എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി.
റോം:
യൂറോ കപ്പിൽ ഗ്രൂപ്പ് എ യിലെ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് സ്വിറ്റ്സർലൻഡിനെ തകർത്ത് ഇറ്റലി. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ വിജയം നേടിയിരിക്കുകയാണ് ഇറ്റലി. യുവതാരം മാനുവേൽ ലോക്കാട്ടെല്ലിയുടെ ഇരട്ട ഗോളുകളാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്. സീറോ ഇമ്മൊബിലെ അസൂറികൾക്കായി മൂന്നാം ഗോൾ നേടി. യൂറോയിലെ ആദ്യ മത്സരത്തിലും ഇതേ സ്കോറിന് ഇറ്റലി തുർക്കിയെ പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ട് വിജയങ്ങളുമായി ഇറ്റലി നോക്കൗട്ട് ഘട്ടത്തിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു. മത്സരത്തിന്റെ ആദ്യ മിനിട്ടുകളിൽ സ്വിറ്റ്സർലൻഡ് മത്സരത്തിൽ ആധിപത്യം പുലർത്തി. എന്നാൽ പതിയെ ഇറ്റലി മത്സരത്തിൽ സജീവമായി. ആക്രമിച്ച് കളിക്കാനാണ് ഇറ്റലി ശ്രമിച്ചത്. മത്സരം പുരോഗമിക്കും തോറും ഇറ്റലി കൂടുതൽ ശക്തി പ്രാപിച്ചുവന്നു. ആക്രമണങ്ങളുമായി സ്വിസ് ഗോൾ മുഖത്ത് ഭീതി പരത്താൻ ഇറ്റലിയ്ക്ക് കഴിഞ്ഞു. ഇറ്റലിയുടെ ആക്രമണം തടുക്കാനായി സ്വിറ്റ്സർലൻഡ് പ്രതിരോധം ശക്തമാക്കി. പക്ഷേ സ്വിറ്റ്സർലൻഡ് പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് 20-ാം മിനിട്ടിൽ ചെല്ലിനി ഗോൾ നേടി. എന്നാൽ വാറിന്റെ സഹായത്തോടെ റഫറി ഗോൾ അസാധുവാക്കി. ഗോളടിക്കും മുൻപ് പന്ത് ചെല്ലിനിയുടെ കൈയ്യിൽ തട്ടിയതുമൂലമാണ് ഗോൾ നിരസിച്ചത്. പിന്നാലെ പരിക്കേറ്റ ചെല്ലിനി കളിയിൽ നിന്നും പിന്മാറി.
ചെല്ലിനി മടങ്ങിയതിനുതൊട്ടു പിന്നാലെ ഇറ്റലി മത്സരത്തിലെ ആദ്യ ഗോൾ നേടി. മാനുവേൽ ലോക്കാട്ടെല്ലിയാണ് ഇറ്റലിയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 26-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. പന്തുമായി മുന്നേറിയ ബെറാഡി മികച്ച ഒരു കട്ട്പാസ് ലോക്കോട്ടെല്ലിയ്ക്ക് സമ്മാനിച്ചു. പന്ത് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ ലോക്കോട്ടെല്ലിയ്ക്ക് വന്നുള്ളൂ. ഇറ്റലിയ്ക്കായി താരം നേടുന്ന രണ്ടാമത്തെ മാത്രം ഗോളാണിത്.
ഗോൾ നേടിയിട്ടും ഇറ്റലിയുടെ ആക്രമണങ്ങൾക്ക് മൂർച്ച കുറഞ്ഞില്ല. 52-ാം മിനിട്ടിൽ അത്യുഗ്രൻ ഗോൾ നേടിക്കൊണ്ട് ലോക്കോട്ടെല്ലി ഇറ്റലിയ്ക്ക് രണ്ട് ഗോൾ ലീഡ് സമ്മാനിച്ചു. ബോക്സിന് വെളിയിൽ നിന്നും ലോക്കാട്ടെല്ലി അടിച്ച ബുള്ളറ്റ് ഷോട്ട് പോസ്റ്റിന്റെ വലത്തേ മൂലയിൽ തറച്ചു. ഇതോടെ സ്വിസ് ടീം തകർന്നു.
രണ്ട് ഗോളിന് മുന്നിട്ടു നിന്നിട്ടും ആക്രമിച്ചുതന്നെയാണ് ഇറ്റലി കളിച്ചത്. എന്നാൽ 88-ാം മിനിട്ടിൽ ലഭിച്ച അവസരം ഇമ്മൊബിലെ കൃത്യമായി ഗോളാക്കി മാറ്റി. ബോക്സിന് വെളിയിൽ നിന്നും താരമെടുത്ത കിക്ക് ഗോൾകീപ്പറെ മറികടന്ന് സ്വിസ് വലയിലെത്തി. ഇതോടെ സ്വിറ്റ്സർലൻഡ് പരാജയം ഉറപ്പിച്ചു.