അപ്പുറവും ഇപ്പുറവും

കേരള ഇലക്ഷൻ 2021

" തിരഞ്ഞെടുപ്പ് " ഒരു ജനാതിപത്യ സമൂഹത്തിന്റെ നിലനില്പിനാധാരമായ അടിസ്ഥാന പരീക്ഷണം നടക്കുന്ന വേദി.

പൊതു ബോധത്തിന്റെ, ചില ബോധ്യങ്ങളുടെ, നിലപാടുകളുടെ, ബന്ധങ്ങളുടെ, വിശ്വാസത്തിന്റെ തുടങ്ങി നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ജനത അവരുടെ ഭരണാധികാരികളെ തെരഞ്ഞെടുക്കുന്ന ജനാതിപത്യ ഉത്സവം.

രാഷ്ട്രീയ നിലപാടുകളുടെ ഏറ്റുമുട്ടൽ ആയിരുന്നു കേരള സംസ്ഥാന രൂപീകരണത്തിന് ശേഷമുള്ള ഓരോ ഇലക്ഷനും പാർട്ടി എന്നനിലയിൽ കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റ് പാർട്ടിയും നേരിട്ടുള്ള അങ്കം നടന്നിരുന്ന ഒരു തിരഞ്ഞെടുപ്പ് ചിത്രം.

ചില പ്രാദേശിക പാർട്ടികളുടെ ചില മേഖലകളിലെ സ്വാധീനം മുന്നണി സംവിധാനം എന്ന ആശയത്തിലേക്ക് കേരളത്തെയും എത്തിച്ചു. അങ്ങിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഐക്യ ജനാധിപത്യ മുന്നണി എന്നീ സംവിധാനങ്ങൾ തമ്മിലുള്ള മത്സരമായിരുന്നു ഒന്നര ദശാബ്ദം മുൻപ് വരെ.

ബി ജെ പി എന്ന രാഷ്ട്രീയ പ്രസ്ഥാനം ചുവടുറപ്പിക്കാൻ വളരെ കാലമെടുത്തു കേരളത്തിൽ. പ്രധാന സവിശേഷത ഭൂരിഭാഗം ഇലക്ഷനിലും മാറി മാറി ഇടത് വലത് മുന്നണികളെ അധികാരത്തിൽ എത്തിച്ചിരുന്ന ഒരു തീരുമാനം ആണ് കേരള ജനത എടുത്തിരുന്നത് എന്നതാണ്.

ബി ജെ പി യും മുന്നണി സംവിധാനത്തിലേക്ക് വന്നതും ദേശിയ രാഷ്ട്രീയത്തിൽ ബി ജെ പി ക്ക് മേൽക്കോയ്മ ലഭിക്കുന്ന സാഹചര്യം കൂടി ആയപ്പോൾ ദേശിയ ജനാതിപത്യ സഖ്യവും കേരളത്തിലെ അവഗണിക്കാൻ കഴിയാത്ത സാന്നിദ്ധ്യമായി, ഇപ്പോൾ നിരവധി മണ്ഡലങ്ങളിൽ ത്രികോണ മത്സരം നടക്കുന്നു എന്ന പ്രത്യേകതയും കാണാം. വളരെ ചുരുക്കി ഇത്രയും കാര്യങ്ങൾ പരാമർശിച്ചു എന്നുള്ളു.

ഇനി കാര്യത്തിലേക്ക് വരാം.

സ്വാഭാവികമായും ഒരു ഇലക്ഷൻ കഴിയുമ്പോൾ എന്തുകൊണ്ട് അങ്ങിനെ എന്ന ചോദ്യം ഒരുപാട് നാം കേൾക്കും നമ്മോടു തന്നെ നാം ചോദിക്കും ചിലതിനു നമുക്ക് തൃപ്തി ആകുന്ന ഉത്തരങ്ങൾ കണ്ടെത്താൻ കഴിയില്ല എന്ന പരിമിതി എല്ലാത്തിലും ഉണ്ടാകും.

ചതുരംഗ പലകയിൽ സമർത്ഥമായി കരുക്കൾ നീക്കുന്നവർ ജയിക്കുന്നത് സ്വാഭാവികമായ പരിണാമം. അതിൽ ആസൂത്രണത്തിനു വലിയ പ്രാധാന്യം ഉണ്ട്. ആസൂത്രണം ചെയ്ത പാതയിലേക്ക് എതിരാളികളെ കൊണ്ടെത്തിക്കാനുള്ള മിടുക്ക് അതാണല്ലോ കരുനീക്കം.

