ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം കൊടുങ്ങല്ലൂരിൽ.
ആദ്യ ക്ഷേത്ര മ്യൂസിയം കൊടുങ്ങല്ലൂരിൽ.
കൊടുങ്ങല്ലൂർ:
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രങ്കണത്തിലാണ് ദക്ഷിണേന്ത്യയിലെ ആദ്യ ക്ഷേത്ര മ്യൂസിയം ഉയരുന്നത്. കൊച്ചിൻ ദേവസ്വത്തിന്റെ കീഴിലുള്ള ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കച്ചേരിപ്പുരയാണ് ക്ഷേത്ര മ്യൂസിയമായി മാറുന്നത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി 3.23 കോടി രൂപ ചെലവഴിച്ചാണ് മ്യൂസിയം നിർമിക്കുന്നത്. 2016 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമിക്കുന്നതിനുള്ള നടപടി ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ കോവിഡ് വ്യാപനത്തോടെ പാതിവഴിയിൽ നിലച്ചിരിക്കുകയായിരുന്നു. ദക്ഷിണേന്ത്യയിലെ പ്രമുഖ ക്ഷേത്രങ്ങളുടെ ചരിത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും മറ്റും ഉൾപ്പെടുത്തിയാണ് മ്യൂസിയം നിർമിക്കുക. ക്ഷേത്രത്തിലെ കച്ചേരിപ്പുരയുടെ തനിമ നിലനിർത്തി കേരളീയവാസ്‌തുശിൽപ്പകലാ മാതൃകയിലാണ് മ്യൂസിയം നിർമാണം. പുരാതന ക്ഷേത്രങ്ങളിലെ ആരാധനാക്രമങ്ങളും ഐതിഹ്യങ്ങളും ചിത്രങ്ങളുമെല്ലാം ഡിജിറ്റൽ സംവിധാനത്തോടെ പ്രദർശിപ്പിക്കും. ക്ഷേത്രകലകളെക്കുറിച്ചറിയാൻ പ്രത്യേക സംവിധാനവും ഉണ്ടാകും. കൊടുങ്ങല്ലൂർ ക്ഷേത്രചരിത്രം, ഭരണി ഉത്സവം, താലപ്പൊലി, ഓഡിയോ വിഷ്വൽ റൂം, കഥപറയുന്ന ഗ്യാലറി തുടങ്ങി പുരാതനക്ഷേത്രങ്ങളെക്കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമുള്ള സൗകര്യങ്ങളും മ്യൂസിയത്തിലുണ്ടാകും. മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ള രേഖകളുടെ ഡാറ്റാശേഖരണവും വീഡിയോ ചിത്രീകരണവുമെല്ലാം പുരോഗമിക്കുകയാണ്. മ്യൂസിയം നിർമാണം ഉടൻ ആരംഭിക്കും.