ഒരു കുടന്ന പൂവും ഒരു കുട്ട പച്ചക്കറിയും പദ്ധതിയുമായി കാമധേനു ക്ഷീരസംഘം.

വലപ്പാട് കാമധേനു ക്ഷീര സംഘത്തിന്റെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധ നേടി.

വലപ്പാട്:

മഹാമാരിയുടെ വ്യാപനത്തിൽ നാടെങ്ങും വിറങ്ങലിച്ച് നിൽക്കുമ്പോൾ കാമധേനുവിന്റെ ജീവനക്കാരും ക്ഷീര കർഷകരും ഓണത്തിന് മുന്നൊരുക്കം തുടങ്ങി. അമ്പതോളം ക്ഷീര കർഷകർക്ക് വെണ്ട, മുളക്, തക്കാളി, വഴുതന, ചെണ്ടുമല്ലി, 7500 തൈകൾ സൗജന്യമായി വിതരണം ചെയ്തതു കൂടാതെ സംഘത്തിന്റെ ഓഫീസിനോട് ചേർന്ന് അര ഏക്കറോളം സ്ഥലത്ത് സെക്രട്ടറിയും കർഷകനുമായ ഹനീഷ് കുമാറിന്റെ നേതൃത്വത്തിൽ കൃഷിയിറക്കി. കർഷകർ വിളയിക്കുന്ന വിഭവങ്ങൾ സംഘം വഴി വിറ്റഴിക്കുകയാണ് പതിവ്.

തൈ നടീലും തൈ വിതരണവും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബി കെ മണിലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് മെമ്പർ ഷൈൻ മുഖ്യാതിഥിയായി. ഹനീഷ് കുമാർ സ്വാഗതവും ക്ഷീര കർഷകൻ ഷിബു നമ്പട്ടി നന്ദിയും പറഞ്ഞു.

Related Posts