വിഷു ഓർമ്മ - എന്റെ കുപ്പായം, ശ്യാമളയുടെ പാവാട!

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

ഒരു വിഷുക്കാലത്താണ് റേഷൻ കടയിൽ തുണി വന്നെന്ന് കേട്ടത്. കോറ, മല്ല് തുടങ്ങിയ ഇനത്തിൽപ്പെട്ട തുണികൾ നിസ്സാരമായ പൈസയ്ക്ക് അക്കാലങ്ങളിൽ റേഷൻ ഷാപ്പുകളിൽ വരുമായിരുന്നു. കുട്ടിക്കാലത്തെ പ്രധാന ഓർമ്മയാണത്.

വർഷത്തിൽ ഒരു തവണ,കൂടിയാൽ രണ്ട്. വലിയ സന്തോഷമാണ്. ഇങ്ങനെ റേഷൻ ഷാപ്പിൽ വരുന്ന ഐറ്റത്തെ കൺട്രോൾ തുണി എന്നാണ് ഞങ്ങൾ കണ്ണൂർക്കാർ വിളിച്ചിരുന്നത്.

അന്ന് ഇത്രയേറെ കടും വർണമൊന്നും ആളുകളുടെ വസ്ത്രങ്ങളിലില്ല. എഴുപതുകളിലാണ് സംഭവം. ഞാനന്ന് ഏഴിൽപഠിക്കുന്നു.

വിഷുവിനോടനുബന്ധിച്ച് കൺട്രോൾ തുണി വന്നെന്ന വാർത്ത പൊയ്ത്തുംകടവ് ഗ്രാമത്തിൽ കാട്ടുതീ പോലെ പടർന്നു. ഓടിയെത്തിയപ്പോഴേക്കും കറുത്ത നിറത്തിൽ ചുവന്ന വരയുള്ള കട്ടിത്തുണിയേ ബാക്കിയുള്ളൂ. ബാക്കിയെല്ലാം വിറ്റു തീർന്ന കാര്യം വിഷമത്തോടെ അറിഞ്ഞു.

എന്തായാലും അതെങ്കിൽ അത്. വില വളരെ വളരെ കുറവായതിനാൽ അതങ്ങ് വാങ്ങി.  പെരുന്നാളിന് അത് കുപ്പായമാക്കി തയ്പിച്ചിടുകയും ചെയ്തു. അന്നത്തെ എൻ്റെ ശരീരഘടന അനുസരിച്ച് വെളുത്തു വിളറിയ ഒരു കോലിൽ ഒരു കറുത്ത തുണി തൂക്കിയിട്ടതായേ തോന്നൂ. പക്ഷേ, കാക്കമാർക്കായാലും തൻകുഞ്ഞ് പൊൻകുഞ്ഞ് തന്നെ.

ആ കുപ്പായത്തിന് ഒരു കുഴപ്പമേ ഉണ്ടായിരുന്നുള്ളൂ. മഴ വരുന്നെന്നു കണ്ടാൽ ഓടി ഏതെങ്കിലും പീടിക ക്കോലായിൽ ഓടിക്കേറിയേക്കണം. ഇല്ലെങ്കിൽ അപകടമാണ്. കാരണം, കുപ്പായത്തുണിയിൽ നിന്ന്  കറുത്ത കളറിളകി താഴോട്ട് ഒലിച്ചിറങ്ങും. കാലിലൊക്കെ പുരണ്ട് നല്ല ഷൂസ് ഒട്ടിച്ചത് പോലിരിക്കും.എത്രയോ കാലം ആ കുപ്പായം എൻ്റെ കൂടെ കഴിഞ്ഞു.

ഈശ്വരാ, എന്ത് മാത്രം കറുപ്പാണപ്പാ പോയത്!

പിന്നീട് മനസ്സിലായി, റേഷൻ കടയിൽ നിന്ന് കിട്ടിയത് സത്യത്തിൽ  തുണിയല്ല, കളറാണെന്ന്!

അങ്ങനെയിരിക്കേയാണ് ആ പുതിയ പ്രതിസന്ധി എൻ്റെ ജീവിതത്തെ പുഷ്ക്കലമാക്കി അമ്മാനമാടിച്ചത്.  ശനിയാഴ്ച്ചത്തിരക്കിൽ ഒരു ശ്യാമള! അവളിട്ട പാവാട ഞാനിട്ട കുപ്പായത്തിൻ്റെ അതേ തുണി !!