എന്നാൽ ചില മിടുക്കന്മാരായ എതിരാളികൾ വരുമ്പോൾ ആസൂത്രണത്തിൽ ചില വീഴ്ചകൾ കാണാൻ കഴിയും പക്ഷെ ആ വീഴ്ച്ച പരിഹരിക്കാനുള്ള വഴി വളരെ പെട്ടന്ന് കണ്ടെത്തുന്ന ക്രൈസിസ് മാനേജ്‌മെന്റ് വൈദഗ്ധ്യം കൂടി ഉണ്ടായാൽ വിജയത്തിലേക്ക് അടുക്കുന്നതിന് സമാനമായി രാഷ്ട്രീയത്തിലെ കരുനീക്കവും വളരെ ശ്രദ്ധിച്ചു തന്നെ വേണ്ടതാണെന്നുള്ളത് നമുക്ക് അറിയാം.

ചതുരംഗത്തിൽ നിന്ന് വ്യത്യസ്ഥമായി ടീമിന്റെ ആസൂത്രണത്തിലൂടെ ഉരുത്തിരിയുന്ന തന്ത്രങ്ങൾ നടപ്പിലാക്കാനായി ഒരു കൂട്ടം ആളുകളുടെ ഏകോപനം കൂടി അധികമായി വരുന്നുണ്ട്. പ്രാഥമികമായി ഇടതുപക്ഷം ഈ പ്രക്രിയയിൽ ബഹുദൂരം മുന്നിലായിരുന്നു .

ഇന്നത്തെ കാലഘട്ടത്തിൽ പരമ്പരാഗത രീതികൾക്കൊപ്പം സാങ്കേതിക മേന്മ കൂടി ഉണ്ടങ്കിലേ ജനങ്ങളിലെ വിശ്വാസത്തെ നേടാനും തങ്ങളിലേക്ക് അടുപ്പിക്കാനും പറ്റു എന്നുള്ള തിരിച്ചറിവ് വെച്ച് തന്നെ എല്ലാ മുന്നണികളും പൊരുതിയെങ്കിലും ആകെയുള്ള ക്രോഡീകരണത്തിൽ ശാസ്ത്രീയമായി കൃത്യതയോടെ നവ മാധ്യമങ്ങൾ ഉപയോഗിച്ചതും, സ്ട്രാറ്റജി പ്ലാൻ ചെയ്തതും ഇടതു മുന്നണി തന്നെ ആണന്നു നിസംശയം പറയാം. അവർ വിജയിച്ചത് കൊണ്ട് വളരെ ലളിതമായി ഇങ്ങിനെ പറഞ്ഞു പോകുകയാണ് എന്ന് കരുതരുത്.

3 മുന്നണികൾ വരുമ്പോൾ ആര് മേൽകൈ നേടും എന്നുള്ളത് സ്വാഭാവികമായും മറ്റു രണ്ടു മുന്നണികളിലേക്ക് വോട്ട് ഭിന്നിപ്പിക്കാനുള്ള തന്ത്രം ആരുടെ വിജയിക്കുന്നു എന്നുള്ളത് ഒരു കാരണം ആയി വരുന്നു, കൂടാതെ ഓരോ മുന്നണിയുടെയും മേന്മ, വീഴ്ചകൾ ഇതൊക്കെ വിലയിരുത്തി ലഭിക്കുന്ന വോട്ട്, രാഷ്ട്രീയമായി ഉറച്ച വോട്ട്, നിലപാടുകൾ ജനങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനം അങ്ങിനെ നിരവധി ഘടകങ്ങൾ വിജയിയെ നിശ്ചയിക്കുന്നു. ഇതൊക്കെ ആണെങ്കിലും വോട്ടു രേഖപ്പെടുത്തുന്നതിൽ പാർട്ടിയോടുള്ള അമിത ആഭിമുഖ്യം ഇല്ലാത്തവരുടെയും, നിക്ഷ്പക്ഷരായവരുടെയും വോട്ടുകൾ തന്നെ ആണ് വിജയത്തിൽ നിര്ണായകമാവുന്നത്.

ഇവരുടെ വിശ്വാസം എങ്ങിനെ നേടാം എന്നതിൽ ആണ് ശരിക്കും ബലപരീക്ഷണം നടക്കുന്നത്. അവിടെ ആണ് ഇന്നത്തെ കാലത്ത് സൃഷ്ടിപരമായും, സാങ്കേതിക തികവോടെയും വിഷയങ്ങൾ അവതരിപ്പിക്കുക എന്നത് പ്രസക്തമാവുന്നത്. അത് തയ്യാറാക്കുന്ന പ്രചരണ വാചകം മുതൽ ഡിസൈൻ ചെയ്യുന്ന രീതി, ജനങ്ങളിൽ എത്തിക്കേണ്ട മാർഗങ്ങൾ എന്നിവക്ക് വളരെ പ്രാധാന്യമാണ്‌ ഉള്ളത്. സോഷ്യൽ മീഡിയ സജീവമായി ഉള്ളതിനാൽ ഇന്നത്തെ കാലഘട്ടത്തിൽ വളരെ ഉണർന്നു പ്രവർത്തിക്കുന്ന ഒരു മാനേജ്‌മന്റ് ടീമും, കണ്ടന്റ് കൃത്യമായി എത്തിക്കാനുള്ള സംവിധാനവും എല്ലാം ഇടതു പക്ഷത്തിന്റേത് മികച്ചു നിന്നു. കാലഘട്ടത്തിനു അനുസരിച്ചുള്ള ഡിസൈനിങ് മികവിലും ഇടതുപക്ഷം മുന്നിലായിരുന്നു. ഇതിനൊക്കെ അപ്പുറം മികച്ച സംഘടനാ സംവിധാനം, താഴെ തട്ടിലുള്ള എല്ലാ വയസിലുമുള്ള ഗ്രൂപ്പുകളെ സ്വാധിനിക്കുന്ന ഇടപെടലുകൾ ഇതിലെല്ലാം മികവ് പുലർത്തി.

