ഭക്തിയുടെ നിറവിൽ ഇന്ന് മഹാശിവരാത്രി

ശിവരാത്രി എന്നാൽ 'ശിവന്റെ രാത്രി' എന്നും മഹാ എന്നാൽ സംസ്കൃതത്തിൽ മഹത്തായെന്നും അർത്ഥമാക്കുന്നു. ശിവന്റെ മഹത്തായതുമായ രാത്രിയാണ് മഹാ ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.

maha_shivratri-sixteen_nine.jpg

സർവ്വശക്തന്റെ സംഹാരരൂപമാണ് ശിവൻ. സൃഷ്ടി, സംഹാരം, വിനോദം എന്നിവയുടെ ചക്രം എല്ലായ്പ്പോഴും ഒരു വൃത്തത്തിലായതിനാൽ, ശിവന്റെ പ്രാഥമിക ഉത്തരവാദിത്തം ജീവിതചക്രം നിലനിർത്തുക എന്നതാണ്. ശിവരാത്രി ദിവസം വ്രതം അനുഷ്ഠിക്കുന്നതും ഉറക്കമിളച്ച് ശിവഭജനം നടത്തുന്നതും ഏറെ പുണ്യദായകമാണ്. പ്രപഞ്ചനാഥനായ ശിവന്റെ അനുഗ്രഹം ഇതിലൂടെ ഉണ്ടാകും എന്ന് പുരാണങ്ങളും ഇതിഹാസങ്ങളുമെല്ലാം പറയുന്നു.

ഇന്ത്യ, നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഹിന്ദുക്കളും ലോകമെമ്പാടുമുള്ള ഹിന്ദുക്കളും ആഘോഷിക്കുന്ന ഒരു ഹിന്ദു മതപരമായ ഉത്സവമാണിത്. പകൽ സമയത്ത് ആഘോഷിക്കുന്ന മറ്റ് ഹിന്ദു ഉത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി, രാത്രിയിലാണ് മഹാ ശിവരാത്രി ആഘോഷിക്കുന്നത്.

നിരവധി ഐതിഹ്യങ്ങളാണ് മഹാശിവരാത്രിയുടെ ആഘോഷത്തിന് പിന്നിലുള്ളത്. അതിൽ പ്രധാനം പണ്ട് ദേവാസുരന്മാർ ചേർന്ന് അമൃതിനായി പാലാഴി കടഞ്ഞപ്പോൾ വാസുകി അസ്വസ്ഥയായി ശർദിച്ച കാളകൂടവിഷം ലോക രക്ഷയ്ക്കായി ഭഗവാൻ പരമശിവൻ സ്വയം ഏറ്റുവാങ്ങിയെന്നും അതു പാനം ചെയ്തപ്പോൾ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്‍റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും വായിൽ നിന്നു പുറത്തു പോകാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും മഹാദേവന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. പാർവതീദേവി ഭർത്താവിന്റെ കണ്ഠത്തിൽ മുറുകെപ്പിടിച്ച് ആ രാത്രി മുഴുവൻ ഉറക്കമിളച്ചു പ്രാർഥിച്ചെന്നുമാണ് ഐതിഹ്യം. ഭഗവാന് ആപത്തൊന്നും വരാതിരിക്കാൻ പാർവ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാർത്ഥിച്ച ദിവസമാണ് നമ്മള്‍ ശിവരാത്രിയായി ആചരിക്കുന്നത്. അതുകൊണ്ട് തന്നെ ശിവരാത്രി ദിവസം രാത്രി മുഴുവൻ ഉറക്കമിളച്ച് പ്രാർഥിച്ചാൽ ശിവപ്രീതി ലഭിക്കും എന്നാണ് വിശ്വാസം.

ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയ്ത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം.

mahadeva-shiva-temple-aluva.jpg

കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.

രാത്രി ഉറക്കമൊഴിച്ചുളള വ്രതമാണ് ശിവരാത്രിയുടെ പ്രത്യേകത. തലേന്നുമുതൽ ഒരിക്കലോടെ വ്രതം ആരംഭിക്കണം. ശിവരാത്രി ദിനത്തിൽ പൂർണ ഉപവാസമാണ് നന്ന്. അതിനു കഴിയാത്തവർക്ക് ക്ഷേത്രത്തിൽ നിന്നുളള നേദ്യമോ കരിക്കിൻ വെളളമോ പഴമോ കഴിക്കാം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണതേച്ചുകുളി, ഇവ അരുത്. ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ദേഹശുദ്ധി വരുത്തിയശേഷം ശിവ ക്ഷേത്ര ദർശനം നടത്തണം. ശിവന് ഏറ്റവും പ്രിയപ്പെട്ട കൂവളമാല സമർപ്പിക്കുന്നതും കൂവളത്തിന്റെ ഇല കൊണ്ട് അർച്ചനയും ജലധാര നടത്തുന്നതും ഈ ദിവസത്തെ വിശിഷ്‌ട വഴിപാടുകളാണ്. ഈ ദിവസം ഉറക്കമൊഴിഞ്ഞ് കൂവള ഇല ശിവലിംഗത്തിൽ സമർപ്പിച്ചാൽ അവർ മരണാനന്തരം ശിവലോകത്ത് എത്തുമെന്നാണ് വിശ്വാസം.

Related Posts