എതിരില്ലാത്ത ഒരു ഗോളിന് യുറുഗ്വായിയെ വീഴ്ത്തി അർജന്റീന.

ബ്രസീലിയ:

കോപ്പ അമേരിക്കയിലെ ആദ്യ വിജയം സ്വന്തമാക്കി അർജന്റീന. എതിരില്ലാത്ത ഒരു ഗോളിന് യുറുഗ്വായിയെയാണ് അർജന്റീന കീഴടക്കിയത്.

ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഗൈഡോ റോഡ്രിഗസാണ് അർജന്റീനയ്ക്കായി ഗോൾ നേടിയത്. മെസ്സിയുടെ പാസ്സിൽ നിന്നാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുക്കാൻ അർജന്റീനയ്ക്ക് സാധിച്ചു. കഴിഞ്ഞ മത്സരത്തിൽ കളിച്ചതിൽ നിന്നും നാല് മാറ്റങ്ങളുമായി 4-3-3 എന്ന ശൈലിയിലാണ് അർജന്റീന കളിച്ചത്. മെസ്സിയുടെ ഓൾറൗണ്ട് മികവാണ് ടീമിന് വിജയം സമ്മാനിച്ചത്. ആദ്യ മത്സരത്തിനിറങ്ങിയ യുറുഗ്വായ് 4-4-2 ശൈലിയിലാണ് ഇറങ്ങിയത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചടുലമായ നീക്കങ്ങളുമായി അർജന്റീന കളം നിറഞ്ഞു. മൂന്നാം മിനിട്ടിൽ അർജന്റീനയുടെ റോഡ്രിഗസിന്റെ ലോങ്റേഞ്ചർ യുറുഗ്വായ് ഗോൾകീപ്പർ മുസ്ലേല കൈയ്യിലൊതുക്കി. ആക്രമണ ഫുട്ബോൾ കാഴ്ചവെച്ച അർജന്റീന 13-ാം മിനിട്ടിൽ ലീഡെടുത്തു. തകർപ്പൻ ഹെഡ്ഡറിലൂടെ ഗൈഡോ റോഡ്രിഗസാണ് അർജന്റീനയ്ക്കായി ലീഡ് സമ്മാനിച്ചത്. സൂപ്പർതാരം മെസ്സിയുടെ ക്രോസിൽ നിന്നുമാണ് ഗോൾ പിറന്നത്. റോഡ്രിഗസിന്റെ ഹെഡ്ഡർ പോസ്റ്റിലിടിച്ച് വലയിൽ കയറുകയായിരുന്നു. അർജന്റീനയ്ക്കായി താരം നേടുന്ന ആദ്യ ഗോളാണിത്.

ഗോൾ വഴങ്ങിയതോടെ യുറുഗ്വായ് ഉണർന്നുകളിച്ചു. എന്നാൽ ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടീം പരാജയപ്പെട്ടു. 27-ാം മിനിട്ടിൽ മെസ്സിയുടെ പാസ്സിൽ മികച്ച അവസരം മോളിനയ്ക്ക് ലഭിച്ചെങ്കിലും യുറുഗ്വായ് ഗോൾകീപ്പർ മുസ്ലേര തട്ടിയകറ്റി.

ഗോൾ നേടിയതിനു പിന്നാലെ അർജന്റീന പ്രതിരോധത്തിന് ശ്രദ്ധ കൊടുത്തു. അതുകൊണ്ടുതന്നെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞു. മറുവശത്ത് യുറുഗ്വായ്ക്ക് കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞില്ല.

Related Posts