ഐ പി എൽ 3 -ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ 10 റൺസിന് പരാജയപ്പെടുത്തി.
ചെന്നൈ :
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 സീസണിലെ മൂന്നാമത്തെ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ (എസ് ആർ എച്ച്) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെ കെ ആർ) പരാജയപ്പെടുത്തി.
ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡേവിഡ് വാർണറുടെ നേതൃത്വത്തിലുള്ള എസ് ആർ എച്ച് ചേസ് ചെയ്യുന്നതിൽ തുടക്കത്തിലെ പാളി. 10 റൺസിന് പരാജയപ്പെടുകയായിരുന്നു.മനീഷ് പാണ്ഡെ പുറത്താകാതെ 61 റൺസ് നേടിയെങ്കിലും ജയം അകന്നു നിന്നു. 188 റൺസ് ലക്ഷ്യം പിന്തുടർന്ന എസ്ആർഎച്ചിന് തുടക്കത്തിൽ തന്നെ 2 വിക്കറ്റ് നഷ്ടമായി. മനീഷ് പാണ്ഡെയുടെയും ജോണി ബെയർസ്റ്റോവിന്റെയും വരവിന് ശേഷമാണ് അവർ കളിയിലേക്ക് തിരിച്ചു വന്നത്.
അഞ്ച് ഫോറും മൂന്ന് സിക്സറുകളും പറത്തിയ ബെയർസ്റ്റോ 40 പന്തിൽ 55 റൺസ് നേടി. ബെയർസ്റ്റോവിന്റെ പുറത്താക്കലിന് ശേഷം കെകെആർ എസ്‌ആർഎച്ചിന്റെ ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കി.
പാണ്ഡെക്ക് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. രണ്ട് ബൗണ്ടറികളും മൂന്ന് സിക്സറുകളുമായി പാണ്ഡേ 44 പന്തിൽ നിന്ന് 61 റൺസാണ് നേടിയത്.
രണ്ട് വിക്കറ്റ് വീഴ്ത്തിയ പ്രസീദ് കൃഷ്ണ കെകെആറിനായി നല്ല രീതിയിൽ പന്തെറിഞ്ഞു. ഷാക്കിബ് അൽ ഹസ്സൻ, പാറ്റ് കമ്മിൻസ്, ആൻഡ്രെ റസ്സൽ എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.
നേരത്തെ കെകെആർ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 187 റൺസ് നേടി. ഓപ്പണർ നിതീഷ് റാണ അർദ്ധസെഞ്ച്വറി നേടി. 56 പന്തിൽ നിന്ന് 80 റൺസ് നേടിയ അദ്ദേഹം ഒമ്പത് ഫോറുകളും നാല് സിക്സറുകളും അടിച്ചു. 29 പന്തിൽ നിന്ന് 53 റൺസ് നേടിയ രാഹുൽ ത്രിപാഠിയുമായി മികച്ച കൂട്ട് കെട്ടുണ്ടാക്കി. മൂന്ന് ബൗണ്ടറികളോടെ ദിനേശ് കാർത്തിക് കെകെആറിന് മികച്ച ഫിനിഷ് നൽകി, 9 പന്തിൽ 22 റൺസ് നേടി. എസ്‌ആർഎച്ചിന്റെ ബൗളിംഗ് നിര മോശമായി തുടങ്ങിയെങ്കിലും റാഷിദ് ഖാനും മുഹമ്മദ് നബിയും രണ്ട് വിക്കറ്റ് വീതം നേടി. അതേസമയം, ഭുവനേശ്വർ കുമാറും ടി നടരാജനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഇക്ബാൽ മുറ്റിച്ചൂർ