ഒളകരയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തി.
എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കും; മന്ത്രി കെ രാജൻ.
തൃശ്ശൂർ:
എല്ലായിടത്തും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ജില്ലയിലെ മലയോര മേഖലകളിൽ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുന്ന ഓൺലൈൻ പഠന സഹായ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കൊവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലയിൽ കേരളം മാതൃകാപരമായി മുന്നേറുകയാണ്. സമയം തെറ്റാതെ സജീവ വിദ്യാഭ്യാസം ഉറപ്പാക്കാൻ കഴിഞ്ഞു. മലയോര മേഖലകളിൽ പഠനം മുടങ്ങാതിരിക്കാൻ കരുതലോടെയുള്ള തയ്യാറെടുപ്പുകൾ സർക്കാർ നടത്തിവരുന്നു. ഒളകരയിൽ മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എത്രയും വേഗം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ കേബിൾ ടിവി അധികൃതരുടെ സഹായത്തോടെയാണ് ഇപ്പോൾ മേഖലയിൽ ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പാക്കിയത്. ഒളകരയിലെ 35 ഓളം കുട്ടികൾക്ക് വൈ ഫൈ സംവിധാനത്തോടെ പഠനം ഉറപ്പാക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്ത് ആരും പിന്തള്ളപ്പെട്ടു പോകരുതെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച പട്ടികജാതി - വർഗ, പിന്നാക്ക ക്ഷേമ വകുപ്പ്
മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ്
മന്ത്രി ആർ ബിന്ദു ഓൺലൈനിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
സംസ്ഥാനത്ത് ഇന്റർനെറ്റ് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രദ്ധേയ ഇടപെടൽ നടത്താൻ ജില്ലയ്ക്ക് സാധിച്ചതായി ജില്ല കലക്ടർ എസ് ഷാനവാസ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ആർ രവി, പാണാഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം കെ വി സാജു, അസി. കലക്ടർ സൂഫിയാൻ അഹമ്മദ്, എസ് എസ് കെ പ്രോജക്ട കോർഡിനേറ്റർ ബിന്ദു പരമേശ്വരൻ, ഊരു മൂപ്പത്തി മാധവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.