തന്ത്രപരമായ സമീപനങ്ങളും തിരഞ്ഞെടുപ്പിൽ വളരെ നിർണായകമാകാറുണ്ട്.

ഭരണപക്ഷത്തെ സംബന്ധിച്ച് ഇതിൽ വളരെ പ്രധാനപെട്ടതാണ് തങ്ങളുടെ മേന്മയേറിയ പ്രവർത്തനങ്ങൾ ജനങ്ങളെ സ്വാധിനിക്കുന്ന രീതിയിൽ അവതരിപ്പിക്കുക എന്നത്, അത് കൃത്യമായി നടപ്പിലാക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞു. പിന്നെ വരുന്ന ആരോപണങ്ങളെ നേരിടുന്ന രീതിയും ഘടകമാകുന്നു, എന്നാൽ ആരോപണങ്ങൾ നേരിട്ടപ്പോൾ കൃത്യമായ നടപടികൾ സ്വീകരിക്കുന്നതിൽ കാലതാമസം വരുത്തിയെങ്കിലും അതിനപ്പുറത്ത് ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കാനുള്ള തന്ത്രങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തിരുന്നു. ജനോപകാര പദ്ധതികളുടെ ആസൂത്രണ മികവും നടപ്പിലാക്കലിലെ പ്രൊഫഷണൽ സമീപനവും ആരോപണങ്ങൾ മൂലമുള്ള വോട്ട് ചോർച്ച തടയുന്നതിന് അവർക്ക് തുണയായി.

വളരെ ശ്രദ്ധേയമായ വിഷയമായിരുന്നു ശബരിമല സംബന്ധിച്ചുണ്ടായ വിഷയങ്ങൾ, അതിലൂടെ ചെറിയ ശതമാനം വോട്ടുകൾ ഭിന്നിപ്പിക്കാനും, കുറച്ചു മറ്റു വോട്ടുകൾ കൂടെ നിർത്താനും അവർക്ക് സാധിച്ചു എന്നാണ് വിലയിരുത്താൻ കഴിയുന്നത്. അതെ സമയം യു ഡി എഫ് നേമത്ത് നടത്തിയ പരീക്ഷണം അംമ്പേ പരാജയപെട്ടതായും കാണാം ആ പരീക്ഷണം വിവിധ മണ്ഡലങ്ങളിൽ വിജയത്തെ ബാധിച്ചു എന്നും ഫലങ്ങൾ പരിശോധിക്കുമ്പോൾ മനസ്സിലാക്കാനും കഴിയും. എന്തായാലും തിരഞ്ഞെടുപ്പ് ജയിക്കുക എന്നത് മിടുക്കന്മാർക്കേ കഴിയു കാരണം തങ്ങളുടെ വിജയത്തിന് അനിവാര്യമായ വോട്ടുകൾ ഉറപ്പിക്കുക എന്നത് മാത്രമെല്ല എതിർ പാളയത്തിലെ വോട്ടുകൾ കുറക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുക എന്നത് കൂടി വളരെ പ്രധാനമാണ്. വ്യക്തിപരമായ മികവും ചിലയിടങ്ങളിൽ തുണയാകും എന്നതൊഴിച്ചാൽ ആസൂത്രണത്തിലെ മികവും വേഗവും തന്നെ ആയിരിക്കും പൊതു വിധി നിശ്ചയിക്കുക എന്നതിൽ സംശയം ഇല്ല. അതിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യമുന്നണി ബഹുദൂരം മുന്നിലായിരുന്നു.

വിജയിച്ച എല്ലാവർക്കും ടീം തൃശൂർ ടൈംസിന്റെ ആശംസകൾ. മുന്നണികൾ എല്ലാം അധികാര രാഷ്ട്രീയത്തിനപ്പുറം ജനനന്മക്കും വികസനത്തിനും വേണ്ടി പ്രവർത്തിച്ചു ജനമനസ്സിൽ ഇടം നേടുക . ആ ഇഴയടുപ്പം ഉണ്ടങ്കിലേ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകു എന്ന പ്രാഥമിക കാര്യം മനസ്സിൽ വെച്ച് എല്ലാ മുന്നണികളും പ്രവർത്തിക്കുമെന്നു കരുതാം .

Related Posts