ഒളകരയില്‍ ഓണ്‍ലൈന്‍ പഠനത്തിന് ഒരു മാസത്തിനുള്ളില്‍ സംവിധാനം : ജില്ലാ കലക്ടര്‍.

തൃശ്ശൂർ :

കുട്ടികള്‍ ഓണ്‍ലൈന്‍ പഠനത്തിന് ഏറെ ബുദ്ധിമുട്ട് നേരിടുന്ന ചെമ്പംകണ്ടം, ഒളകര മേഖലകളിലെ നെറ്റ് വർക്ക് പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പദ്ധതിയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. ഒരു മാസത്തിനുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹാരിക്കാനാണ് ശ്രമിക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കി. പ്രദേശത്തെ ജനപ്രതിനിധികള്‍, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍, ബി എസ് എന്‍ എല്‍, കെ എസ് ഇ ബി പ്രതിനിധികള്‍, ഡി എഫ് ഒ, ടി ഡി ഒ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

റവന്യൂ മന്ത്രി കെ രാജന്‍റെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം കലക്ടര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രദേശവാസികളുമായും പഞ്ചായത്ത് അധികൃതരുമായും ചര്‍ച്ച നടത്തിയിരുന്നു.

ചെമ്പംകണ്ടത്ത് പുതിയ ടവര്‍ സ്ഥാപിക്കുന്നതിനായി പ്രധാന നെറ്റ് വര്‍ക്ക് അധികൃതരുമായി കലക്ടര്‍ യോഗത്തില്‍ സംസാരിച്ചു. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. ടവര്‍ സ്ഥാപിക്കുന്നതിനായുള്ള സ്ഥലം നിശ്ചയിച്ച് തുടര്‍ നടപടികള്‍ക്ക് പഞ്ചായത്തു തലത്തില്‍ യോഗം ചേരണമെന്നും തുടര്‍ന്ന് ബുധനാഴ്ച ചേരുന്ന യോഗത്തില്‍ തീരുമാനങ്ങള്‍ അവതരിപ്പിക്കണമെന്നും കലക്ടര്‍ പുത്തൂര്‍ പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു.

ഒളകരയില്‍ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വഴി നെറ്റ് വര്‍ക്ക് സംവിധാനം എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒളകര ആദിവാസി കോളനിയിലെ അങ്കണവാടി കേന്ദ്രീകരിച്ച് നെറ്റ് വര്‍ക്ക് സൗകര്യം ഉപയോഗപ്പെടുത്തും. ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സംവിധാനത്തിലൂടെ നെറ്റ് വര്‍ക്ക് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ജില്ലാ പഞ്ചായത്തിന്‍റെയോ ട്രൈബല്‍ ഡവലപ്മെന്‍റ് വകുപ്പിന്‍റെയോ സഹായം തേടാനും പാണഞ്ചേരി പഞ്ചായത്ത് അധികൃതരോട് കലക്ടര്‍ നിര്‍ദേശിച്ചു. വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതയും ഇവിടെ പരിഗണിക്കുമെന്നും കലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ജില്ലാ വികസന കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, സമഗ്ര ശിക്ഷാ കേരള കോര്‍ഡിനേറ്റര്‍ ബിന്ദു പരമേശ്വരന്‍, എ ടി സി ടെലികോം സര്‍ക്കിള്‍ ഡിപ്ലോയ്മെന്‍റ് ലീഡ് രാഹുല്‍ ദാസ്, ടി ഡി ഒ സന്തോഷ് കുമാര്‍, കേരള വിഷന്‍ എം ഡി രാജേഷ് മാണി, പുത്തൂര്‍ - പാണഞ്ചേരി പഞ്ചായത്ത് പ്രതിനിധികള്‍, ബി എസ് എന്‍ എല്‍ - കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍, സ്വകാര്യ ടെലികോം പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Related Posts