അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി.

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി.

സാന്റിയാഗോ:

ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ അർജന്റീനയെ സമനിലയിൽ കുരുക്കി ചിലി (1-1). അഞ്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പതിനൊന്ന് പോയിന്റുമായി രണ്ടാമതാണ് അർജന്റീന. നാലു കളികളിൽ നിന്ന് പതിനൊന്ന് പോയിന്റുണ്ട് ഒന്നാം സ്ഥാനക്കാരായ ബ്രസീലിന്. ഇതോടെ ലാറ്റിനമേരിക്കൻ മേഖലാ യോഗ്യതാ റൗണ്ടിൽ ബ്രസീലിനെ മറികടന്ന് ഒന്നാമതെത്താനുള്ള അർജന്റീനയുടെ മോഹത്തിന് തിരിച്ചടിയേറ്റു. അഞ്ച് മത്സരങ്ങളിൽ ഒന്ന് മാത്രം ജയിച്ച ചിലി അഞ്ച് പോയിന്റുമായി ആറാമതാണ്.

ഇരുപത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലയണൽ മെസ്സിയാണ് അർജന്റീനയെ ആദ്യം മുന്നിലെത്തിച്ചത്. ലൗട്ടരോ മാർട്ടിനെസിനെ ഫൗൾ ചെയ്തതിന് കിട്ടിയ പെനാൽറ്റിയാണ് മെസ്സി വലയിലെത്തിച്ചത്. വാറിന്റെ തുണയോടെയാണ് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. മുപ്പത്തിയാറാം മിനിറ്റിൽ അലക്സിസ് സാഞ്ചസ് ചിലിയെ ഒപ്പമെത്തിച്ചു. ഗാരി മെഡലിന്റെ ഫ്രീകിക്കിൽ നിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേയ്ക്ക് ചെത്തിയിടുകയായിരുന്നു സാഞ്ചസ്.

Related Posts