24×7 എമർജൻസി കൺട്രോൾ റൂമിന്' തുടക്കം.
ഈസി ഈസി പ്രതിരോധ പ്രവർത്തനങ്ങൾ 'ഈസിയാക്കി' കയ്പമംഗലം.
കയ്പമംഗലം:
കയ്പമംഗലം നിയോജകമണ്ഡലത്തിൽ ഇനി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ 'ഈസി'യാണ്. കൊവിഡോ പ്രകൃതിക്ഷോഭമോ എന്തുമാകട്ടെ, പ്രതിരോധ പ്രവർത്തനങ്ങൾ എളുപ്പമാക്കാൻ 'ഈസി കയ്പമംഗലം' എന്ന കൺട്രോൾ റൂം പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. പനങ്ങാട് ഹയർ സെക്കന്ററി സ്‌കൂൾ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച എമർജൻസി കൺട്രോൾ റൂം ആരോഗ്യ മന്ത്രി വീണ ജോർജ്ജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. കൊവിഡ് രോഗ ബാധിതർക്കും നിരീക്ഷണത്തിലുള്ളവർക്കും അത്യാവശ്യ ഘട്ടത്തിലുള്ള മരുന്നുകൾ, വാഹനസൗകര്യം തുടങ്ങിയ അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈസി കയ്പമംഗലത്തിലൂടെ കഴിയും. അതോടൊപ്പം തന്നെ ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത, വാക്സിൻ രജിസ്ട്രേഷൻ, 24 മണിക്കൂറും ഫോണിലൂടെയുള്ള ഡോക്ടർമാരുടെ സേവനവും ലഭ്യമാകും.
കൺട്രോൾ റൂമിന് അനുബന്ധമായി മാസ്‌ക്, പി പി ഇ കിറ്റ്, പൾസ് ഒക്സിമീറ്റർ, മരുന്നുകൾ തുടങ്ങിയ അവശ്യസാധനങ്ങളുടെ കളക്ഷൻ പോയിന്റും പ്രവർത്തിക്കുന്നുണ്ട്. നിരന്തരമായി പ്രകൃതിക്ഷോഭങ്ങൾ ഉണ്ടാകുന്ന തീരദേശ മണ്ഡലമായതിനാൽ സ്ഥിരമായ പ്രവർത്തനം എന്ന രീതിയിലാണ് എമർജൻസി കൺട്രോൾറൂം സജ്ജീകരിച്ചിരിക്കുന്നതെന്ന് ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ അറിയിച്ചു.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ മുഖ്യാതിഥിയായ ചടങ്ങിൽ വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, പെരിഞ്ഞനം സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സാനു പരമേശ്വരൻ, ഡോ. സൂസൺ തുടങ്ങിയവർ പങ്കെടുത്തു.