എളവളളിയില്‍ കൊവിഡാനന്തര ഹോമിയോപ്പതി ചികിത്സാ കേന്ദ്രം തുറന്നു.
എളവളളി:
എളവളളിയില്‍ കൊവിഡാനന്തര ഹോമിയോപ്പതി ചികിത്സാ കേന്ദ്രം ആരംഭിച്ചു. എളവള്ളി ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെന്‍സറിയുടെ നേതൃത്വത്തിലാണ് ചികിത്സാ കേന്ദ്രം ആരംഭിച്ചത്. കൊവിഡ് മാറിയതിന് ശേഷവും ശാരീരിക അസ്വസ്ഥതകള്‍ നേരിടുന്നവര്‍ക്കാണ് ചികിത്സാ കേന്ദ്രത്തിന്‍റെ ഗുണം ലഭിക്കുക. ആഴ്ചയില്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ടു മണി വരെയാണ് കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ഇതിനോടകം ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്തിട്ടുണ്ട്.
എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് ചികിത്സാ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടി സി മോഹനന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബെന്നി ആന്‍റണി മുഖ്യാതിഥിയായ ചടങ്ങിൽ ജനപ്രതിനിധികളായ എന്‍ ബി ജയ, ശ്രീബിത ഷാജി, സീമ ഷാജു, പി എം അബു, എളവള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍, ഡോ മിന്‍സി പോള്‍ എന്നിവര്‍ പങ്കെടുത്തു.