ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്‌ കൊളംബിയയെ തകർത്ത് ബ്രസീൽ.

റിയോ ഡി ജനൈറോ:

കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് ബിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്‌ കൊളംബിയയെ തകർത്ത് ബ്രസീൽ. ഇൻജുറി ടൈമിൽ കാസെമിറോയാണ് ഹെഡറിലൂടെയാണ് ബ്രസീലിന്റെ വിജയ ഗോൾ നേടിയത്. ബ്രസീലിന്റെ തുടർച്ചയായ 10-ാം ജയമാണിത്. മത്സരത്തിന്റെ 10-ാം മിനിറ്റിൽ തന്നെ ലൂയിസ് ഡയസിന്റെ തകർപ്പൻ ഗോളിൽ കൊളംബിയ മുന്നിലെത്തി. യുവാൻ ക്വാഡ്രാഡോ ബോക്സിലേക്ക് നീട്ടി നൽകിയ ക്രോസ് ഒരു ഓവർ ഹെഡ് കിക്കിലൂടെ ലൂയിസ് ഡയസ് വലയിലെത്തിക്കുകയായിരുന്നു.

തുടർന്ന് ബ്രസീൽ ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച കൊളംബിയൻ നിര അവസരം ലഭിച്ചപ്പോഴെല്ലാം മികച്ച മുന്നേറ്റങ്ങളും നടത്തി. നെയ്മർക്കും ആദ്യ പകുതിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയിൽ ഫിർമിനോയെ ഇറക്കി ബ്രസീൽ ആക്രമണം ശക്തമാക്കിയെങ്കിലും കൊളംബിയ പ്രതിരോധം ഉറച്ചുനിന്നു. 77-ാം മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന ബ്രസീൽ 78-ാം മിനിറ്റിലെ വിവാദ ഗോളിലാണ് സമനില പിടിച്ചത്. റെനൻ ലോഡിയുടെ ക്രോസിൽ നിന്ന് റോബർട്ടോ ഫിർമിനോയാണ് ബ്രസീലിന്റെ ഗോൾ നേടിയത്. ഫിർമിനോയുടെ ഹെഡർ കൊളംബിയൻ ഗോളി ഒസ്പിനയുടെ കൈയിൽ തട്ടി വലയിലെത്തുകയായിരുന്നു.

ഈ ഗോളിനായുള്ള മുന്നേറ്റത്തിനിടെ കൊളംബിയൻ ബോക്സിനടുത്ത് വെച്ച് നെയ്മർ അടിച്ച പന്ത് റഫറിയുടെ ദേഹത്ത് തട്ടിയിരുന്നു. ഇതുകണ്ട കൊളംബിയൻ താരങ്ങൾ ഫൗൾ വിസിലിന് കാത്തു. പക്ഷേ കളി തുടരാനായിരുന്നു റഫറിയുടെ സിഗ്നൽ. ഈ അവസരം മുതലെടുത്താണ് ബ്രസീൽ ഗോൾ സ്കോർ ചെയ്തത്. വാർ പരിശോധിച്ച റഫറി ഗോൾ അനുവദിച്ചതോടെ കൊളംബിയൻ താരങ്ങൾ പ്രതിഷേധവുമായി റഫറിയെ വളഞ്ഞു. 10 മിനിറ്റോളം മത്സരം തടസപ്പെടുകയും ചെയ്തു.

തുടർന്ന് ഇൻജുറി ടൈമിൽ നെയ്മറുടെ കോർണർ വലയിലെത്തിച്ച് കാസെമിറോ ബ്രസീലിന് വിജയം സമ്മാനിച്ചു.

Related Posts