ഉപ്പുവെള്ളത്തിന് 'വിട'; പെരിഞ്ഞനത്തെ കര്‍ഷകര്‍ക്ക് ആശ്വാസമായി സ്ലൂയിസ് കനാൽ.

പെരിഞ്ഞനം:

പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് ഇനി വിളനിലങ്ങളില്‍ ഉപ്പുവെള്ളം കയറുമെന്ന പേടി വേണ്ട. ഏറെക്കാലമായി പഞ്ചായത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍ നേരിട്ടിരുന്ന ഉപ്പുവെള്ള ഭീഷണിക്ക് പരിഹാരമാകുകയാണ്. കനോലി കനാലിന്‍റെ ഉപതോടുകളില്‍ സ്ലൂയിസ് നിര്‍മ്മിച്ചാണ് ഉപ്പുവെള്ള ഭീഷണിയെ നേരിടാന്‍ പഞ്ചായത്ത് തയ്യാറെടുക്കുന്നത്. ഗ്രാമപഞ്ചായത്തിന് നഗര സഞ്ചയ പദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് സ്ലൂയിസ്സ് നിര്‍മ്മാണം. 34 ലക്ഷം രൂപ വിനിയോഗിച്ച് നാല് സ്ലൂയിസുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സംയോജിതമായി നടപ്പിലാക്കുന്നതിനും കുടിവെള്ള പദ്ധതികളും അവയുടെ നടത്തിപ്പും മഴവെള്ളക്കൊയ്ത്ത്, ജലസംരക്ഷണവും ജലസ്രോതസ്സുകളുടെ പരിപോഷണവും ജലാശയങ്ങളുടെ പുനരുജ്ജീവനം ജലത്തിന്‍റെ പുനരുപയോഗവും പുനചംക്രമണവും ശുചിത്വം തുടങ്ങിയവയ്ക്ക് വേണ്ടിയാണ് നഗരസഞ്ചയങ്ങള്‍ക്കുള്ള ഗ്രാന്‍റ് അനുവദിക്കുന്നത്. പദ്ധതി പ്രകാരം പഞ്ചായത്തിന് 34 ലക്ഷം രൂപയാണ് ഗ്രാന്‍റ് ലഭിച്ചത്. ഈ തുക ഉപയോഗിച്ചാണ് കനോലി കനാലിന്‍റെ ഉപതോടുകളില്‍ നാല് സ്ലൂയിസ്സുകള്‍ നിര്‍മ്മിക്കുന്നത്.

വഴക്കത്തോട്, മുനയം തോട്, ചാലത്തോട്, ശ്മശാനം തോട് എന്നീ ഉപതോടുകളിലാണ് നിര്‍മ്മാണം. ഇതില്‍ വഴക്കത്തോട്, മുനയം തോട്, ചാലത്തോട് എന്നിവയുടെ പണിപൂര്‍ത്തീകരിച്ചു. ശ്മശാനം തോടിലെ സ്ലൂയിസ് നിര്‍മാണം ബേസ്മെന്‍റ് ഘട്ടത്തിലാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ പെരിഞ്ഞനം ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ കനോലി കനാലില്‍ നിന്നും ഉപ്പ് വെള്ളം കയറുന്നത് തടയാനും പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനും സാധിക്കും. കനോലികനാലില്‍ നിന്ന് വെള്ളം കയറി പ്രദേശത്ത് ഉപ്പുവെള്ള ഭീഷണിയുള്ളതിനാല്‍ കര്‍ഷകരടക്കമുള്ളവര്‍ ദുരിതത്തിലായിരുന്നു. ഗ്രാമപഞ്ചായത്ത് അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല.

Related Posts