ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ എട്ടു മുതലാകും സംപ്രേക്ഷണം.
ഏറെ പുതുമകളോടെ 'ഫസ്റ്റ്‌ബെൽ 2.0'.
തിരുവനന്തപുരം:
വ്യത്യസ്ത മേഖലകളിലെ വിദഗ്ധർ ഉൾപ്പെടുന്ന പ്രവേശനോത്സവ പരിപാടികളുമായി 'ഫസ്റ്റ്‌ബെൽ 2.0'. ഡിജിറ്റൽ ക്ലാസുകൾ ആരംഭിക്കുന്ന ജൂൺ ഒന്നിന് കൈറ്റ് വിക്ടേഴ്‌സിൽ രാവിലെ എട്ടു മുതലാകും സംപ്രേക്ഷണം. രാവിലെ 10.30-ന് അങ്കണവാടി കുട്ടികൾക്കുള്ള പുതിയ "കിളിക്കൊഞ്ചൽ ക്ലാസുകൾ' ആരംഭിക്കും. ആദ്യ രണ്ടാഴ്ച ട്രയൽ അടിസ്ഥാനത്തിലാകും ക്ലാസുകൾ നൽകുക. ഈ കാലയളവിൽ മുഴുവൻ കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമുണ്ടെന്ന് അതത് അധ്യാപകർക്ക് ഉറപ്പാക്കാനാണിത്. ഈ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും തുടർക്ലാസുകൾ. ഡിജിറ്റൽ ക്ലാസുകൾക്ക് പുറമെ അധ്യാപകരും കുട്ടികളും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോമിനുള്ള പ്രവർത്തനവും കൈറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവത്തിന്റെ ഭാഗമായി മമ്മൂട്ടി, മോഹൻലാൽ, പ്രിഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, മഞ്ജുവാരിയർ തുടങ്ങിയവർ കൈറ്റ് വിക്ടേഴ്‌സിലൂടെ കുട്ടികൾക്ക് ആശംസകളർപ്പിക്കും. മുഴുവൻ ക്ലാസും ഈ വർഷവും firstbell.kite.kerala.gov.in പോർട്ടലിൽത്തന്നെ ലഭ്യമാക്കും. സമയക്രമവും പോർട്ടലിൽ ലഭ്യമാക്കും.
ജൂൺ രണ്ട് മുതൽ നാലുവരെ ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളുടെ ട്രയൽ സംപ്രേഷണം തുടങ്ങും. പ്ലസ്ടു ക്ലാസുകൾ ജൂൺ ഏഴ് മുതലും ആരംഭിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൈറ്റ് സ്റ്റുഡിയോയിലെത്തി ക്ലാസുകൾ തയ്യാറാക്കുന്നത് അവലോകനം ചെയ്തു.