ഒക്സിജൻ ക്ഷാമം അടിയന്തിരമായി പരിഹരിക്കണം: സി എ മുഹമ്മദ് റഷീദ് .

തൃശൂർ:
കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ പൂർണമായും പരാജയപ്പെട്ടെന്ന് മുസ്‌ലിം ലീഗ് തൃശൂർ ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്.
ഓക്സിജൻ കിട്ടാതെയുള്ള കൂട്ട മരണങ്ങൾ ഞെട്ടിക്കുന്നതും വേദനിപ്പിക്കുന്നതും മാത്രമല്ല, ആരോഗ്യരംഗത്ത് രാജ്യം കൈവരിച്ച നേട്ടങ്ങളെ അപ്പാടെ ചോദ്യം ചെയ്യുന്നതുമാണ്.
ദിവസങ്ങളായി തുടരുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ ഇനിയും കൃത്യമായ നടപടികൾ ആയിട്ടില്ല.
ഓക്സിജൻ ക്ഷാമം ഈ നിലയിൽ തുടർന്നാൽ ഇനിയുമേറെ ജീവനുകൾ നഷ്ടപ്പെടുന്ന ദുരവസ്ഥയുണ്ടാകും. അതീവ ഗൗരവത്തോടെ ഈ വിഷയം പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.
മുസ്‌ലിം യൂത്ത് ലീഗ് ശാഖാ, പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കോവിഡ് വാക്സിൻ ഓൺലൈൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ജില്ലാതല ഉദ്ഘാടനം തൃശ്ശൂരിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തെരുവത്ത്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ എം എ റഷീദ്, പി കെ ഷാഹുൽ ഹമീദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ പി എ ഫഹദ് റഹ്മാൻ, പി ജെ ജെഫീക്ക്, മുസ്‌ലിം ലീഗ് തൃശൂർ മണ്ഡലം പ്രസിഡണ്ട് സി സുൽത്താൻ ബാബു, ലീഗ് മണലൂർ മണ്ഡലം സെക്രട്ടറി ടി പി സുബൈർ തങ്ങൾ എന്നിവർ പങ്കെടുത്തു.