അനാഥരായ അമ്മയ്ക്കും മകനും തുണയായി സാമൂഹ്യക്ഷേമ വകുപ്പും കൊടുങ്ങല്ലൂർ എം എല്‍ എ വി ആർ സുനിൽകുമാറും.
മാള:
മാള പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ താമസിക്കുന്ന അനാഥരായ അമ്മയ്ക്കും മകനും സംരക്ഷണമൊരുക്കി സാമൂഹ്യ ക്ഷേമ വകുപ്പ്. ഇവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി കൂടെ നിന്നത് എം എല്‍ എ വി ആര്‍ സുനില്‍ കുമാറും. പ്ലാവിടപറമ്പില്‍ വീട്ടില്‍ 85 വയസുള്ള കോമളത്തിനും അവരുടെ മാനസികാസ്വാസ്ഥ്യമുള്ള 45 വയസുള്ള ഷാജി എന്ന മകനുമാണ് സഹായമെത്തിയത്. കഴിഞ്ഞ ദിവസം കോമളം വീട്ടില്‍ തലകറങ്ങി വീണു. ഇതിനെ തുടര്‍ന്ന് മാള സി എച്ച് സിയിലേക്ക് മാറ്റി. തളര്‍ന്ന അവസ്ഥയിലായ കോമളത്തിന് സഹായത്തിനായി മകന്‍ ഷാജി മാത്രമാണുള്ളത്. കോമളത്തിന്‍റെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് വിവരം എം എല്‍ എയെ അറിയിക്കുകയും എം എല്‍ എ ഇടപെട്ട് വിഷയം സാമൂഹ്യ ക്ഷേമ വകുപ്പിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോമള അമ്മയെ തുടര്‍ ചികിത്സക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കൂടെ നില്‍ക്കാന്‍ ആളില്ല എന്ന കാരണത്താല്‍ കോമളത്തിന്‍റെ ചികിത്സയ്ക്ക് ആദ്യം മെഡിക്കല്‍ കോളേജ് അധികൃതര്‍ തടസം പറഞ്ഞെങ്കിലും എം എല്‍ എയുടേയും സാമൂഹ്യ ക്ഷേമ വകുപ്പിന്‍റെയും ഇടപെടലിലൂടെ തടസങ്ങളെല്ലാം മാറുകയായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന ഷാജി ഇത്രയും നാള്‍ അമ്മയുടെ സംരക്ഷണത്തിലായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് കോമളത്തിന് വയ്യാതായതോടെ ഷാജിയെ നോക്കാനും ആരുമില്ല എന്ന സ്ഥിതിയാണ്. കോമളത്തിന്‍റെ ഭര്‍ത്താവ് കുഞ്ഞന്‍ മരിച്ചതിന് ശേഷം കോമളം വീട്ടുജോലിക്കും മറ്റും പോയാണ് വയ്യാത്ത മകനെ നോക്കിയിരുന്നത്. സ്വന്തം വീട്ടില്‍ സഹായത്തിനായി ആരും ഇല്ലാതെ ഒറ്റപ്പെട്ട് കഴിയുകയായിരുന്നു ഈ അമ്മയും മകനും. സംരക്ഷിക്കാന്‍ ആരുമില്ലാത്ത കോമള അമ്മക്കും മകന്‍ ഷാജിക്കും വേണ്ട ചികിത്സ സൗകര്യവും സംരക്ഷണവും ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്നും ആരോരുമില്ലാതെ ഒറ്റപ്പെട്ട് പോകുന്നവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കണമെന്നും വി ആര്‍ സുനില്‍ കുമാര്‍ എം എല്‍ എ പറഞ്ഞു.