കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി വിവിധ ഘട്ടങ്ങളിലായി ആധുനീക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുക.
അരിമ്പൂർ ഗവ. യു പി സ്കൂളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കും.

അരിമ്പൂർ:
കേരള സർക്കാർ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി അനുവദിച്ച ഒരു കോടി രൂപ ചിലവഴിച്ച് അരിമ്പൂർ ഗവ. യു പി സ്കൂളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. നാലായിരം സ്ക്വയർ ഫിറ്റിലുള്ള ഇരുനില കെട്ടിടത്തിൽ ആറ് ഹൈടക്ക് ക്ലാസ് മുറികളാണ് നിർമ്മിക്കുക. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബുധനാഴ്ച 11 മണിക്ക് മുരളി പെരുനെല്ലി എം എൽ എ നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒന്നേകാൽ ഏക്കറിലായി ചിതറി കിടക്കുന്ന കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി വിവിധ ഘട്ടങ്ങളിലായി ആധുനീക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുക. 160 കുട്ടികളിൽ നിന്ന് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 300 ഓളം വിദ്യാർത്ഥികളാണ് വർദ്ധിച്ചത്. ഘട്ടം ഘട്ടമായി സയൻസ് സെൻ്റർ, ലൈബ്രറി സമുച്ചയം, മൾട്ടി പർപ്പസ് ഹാൾ, ഗ്രൗണ്ട്, മൾട്ടിമീഡിയ ക്ലാസ് റൂം, എന്നി സൗകര്യങ്ങൾ ഒരുക്കാനുള്ള ആസൂത്രണങ്ങൾ നടക്കുന്നതായും ഭാരവാഹികൾ പറഞ്ഞു. കൊവിഡ് പ്രൊട്ടോകോൾ അനുസരിച്ചാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നാട്ടുക്കാർക്കും തൽസമയം കാണുന്നതിനുള്ള ഓൺലൈൻ സൗകര്യമൊരുക്കിയിട്ടുണ്ട്. അരിമ്പൂർ പഞ്ചായത്തിലെ109 വർഷത്തെ പഴക്കമുള്ള ഏക വിദ്യാലയമാണ് അരിമ്പൂർ ഗവ. യു പി സ്കൂൾ.