ആരോഗ്യത്തിലേക്ക് ഒരു സൈക്കിൾ സവാരി; ഇത് 'ശ്രീകുമാർ ചലഞ്ച്'.

പുത്തൻചിറ:

കൊവിഡ് കാലത്ത് ആരോഗ്യത്തിലേക്ക് ഒരു സൈക്കിൾ സവാരി നടത്തുകയാണ് ഒരു ആരോഗ്യപ്രവർത്തകൻ. പുത്തൻചിറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനായ ശ്രീകുമാറാണ് കൊവിഡ് കാലം ആരോഗ്യകരമാക്കാൻ സൈക്കിളിൽ സഞ്ചരിച്ച് ജോലിക്കെത്തുന്നത്. സൈക്കിൾ സവാരിയിലൂടെ സ്വയസുരക്ഷ ഒരുക്കുവാനും ഇതുവഴി സാധിക്കുമെന്ന് ശ്രീകുമാർ പറയുന്നു. അത്തരത്തിൽ ഒരു വർഷത്തോളമായി പൊതുസമ്പർക്കം ഒഴിവാക്കിയാണ് ശ്രീകുമാർ  ജോലിക്കെത്തുന്നത്. 

കഴിഞ്ഞ നാല് വർഷമായി പുത്തൻചിറ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ് ശ്രീകുമാർ. കൊവിഡ് തുടങ്ങിയത് മുതൽ സൈക്കിളിലാണ് നാൽപ്പതുകാരനായ ശ്രീകുമാറിന്റെ യാത്ര. ദിവസവും 30 കിലോമീറ്ററാണ് ശ്രീകുമാർ സൈക്കിളിൽ സഞ്ചരിക്കുന്നത്. രാവിലെ 7.30ന് കുഴൂർ പഞ്ചായത്തിലെ  ഐരാണിക്കുളത്തെ വീട്ടിൽ നിന്നും സൈക്കിൾ ചവിട്ടി 9 മണിയോടെ പുത്തൻചിറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തും. ഒന്നര മണിക്കൂർ നേരത്തെ വ്യായാമം. ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചുള്ള യാത്രയും സൈക്കിളിൽ തന്നെ. നേരത്തെ ബസിലായിരുന്നു യാത്ര. പിന്നീട്‌ ബൈക്കിലായി. എന്നാൽ കൊവിഡ് പ്രശ്നങ്ങൾ തുടങ്ങിയത് മൂലം സൈക്കിളിൽ ജോലിക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. 

കഴിഞ്ഞ ഒന്നര വർഷമായി ശ്രീകുമാർ ഈ സൈക്കിൾ യാത്ര തുടരുകയാണ്. ശ്രീകുമാറിന്റെ സൈക്കിൾ ചലഞ്ച് സഹപ്രവർത്തകർ കൂടി ഏറ്റെടുത്തതോടെ കാര്യങ്ങൾ ഉഷാറായി. സാമൂഹികാരോഗ്യകേന്ദ്രത്തിലെ ലാബ് ടെക്‌നീഷ്യന്മാരായ ഡെൽഫിയും രഞ്ജിതയും കൂടെ ശ്രീകുമാറിന്റെ സൈക്കിൾ ചലഞ്ചിന് ഇപ്പോൾ കൂട്ടായുണ്ട്. "സൈക്കിൾ ഒരു അഡിക്റ്റായി മാറി എന്നുള്ളതാണ് സത്യം. ഒരു വേറിട്ട രീതി എന്ന നിലയിൽ തുടങ്ങിയതാണെങ്കിലും ഇന്ന് ഇതിന്റെ മഹത്വവും ശാരീരികസുഖവും എന്തെന്ന് തിരിച്ചറിയുന്നു"വെന്ന് ശ്രീകുമാർ.

ഇന്ധന വിലയ്ക്ക് എതിരെയുള്ള പ്രതിഷേധം കൂടിയാക്കി തന്റെ സൈക്കിൾ യാത്രയെ മാറ്റിയെടുത്തിരിക്കുകയാണ് ശ്രീകുമാർ. ഇതിനായി സഹപ്രവർത്തകരെ അണിചേർത്ത് സീറോ ഫ്യുവൽ ചലഞ്ച് എന്ന പേരിൽ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് തുടങ്ങി. ഇതുവഴി ആരോഗ്യകേന്ദ്രത്തിലെ കീഴ് ജീവനക്കാർ മുതൽ മേലുദ്യോഗസ്ഥരെ വരെ സൈക്കിൾ ചലഞ്ചിലേക്ക് ആകർഷിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. സമൂഹത്തിന്റെയും തന്റെയും സുരക്ഷ കണക്കിലെടുത്ത് ആരംഭിച്ചതാണെങ്കിലും ഈ ശ്രീകുമാർ ചലഞ്ച് ഏവർക്കും മാതൃകാപരമാണ്. 

Related Posts