എൻ്റമ്മോ അവളെക്കൊണ്ട് ഞാനും എന്നെക്കൊണ്ട് അവളും ചെറിയ ധർമ്മസങ്കടമൊന്നുമല്ല അനുഭവിച്ചത്.

ഇതില്പരം നാണക്കേട് ഇനി വരാനുണ്ടോ? എങ്ങനെ സങ്കടം വരാതിരിക്കും.

അന്നൊക്കെ പുറത്തിറങ്ങുമ്പോൾ ഒരാൾക്ക് ഒന്നിലേറെ ഉടുപ്പ് എന്നത് ടാറ്റയ്ക്കും ബിർലയ് യ്ക്കും മാത്രമേ സങ്കല്പിക്കാനാവൂ! പ്രത്യേകിച്ച് ദരിദ്ര നാരായണന്മാർക്ക് യാതൊരു പഞ്ഞവുമില്ലാത്ത ഞങ്ങളുടെ ഗ്രാമത്തിൽ.

ഈ ശ്യാമള കാരണം ഞാൻ പേടിച്ച് പമ്മിപ്പമ്മിയാണ് റേഷൻ കടയുടെ ഓരോ ശനിയാഴ്ച ത്തിരക്കിലിമെത്തുക. ആ ശ്യാമളയെങ്ങാനും ഉണ്ടോ എന്നാണ് ദേഷ്യം കലർന്ന പരതലും  വേവലാതിയും.  ശ്യാമളയുടെ വേവലാതിയും തീർച്ചയായും മറ്റൊന്നായിരിക്കില്ല.

റേഷൻ കടയുടെ ശനിയാഴ്ചത്തിരക്കിൽ ഞങ്ങൾക്കാണെങ്കിൽ പരസ്പരം  കാണുന്നത് യാതൊരു കാരണവശാലും ഒഴിവാക്കാവുന്നതുമല്ല. പൊയ്ത്തുംകടവിലെ സകല കുടുംബനാഥന്മാർക്കും അന്നാണ് ആഴ്ചക്കൂലി കിട്ടുക. ശനിയാഴ്ച വൈകുന്നേരത്തോടെ റേഷൻ കട  ഹൗസ്ഫുൾ ആകും. ശ്യാമളയെ കണ്ടാൽ ഞാനും എന്നെ കണ്ടാൽ ശ്യാമളയും ഒന്ന് ഞെട്ടും. പിന്നെ പല്ല് ഞെരിക്കും. പിന്നെ പരമാവധി എതിർദിശയിലേക്ക് ഒളിക്കും പോലെ മാറി  നില്ക്കും. പക്ഷേ തിരക്കിൽ ചുറ്റിച്ചുറ്റി ഒടുവിൽ നമ്മൾ അടുത്തെത്തിയ കാര്യം ഒരു ഞെട്ടലോടെ അറിയും. ആ സെക്കൻ്റിൽ ഭൂമിയുടെ അങ്ങേയറ്റത്ത് അവളും ഇങ്ങേയറ്റത്ത് ഞാനും പിടഞ്ഞുമാറി ഒരോട്ടമാണ്. ചിലരെല്ലാം ഇത് കണ്ടു പിടിച്ച് ഊറിച്ചിരിക്കും. ഞാനും എന്റെ കുപ്പായവും കാരണം ചില്ലറ  ധർമ്മസങ്കടമല്ല പാവം  ശ്യാമള അനുഭവിച്ചത്.  എന്തിനാണ് എന്റെ കുപ്പായത്തുണികൊണ്ടു തന്നെ ആ പഹച്ചി പാവാട തയ്പ്പിച്ചത്.

കാലം കലണ്ടറുകൾ പലതിനെ പറപ്പിച്ചു വിട്ടു.

വല്ലപ്പോഴും നാട്ടിൽപോകുമ്പോൾ ആ റേഷൻകടയുടെ അടുത്തെത്തുമ്പോൾ വെറുതെ ശ്യാമളയെ തിരയും

ഇന്ന് ഓർക്കുമ്പോൾ നിസ്സാരമാണെന്ന് തോന്നാം.

പാവം,ചെയ്യാത്ത തെറ്റിന് ഞാൻ എന്ന ആണും  അവളെന്ന പെണ്ണും  അനുഭവിച്ചതിന് വല്ല കൈയും കണക്കുമുണ്ടോ?

ശിഹാബുദീൻ പൊയ്ത്തുംകടവ്

പ്രശസ്ത എഴുത്തുകാരൻ.

Related Posts