ഒരാഴ്ച കര്‍ശന നിയന്ത്രണം; ടി പി ആര്‍ 25ല്‍ നിന്ന് 10 ലേയ്ക്ക് ചുരുക്കി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്.

പാണഞ്ചേരി: ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി രോഗവ്യാപനത്തെ നിയന്ത്രണ വിധേയമാക്കിയിരിക്കുകയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ല്‍ നിന്ന് പത്തായാണ് കുറഞ്ഞത്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കൊവിഡിനെ ഒരു പരിധിവരെ പിടിച്ചുകെട്ടിയത്. വീക്കിലി ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ഡബ്ല്യൂഐപിആര്‍) 5ല്‍ എത്തിക്കാനും സാധിച്ചു. ഡബ്ല്യൂ ഐ പി ആര്‍ നിരക്ക് 10ല്‍ കൂടിയാല്‍ പഞ്ചായത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാണ് നടപ്പിലാക്കുക.

രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ പഞ്ചായത്തില്‍ തുടര്‍ച്ചയായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ച്ചയായ മൂന്നാം തവണയാണ് പ്രദേശവാസികള്‍ക്കായി മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഓണവിപണി സജീവമാകുന്ന സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. രോഗം ബാധിച്ചവരും അവരുടെ കുടുംബാംഗങ്ങളും ക്വാറന്റീനിലുള്ളവരും അനാവശ്യമായി പുറത്തിറങ്ങി നടന്നാല്‍ അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. കെട്ടിയടച്ച വഴികള്‍ ബലമായി തുറന്നിട്ടു പോകുന്നവര്‍ക്കെതിരെയും ശിക്ഷാനടപടികള്‍ സ്വീകരിക്കും. ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് വാര്‍ഡുകളില്‍ ആർ ആർ ടി അംഗങ്ങളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. രോഗവ്യാപനം കുറക്കാന്‍ പഞ്ചായത്തില്‍ പരിശോധനകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. പൊലീസിന്റെയും പഞ്ചായത്ത് അംഗങ്ങളുടെയും നേതൃത്വത്തില്‍ കടകളില്‍ ഉള്‍പ്പെടെ പരിശോധന നടത്തുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുവെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രന്‍ പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയാണ് മഹാമാരിക്കെതിരെ പ്രതിരോധം ശക്തമാക്കുന്നത്.

Related Posts