ഒരു അന്തിക്കാടൻ ഇലക്ഷൻ കഥ .

തൃശ്ശൂർ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് 5 പേർ അന്തിക്കാട് നിന്നും മത്സരിക്കുന്നു.

അന്തിക്കാട് പഞ്ചായത്ത്‌ കേരള നിയമ സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പ്രത്യേക ശ്രദ്ധ നേടും. അഞ്ചിൽ നാല് പേർക്കേ (നാലു പേർ ജയിച്ചാൽ) നിയമസഭയിൽ പോകാൻ സാധിക്കുകയുള്ളു. 2 പേർ ഒല്ലൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് കൊണ്ട് ഒരാൾ ആദ്യമേ പുറത്താകുമെന്നുറപ്പാണ്.

അവർ അഞ്ചുപേർ അന്തിക്കാട്ടുകാർ !!!!

2021 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ അന്തിക്കാടിന് ഒരു പ്രത്യേകതയുണ്ട്.
തൃശ്ശൂർ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് 5 പേർ അന്തിക്കാട് നിന്നും മത്സരിക്കുന്നു.

അന്തിക്കാടിന്റെ ചരിത്രപരമായ പശ്ചാത്തലം ചുരുക്കി പറഞ്ഞു കൊണ്ട് തന്നെ അവർ അഞ്ചുപേരിലേക്കു നമുക്ക് പോകാം .

കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന തൃശൂര്‍ താലുക്കിന്റെ ഉപതാലുക്കായിരുന്നു അന്തിക്കാട് ഫര്‍ക്ക.
പടിഞ്ഞാറ് കനോലി കനാലും, കിഴക്ക് വിസ്തൃതമായ നെല്‍പ്പാടങ്ങളും, വടക്ക് ഏനാമാവ് പുഴയും അതിരിടുന്ന ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടുതന്നെ ഒരു സുരക്ഷിതമേഖലയായിരുന്നു.
നിരക്ഷരരും സാമ്പത്തികമായി വളരെ പിന്നോക്കം നിന്നിരുന്നവരുമായ ഈ പ്രദേശത്തെ ഭൂരിഭാഗം തദ്ദേശവാസികളും ചെത്തുതൊഴിലാളികള്‍, ചകിരിതൊഴിലാളികള്‍, കര്‍ഷകതൊഴിലാളികള്‍ മുതലായവരായിരുന്നു.
ചങ്ങരംകണ്ടത്ത് കൈമളും, ചേലൂര്-ചിറ്റൂര് നമ്പൂതിരിമാരും, ദേവസ്വങ്ങളും കൈവശമാക്കി വച്ചിരിക്കുകയായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവനും. തൊഴില്‍രംഗത്തും, സാംസ്കാരികരംഗത്തും, പിന്നോക്കാവസ്ഥയിലായിരുന്നു അന്തിക്കാട്.

സ്വാതന്ത്ര്യസമരത്തിന്റെ ആദ്യകാലത്ത് സംഘടിതമായ പ്രക്ഷോഭങ്ങള്‍ കാര്യമായി ഈ പ്രദേശത്ത് ഉണ്ടായിട്ടില്ലെങ്കിലും കനോലി കനാലിന്റെ പടിഞ്ഞാറുഭാഗത്തുള്ള പഴയ മലബാര്‍ പ്രദേശത്ത് നടന്നിരുന്ന പ്രക്ഷോഭങ്ങളില്‍ ഈ പ്രദേശത്തുനിന്നും കുറച്ചുപേര്‍ പങ്കെടുത്തിട്ടുണ്ട്.

