം നേടാൻ കഴിയൂ. പ്രതിരോധശേഷി കുറഞ്ഞ കർക്കിടകമാസത്തിൽ ആന്തരിക പ്രതിരോധം വീണ്ടെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയുടെ യുവശ്രീ സംരംഭമായ ഐഫ്രത്തിന്റെയും ഡോ. കെ എസ് രജിതന്റെയും നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
മനുഷ്യന്റെ ആരോഗ്യം ഏറ്റവും കുറഞ്ഞ മാസമായ കർക്കിടകത്തിനെക്കുറിച്ചും പരമ്പരാഗത ആഹാരങ്ങളെക്കുറിച്ചും രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും കൈപുസ്തകത്തിൽ പ്രതിപാദിക്കുന്നു.
തിരക്കേറിയ ദൈനംദിന ജീവിതത്തിൽ ചിട്ടയായ ഭക്ഷണ ക്രമത്തിലൂടെയുള്ള ആരോഗ്യ സംരക്ഷണ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഈ പുസ്തകം ഉപകരപ്രദമാകും എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
പരമ്പാരാഗത അറിവുകളും ആയുർവേദ വിധികളും ആരോഗ്യകരമായ ഭക്ഷണക്രമങ്ങളും ഉൾകൊള്ളുന്നതാണ് അമൃതം കർക്കിടകം കൈപുസ്തകം.
കഴിഞ്ഞ നാല് വർഷത്തോളമായി കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ അമൃതം കർക്കിടകം എന്ന പേരിൽ ജില്ലയിലെ പഞ്ചായത്തുകളിൽ ഫെസ്റ്റ് വെൽ സംഘടിപ്പിച്ചിരുന്നു.
കൊവിഡ് 19 ന്റെ പശ്ചതലത്തിൽ ഫെസ്റ്റ് വലിന് പകരമായി ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സംരംഭങ്ങൾ കർക്കിടക വിഭവങ്ങൾ തയ്യാറാക്കും.
ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ താരം ജയരാജ് വാര്യർ മുഖ്യാഥിതിയായി. പി എ ഒ ഡെപ്യൂട്ടി ഡയറക്ടർ ജെഷി, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിർമ്മൽ, സി ഡി എസ് ചെയർ പേഴ്സൻ സുലോചന ഗോപിനാഥ്, പ്രെഫ കെ പി അജയ് കുമാർ, ഡോ രജിതൻ എന്നിവർ പങ്കെടുത്തു.