ആശങ്ക വേണ്ട ഞങ്ങളുണ്ട് 'കൂടെ'; വടക്കാഞ്ചേരി നഗരസഭ.

മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനസിക പിന്തുണയ്ക്കും 'കൂടെ'കോൾ സെൻ്റർ.

വടക്കാഞ്ചേരി:

വൈറസ് മൂലം ഉണ്ടാകുന്ന ആഘാതങ്ങളെക്കാൾ കൊവിഡ് ബാധിതർക്ക് പലപ്പോഴും വെല്ലുവിളിയാകുന്നത് ഭയവും ആശങ്കകളുമാണ്. ഇത് മറികടക്കാനായി കൊവിഡ് രോഗബാധിതരായി ക്വാറൻ്റൈനിൽ കഴിയുന്നവർക്ക് ആവശ്യങ്ങളും ആശങ്കകളും അറിയിക്കാൻ 'കൂടെ' എന്ന ആശയവിനിമയ സംവിധാനം ഒരുക്കിയിരിക്കുകയാണ് വടക്കാഞ്ചേരി നഗരസഭ.

കൊവിഡ് രോഗികളുടെ ഫോൺ വിളികൾ സ്വീകരിക്കാനും ആവശ്യങ്ങൾ എത്തിച്ചു നൽകുവാനും കോൾ സെൻ്ററിൽ സംവിധാനമുണ്ട്. ഇതിലൂടെ കൊവിഡ് രോഗികളുടെ ആശങ്കകൾ വലിയ തോതിൽ അകറ്റാൻ സാധിക്കുന്നുണ്ട്. മെയ്‌ 5ന് നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച കോൾ സെൻ്റർ 24 മണിക്കൂറും പ്രവർത്തന സജ്ജമാണ്.

ഓരോ കൊവിഡ് ബാധിതനെയും കോൾ സെൻ്ററിൽ നിന്നും ഫോൺ മുഖേന കൃത്യമായ ഇടവേളകളിൽ ബന്ധപ്പെടുന്നു. ഇതിനിടയിൽ തന്നെ ഇങ്ങോട്ട് വരുന്ന കോളുകൾ സ്വീകരിക്കുന്നു. ക്ഷേമവിവരങ്ങളും ആവശ്യങ്ങളും ആരോഗ്യവിവരങ്ങളും കൃത്യമായി രേഖപ്പെടുത്തുന്നു. ഈ വിവരങ്ങൾ അനുസരിച്ച്‌ അടിയന്തരമായി പരിചരണം ആവശ്യമുള്ള രോഗികൾക്ക് ആരോഗ്യ പ്രവർത്തകരുടെ സഹായം ലഭ്യമാക്കുന്നു. രോഗികളുടെ ആവശ്യങ്ങൾ മുൻഗണനാ ക്രമത്തിൽ രേഖപ്പെടുത്തി റാപ്പിഡ് റെസ്പോൺസ് ടീമിന്റെ കോർഡിനേറ്റർക്ക് കൈമാറുന്നു.

വാർഡ്തലത്തിൽ രൂപീകരിച്ചിട്ടുള്ള റാപ്പിഡ് റെസ്‌പോൺസ് ടീം എത്രയും വേഗം രോഗികൾക്ക് സഹായം എത്തിക്കും. കൊവിഡ് രോഗികളോടും റാപ്പിഡ് റെസ്പോൺസ് ടീം കോർഡിനേറ്റർമാരോടും കോൾസെന്റർ അംഗങ്ങൾ നിരന്തരം സംവദിക്കും.

രോഗങ്ങൾ മനസ്സിന് ഏല്പിക്കുന്ന പ്രഹരങ്ങൾക്ക് ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ ശേഷിയുണ്ട്. ഇതിൽ നിന്നും കൊവിഡ് രോഗികളെ രക്ഷിക്കാൻ ആവശ്യമായ കൗൺസിലിങും ഈ കോൾ സെന്റർ വഴി നൽകുന്നു എന്നതാണ് ആകർഷകമായ മറ്റൊരു കാര്യം.

മരുന്ന്, ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനസിക പിന്തുണയ്ക്കും 'കൂടെ'കോൾ സെൻ്റർ പ്രാധാന്യം നൽകുന്നുണ്ട്.

ഓരോ വാർഡിലെയും റാപ്പിഡ് റെസ്പോൺസ് ടീമിന്റെ ഏകോപനത്തിന് ഓരോ നഗരസഭാ ജീവനക്കാരനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

'കൂടെ' കോൾ സെന്റർ ഒരു മാസത്തോളമായി വടക്കാഞ്ചേരിയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ നഗരസഭ പരിധിക്കുള്ളിൽ കൊവിഡ് പോസിറ്റീവായ 1503 പേരെ ബന്ധപ്പെട്ട് രോഗവിവരങ്ങളും മറ്റു ക്ഷേമ വിവരങ്ങളും അന്വേഷിച്ച്‌ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിച്ചു. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 41 ഡിവിഷനുകളിലായി കൊവിഡ് പോസിറ്റീവായ എല്ലാ കുടുംബങ്ങളിലേയും ഭഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തി. കൂടാതെ അവശ്യമരുന്നുകൾ എത്തിച്ചു നൽകുകയും കൊവിഡ് ബാധിതരുടെ വീടുകളുടെ പരിസരങ്ങൾ ശുചീകരിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു. മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക് ടെലി കൗൺസിലിങ് സേവനവും 'കൂടെ' വഴി നൽകിയിട്ടുണ്ട്. 0488 4232252 എന്ന നമ്പറിൽ കൊവിഡ് രോഗികൾക്ക് കോൾ സെന്ററിലേക്ക് വിളിക്കാം.

Related Posts