കൊച്ചി സംസ്ഥാനത്ത് രാജവാഴ്ചക്കെതിരായി, 1121 കര്‍ക്കിടകം 13 (1946 ജൂലായ് 30) ഉത്തരവാദഭരണദിനമായി ആചരിക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ചെത്തുതൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ ഹര്‍ത്താലും പൊതുപണിമുടക്കും ഇവിടെയും നടന്നു.
1942-ലെ ഒത്തുതീര്‍പ്പുവ്യവസ്ഥകളുടെ ലംഘനവും തൊഴില്‍നിഷേധവും ഷാപ്പുകളുടെ ലോക്കൌട്ടും വീണ്ടുമൊരു സമരത്തിന് കാരണമായി. 1946-ല്‍ ആരംഭിച്ച ഈ സമരം 108 ദിവസം നീണ്ടുനിന്നു. ഈ സമരത്തിന്റെ ഭാഗമായാണ് ചരിത്രപ്രസിദ്ധമായ കുലമുറി സമരം അരങ്ങേറിയത്.
സമരത്തെ അടിച്ചൊതുക്കുന്നതിന് മര്‍ദ്ദകവീരന്മാരായ പോലിസുദ്ദ്യോഗസ്ഥന്മാര്‍ അന്തിക്കാട്ടേക്ക് നിയോഗിക്കപ്പെടുകയും ഈ പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിക്കുകയും ചെയ്തു. ഇത് മൂന്നുമാസക്കാലം നീണ്ടുനിന്നു. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം കര്‍ഫ്യു അയവില്ലാതെ നിലനിന്ന പ്രദേശം അന്തിക്കാടാണ്.
1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോള്‍ അന്തിക്കാട് ഗ്രാമത്തില്‍ കര്‍ഫ്യു ആയിരുന്നു. ആഗസ്റ്റ് 20-നാണ് കര്‍ഫ്യു പിന്‍വലിച്ചത്. അന്തിക്കാടിന്റെ പടിഞ്ഞാറേതീരത്തു നടന്ന ചകിരിത്തൊഴിലാളിസമരവും അവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തില്‍ തെളിഞ്ഞുനില്‍ക്കുന്നു.
അറബികടല്‍ പഞ്ചായത്തിന് വളരെ അടുത്തായതിനാല്‍ കടല്‍മത്സ്യത്തിന് ഒട്ടും ക്ഷാമമില്ല. കനോലി കനാലിന്റെ പടിഞ്ഞാറതിര്‍ത്തി പഴയ മലബാര്‍ പ്രദേശത്തിലെ നാട്ടിക ഫര്‍ക്കയായിരുന്നു. അതായത് ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തളിക്കുളം പഞ്ചായത്ത്. ഇവിടെയാണ് മുറ്റിച്ചൂര്‍ കടവും പുലാമ്പുഴ കടവും സ്ഥിതിചെയ്യുന്നത്. ഈ രണ്ടു കടവിലും രണ്ടു കരക്കാര്‍ക്കുമായി സര്‍ക്കാര്‍ ലേലം ചെയ്തു കൊടുത്തിരുന്ന കടത്തു വള്ളങ്ങള്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് കടത്തുകൂലി 1930 കാലഘട്ടത്തില്‍ ഒന്നര കാശായിരുന്നു (96 കാശു-ഒരു രുപാ). ഈ കടവുകള്‍ കേരളത്തിന്റെ തെക്കെയറ്റത്തു തിരുവനന്തപുരത്തുള്ള വള്ളക്കടവിനെ വടക്ക് കോഴിക്കോട്ടെ വളളക്കടവുമായി ബന്ധിപ്പിക്കുന്നതാണ്. റോഡുകള്‍ 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വളരെ ചുരുക്കം.
അന്തിക്കാട്ടുകാരുടെ പ്രധാന തൊഴില്‍മേഖല തെങ്ങുകയറ്റവും നെല്‍കൃഷിയുമാണ്. കള്ളുചെത്തല്‍, ചെത്തി ചക്കരയുണ്ടാക്കല്‍, തൊണ്ടുതല്ലല്‍, തൊണ്ടുമൂടല്‍, കയര്‍ പിരിക്കല്‍, മര ചക്കാട്ടല്‍ എന്നീ പരമ്പരാഗതതൊഴില്‍ മേഖലകളും സജീവമായിരുന്നു. മുളകൊണ്ട് മുറം, കുട്ട, കൂട, കോമ്പറം, പനമ്പ് മുതലായ ഗൃഹോപകരണങ്ങള്‍ ഉണ്ടാക്കുമായിരുന്നു.

മലയാള സിനിമയിലെ പ്രഗത്ഭരായ സത്യൻ അന്തിക്കാട്, ഷൈജു അന്തിക്കാട് തുടങ്ങി സംവിധായകരുടെ നാട് കൂടിയാണ് അന്തിക്കാട്.

മുൻ മന്ത്രിമാരായ കെ പി പ്രഭാകരൻ, വി എം സുധീരൻ, കെ പി രാജേന്ദ്രൻ, വി എസ് സുനിൽ കുമാർ തുടങ്ങി അതികായർ പിറവിയെടുത്ത മണ്ണ് കൂടിയാണ് അന്തിക്കാട്.

