അന്നം മുട്ടില്ല; കാക്കിയണിഞ്ഞവർ വളയം പിടിക്കുന്നുണ്ട്.

ലോക്ഡൗണിലും തടസ്സമില്ലാതെ അവശ്യസാധനങ്ങൾ എത്തിക്കുന്ന ചരക്ക് വാഹന ഡ്രൈവർമാർക്ക് അന്നമൊരുക്കാൻ മുൻകയ്യെടുത്ത് തൃശ്ശൂർ ജില്ലാ മോട്ടോർ വാഹന വകുപ്പ്.

തൃശൂർ:

ലോക്ഡൗൺ കാലത്ത് ഇടവേളകളില്ലാതെ ചരക്കുകൾ എത്തിയ്ക്കുന്ന ചരക്ക് വാഹന ഡ്രൈവർമാർക്ക് പാലിയേക്കര ടോൾ പ്ലാസയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ന് ഉച്ചഭക്ഷണം നൽകി. തൃശൂർ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബിജു ജെയിംസിൻ്റെ നിർദേശാനുസരണമാണ് തീരുമാനം.

ഐ സി എൽ ഫിൻകോർപ്പിൻ്റെ സഹകരണത്തോടെയാണ് ഉച്ചഭക്ഷണം നൽകിയത്. ഇത് കൂടാതെ ലോക്ഡൗൺ ആരംഭം മുതൽ ചരക്ക് വാഹന ഡ്രൈവർമാർക്ക് പാലക്കാട് ചെക്ക് പോസ്റ്റിൽ ഭക്ഷണം ലഭ്യമാക്കുന്നുമുണ്ട്. ലോക്ഡൗൺ സമയങ്ങളിൽ ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുന്ന ഇവർക്ക് ആദരസൂചകമായാണ് മോട്ടോർ വാഹന വകുപ്പ് ഭക്ഷണം നൽകുന്നത്. രോഗവ്യാപനം നിലനിൽക്കുമ്പോഴും കൊവിഡ് പ്രതിസന്ധികളെ തരണം ചെയ്ത് വളയം പിടിക്കുകയാണ് ഇവർ. ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോഴും വ്യവസായ സ്ഥാപനങ്ങൾ അടച്ച് പൂട്ടുമ്പോഴും അവശ്യസാധനങ്ങൾ തടസമില്ലാതെ ലഭ്യമാക്കുന്നതിൽ വലിയ പങ്കും കാക്കിയണിഞ്ഞ് വളയം പിടിച്ചവർക്കാണ്.

തമിഴ്നാട് ഉൾപ്പെടെ കർണാടക, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് വാഹന ഡ്രൈവർമാരുടെ സേവനമാണ് കേരളത്തിന് തുണയാവുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് ദൗർലഭ്യമില്ലെങ്കിലും കൃത്യ സമയങ്ങളിൽ അവ ലഭ്യമാക്കുന്നിടത്താണ് ചരക്ക് വാഹകർ നാടിന് തുണയാകുന്നത്. അരി, ഗോതമ്പ്, പഴവർഗങ്ങൾ, പച്ചക്കറി തുടങ്ങിയ അവശ്യസാധനകൾ ഉൾപ്പെടെ കൊറിയർ സർവ്വീസുകൾക്ക് പോലും പ്രവർത്തനസജ്ജരാണ് ഇവർ. യാത്രാ സമയങ്ങളിൽ ഭക്ഷണം പോലും ലഭിക്കാൻ സാധ്യതയില്ലെന്ന് അറിഞ്ഞിട്ടും സേവന നിരതരായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന് തന്നെ മാതൃകയായതിനാൽ ചരക്കുമായി എത്തുന്ന അന്യ - സംസ്ഥാന ചരക്ക് വാഹന തൊഴിലാളികൾ യാതൊരു ആശങ്കയും കൂടാതെയാണ് കേരളത്തിലേയ്ക്ക് എത്തുന്നത്. ഇവിടെയാണ് തൃശൂർ ജില്ലാ മോട്ടോർ വാഹന വകുപ്പ് ഇത്തരത്തിൽ ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Related Posts