എം എൽ എയുടെ ഇടപെടൽ; നാടോടികൾക്കിനി റേഷൻ കാർഡ് സ്വന്തം.
മതിലകം :
ശ്രീനാരായണപുരം പഞ്ചായത്തിൽ നാടോടികളായി കഴിഞ്ഞിരുന്ന കുടുംബങ്ങൾക്ക് ഇനി മുതൽ സ്വന്തം റേഷൻ കാർഡ്. ഇ ടി ടൈസൺ മാസ്റ്റർ എം എൽ എയുടെ ഇടപെടൽ മൂലമാണ് പടിഞ്ഞാറേ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്തുള്ള പന്ത്രണ്ട് കുടുംബങ്ങൾക്ക് റേഷൻകാർഡ് സ്വന്തമായത്. വർഷങ്ങളായി വഴിയോരങ്ങളിലും കടത്തിണ്ണയിലും താമസിക്കുകയും അന്തിയുറങ്ങുകയും ചെയ്ത ഇവരുടെ ദുരിതജീവിതം പഞ്ചായത്ത് സെക്രട്ടറിയായ രാംദാസും പൂവ്വത്തുംകടവ് ഫാർമേഴ്‌സ് സഹകരണ ബാങ്ക് പ്രസിഡന്റ് ഉഷാ ശ്രീനിവാസനും ചേർന്നാണ് എം എൽ എയുടെ ശ്രദ്ധയിൽ കൊണ്ട് വന്നത്. പിന്നീട് ജനപ്രതിനിധികളായ എം ജി ബാബു, ജയ സുനിൽ രാജ്, എം ആർ ജോഷി തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മറ്റി രൂപീകരിച്ചു. തുടർന്ന് ഇവർക്ക് വേണ്ട രേഖകൾ തരപ്പെടുത്തുകയായിരുന്നു.
നേരത്തെ നൽകിയിരുന്ന റേഷൻ കാർഡുകൾ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച് അന്ത്യോദയ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തത്. സൗജന്യനിരക്കിൽ കൂടുതൽ ഭക്ഷ്യസാധനങ്ങളും മറ്റും ലഭിക്കുവാനും സൗജന്യ ചികിത്സ ലഭിക്കാനും മറ്റും ഇത് അവർക്ക് ഉപകരിക്കും.
ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ നാടോടികൾക്ക് റേഷൻ കാർഡ് വിതരണം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനൻ, ജില്ലാ പഞ്ചായത്തംഗം കെ എസ് ജയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജയ സുനിൽരാജ്, ബ്ലോക്ക് അംഗം ശോഭന ശാർങ്ധരൻ, താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസർ ഐ വി സുധീരകുമാർ തുടങ്ങിയവർ പങ്കെടുത്തു.