അന്തിക്കാട് പഞ്ചായത്ത്‌ കേരള നിയമ സഭ തിരഞ്ഞെടുപ്പിൽ ഇത്തവണ പ്രത്യേക ശ്രദ്ധ നേടും. അഞ്ചിൽ നാല് പേർക്കേ (നാലു പേർ ജയിച്ചാൽ) നിയമസഭയിൽ പോകാൻ സാധിക്കുകയുള്ളു. 2 പേർ ഒല്ലൂർ മണ്ഡലത്തിൽ മത്സരിക്കുന്നത് കൊണ്ട് ഒരാൾ ആദ്യമേ പുറത്താകുമെന്നുറപ്പാണ്.

അന്തിക്കാട്ടെ ആ അഞ്ചുപേർ ആരെല്ലാം ? വളരെ ചുരുക്കി പ്രതിപാദിക്കുന്നു .

  1. കെ രാജൻ (ഒല്ലൂർ)

അഡ്വ. കെ രാജൻ

ഇത് രണ്ടാം അങ്കം. ഒല്ലൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.അരിവാൾ നെൽക്കതിർ ചിഹ്നം.

അന്തിക്കാട് സ്വദേശി. പ്രമുഖ സി.പി.ഐ നേതാവും ഒല്ലൂർ നിയമസഭാമണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് കെ.രാജൻ. നിലവിൽ കേരള നിയമസഭയിലെ ചീഫ് വിപ്പാണ്. കാബിനറ്റ് പദവിയോടെയാണ് അദ്ദേഹം ചീഫ് വിപ്പായത്.

കഴിഞ്ഞ തവണയും ഒല്ലൂരിൽ നിന്നാണ് മത്സരിച്ചു വിജയിച്ചത്. ഇത്തവണ നാട്ടുകാരനും സുഹൃത്ത് കൂടിയായ യുഡിഎഫിലെ ജോസ് വള്ളൂരാണ് എതിരാളി.

AISF ഏരിയ, ജില്ല ഭാരവാഹിയായിരുന്ന രാജൻ AISFന്റെയും AIYF യുടെയും സംസ്ഥാന സെക്രട്ടറി ആയിരുന്നു.

  1. പി ബാലചന്ദ്രൻ (തൃശൂർ)

പി ബാലചന്ദ്രൻ

തൃശൂർ മണ്ഡലത്തിൽ നിന്നും എൽ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അരിവാൾ നെൽക്കതിർ ചിഹ്നം.

അന്തിക്കാട് സ്വദേശി.കേരളവര്‍മക്കാര്‍ക്ക് ബാല്‍സിയാണ് പി ബാലചന്ദ്രന്‍. വാഗ്മി, കവി, ചിന്തകൻ തുടങ്ങിയ നിലകളിലൊക്കെ അവര്‍ക്ക് ബാലചന്ദ്രനെ അറിയാം.

രണ്ടാം തവണയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2011 ൽ തൃശൂരിൽ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ്. സിപിഐ യുവജന സംഘടനകളുടെ ജില്ല-സംസ്ഥാന ഭാരവാഹിയായും, സിപിഐ തൃശൂര്‍ മണ്ഡലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

കാംകോ ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരുന്ന ബാൽസി നിലവില്‍ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമാണ്.

  1. സി സി മുകുന്ദൻ (നാട്ടിക)

സി സി മുകുന്ദൻ

നാട്ടിക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി. അരിവാൾ നെൽകതിരാണ് ചിഹ്നം. കന്നിയങ്കം.

അന്തിക്കാട് സ്വദേശി.1956 ൽ ജനനം. അന്തിക്കാട് ഹൈസ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. വിദ്യാർത്ഥിയായിരിക്കെ
എഐഎസ് എഫ് എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഭാഗമായി രാഷ്ട്രീയ പ്രവേശം. എ ഐ വൈ എഫിൻ്റെ പ്രവർത്തകനും നേതാവുമായി പ്രവർത്തിച്ചു.

സി പി ഐ അരിമ്പൂർ ലോക്കൽ സെക്രട്ടറി, മണലൂർ മണ്ഡലം സെക്രട്ടറി, എഐടിയുസി ജില്ലാ വൈസ് പ്രസിഡന്റ്,
അന്തിക്കാട് ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻ്റ്, ആക്റ്റിങ്ങ് പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

നിലവിൽ കർഷക തൊഴിലാളി സംഘടനയായ ബി കെ എം യു ജില്ലാ സെക്രട്ടറിയായി പ്രവർത്തിക്കുന്നു.

  1. ജോസ് വള്ളൂർ (ഒല്ലൂർ)

ജോസ് വളളൂർ

ഒല്ലൂർ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു. കൈപ്പത്തിയാണ് ചിഹ്നം. ഇലക്ഷനിൽ ഇത് കന്നി അങ്കം.

