ആരോഗ്യ മിത്ര പദ്ധതിയുമായി എളവള്ളി ഗ്രാമപഞ്ചായത്ത്.

എളവള്ളി:

എളവള്ളി ഗ്രാമ പഞ്ചായത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ മിത്ര പദ്ധതി ആരംഭിച്ചു. കൊവിഡ് ബാധിതര്‍ക്ക് പോഷകാഹാരം ലഭ്യമാക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എല്‍ എ നിര്‍വ്വഹിച്ചു. ജൂണ്‍ ഒന്നിനു ശേഷം കൊവിഡ് ബാധിതരായവരുടെ കുടുംബങ്ങളാണ് ആരോഗ്യ മിത്ര പദ്ധതിയില്‍ ഗുണഭോക്താക്കളാവുന്നത്.

ഒരു ലിറ്റര്‍ മില്‍മ പാല്‍, പത്ത് നാടന്‍ കോഴിമുട്ട, അര കിലോ നെല്ലിക്ക, ഔഷധിയുടെ കഞ്ഞിക്കൂട്ട്, അര കിലോ ജൈവ തവളക്കണ്ണന്‍ അരി, ഒരു കിലോ ചെങ്ങാലിക്കോടന്‍ നേന്ത്രപ്പഴം, അര കിലോ അമൃതം പോഷകാഹാര പൊടി എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ പതിനാറ് വാര്‍ഡുകളിലുമുള്ള ഗുണഭോക്താക്കള്‍ക്ക് ആര്‍ ആര്‍ ടി അംഗങ്ങള്‍ മുഖേന കിറ്റ് വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് അധ്യക്ഷനായ ചടങ്ങില്‍ ജനപ്രതിനിധികളായ ബിന്ദു പ്രദീപ്, കെ ഡി വിഷ്ണു, ടി സി മോഹനന്‍, എന്‍ ബി ജയ, ലിസി വര്‍ഗീസ്, രാജി മണികണ്ഠന്‍, എളവള്ളി പഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍ എന്നിവര്‍ സംസാരിച്ചു.

Related Posts