അന്തിക്കാട് പഞ്ചായത്തിലെ മഞ്ഞപ്പിത്തം കിഴക്ക് ഭാഗം (ഏഴാം വാർഡ്) വീട്.

അന്തിക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ചുകൊണ്ട് KSU യൂണിറ്റ് സെക്രട്ടറിയായി തുടക്കം. മികച്ച സംഘടന പ്രവർത്തനങ്ങൾകൊണ്ട് കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറിയായി സജീവ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക്. നാട്ടിക ശ്രീനാരയണ കോളേജ്, തൃശ്ശൂർ കോ-ഓപ്പറേറ്റീവ് കോളേജ് എന്നിവിടങ്ങളിൽ പഠനത്തോടൊപ്പം മികച്ച സംഘടന പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയനായി. പൂനെ ഇൻസ്റ്റിട്യൂട്ടിൽ നിന്നും അഡ്വർടൈസിംഗ് ആൻഡ് വിഷ്വൽ മീഡിയയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

തുടർന്ന് യൂത്ത് കോൺഗ്രസ്സ് ജില്ല ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഡി.സി.സി. ജനറൽ സെക്രട്ടറിയായും ഡി.സി.സി. ഉപാദ്ധ്യക്ഷനായും പ്രവർത്തിച്ച ജോസ് വളളൂർ ലീഡർ കരുണകരന്റേയും രമേഷ് ചെന്നിത്തലയുടേയും സി.എൻ ബാലകൃഷണന്റേയും നേതൃത്വത്തിൽ പ്രവർത്തിച്ച പരിചയ സമ്പത്ത് രാജീവ് ഗാന്ധി പഠനകേന്ദ്രം സെൻട്രൽ കമ്മറ്റി ചെയർമാൻ, ജില്ല സഹകരണ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ്സ് പ്രസിഡന്റ് തുടങ്ങി ഒട്ടനവധി ചെറുതും വലുതുമായ സംഘടനകളുടെ അമരത്തേക്ക് നയിക്കപ്പെട്ടു.

35 വർഷമായി രാഷ്ട്രീയത്തിലുള്ള ജോസ് വളളൂർ നിലവിൽ കെ പി സി സി യുടെ സെക്രട്ടറിയാണ്.

  1. സുനിൽ അന്തിക്കാട് (പുതുക്കാട്)

സുനിൽ അന്തിക്കാട്

നിയമസഭ ഇലക്ഷനിൽ ഇത് കന്നി അങ്കം. പുതുക്കാട് നിയോജക മണ്ഡലത്തിൽ നിന്നുമാണ് യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്.കൈപ്പത്തിയാണ് ചിഹ്നം.

അന്തിക്കാട് പോലീസ് സ്റ്റേഷന്‌ സമീപമാണ് വീട്.നന്നേ ചെറുപ്പത്തിൽ വിദ്യാർഥിരാഷ്ട്രീയത്തിലുടെ കടന്ന് വന്ന് കെ എസ് യു താലൂക്ക് സെക്രട്ടറിയായി. തുടർന്ന് ജില്ലാ വൈസ് പ്രസിഡൻ്റ് ,ജില്ലാ പ്രസിഡൻ്റ് ,സംസ്ഥാന ട്രഷറർ എന്നി സ്ഥാനങ്ങളിൽ എത്തി.

സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും മുന്നിൽ നിന്ന് നയിച്ച സുനിൽ അന്തിക്കാട്
കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, ഡി .സി .സി ജനറൽ സെക്രട്ടറി ,K P C C മെമ്പർ, തൃശൂർ സർക്കിൾ സഹകരണയൂണിയൻ മെമ്പർ എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ കെ പി സി സി സെക്രട്ടറിയാണ്.

ഈ അഞ്ചു പേർ അന്തിക്കാട്ടുകാർക്കും, തൃശൂരിനും വേണ്ടപ്പെട്ടവർ, വിജയവും പരാജയവും സംഭവിക്കാം സ്വാഭാവികം മാത്രം.
പക്ഷെ ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തകർ ആയി അവർ ഇവിടെ തന്നെ കാണും എന്ന് അവരുടെ മുൻകാല പ്രവർത്തനങ്ങൾ വെച്ച് വിലയിരുത്താൻ കഴിയുന്നു .
ആശംസകൾ അന്തിക്കാട്ടുകാരായ അഞ്ചുപേർക്കും .

ഇഖ്‌ബാൽ മുറ്റിച്ചൂർ .

#anthikad #thrissur #ollur #puthukad #election

Related Posts