ഓണത്തിന് ഒരു മുറം പച്ചക്കറി: ചൊവ്വന്നൂര്‍ ബ്ലോക്കിന് നേട്ടമാകും.

തൃശ്ശൂർ: സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന് കീഴില്‍ പച്ചക്കറി വികസന പദ്ധതി പ്രകാരം നടത്തി വരുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിലൂടെ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ എട്ടു പഞ്ചായത്തുകളിലും കര്‍ഷകര്‍ വിളയിച്ചെടുക്കുന്നത് ജൈവ പച്ചക്കറികള്‍. കൃഷി വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് പരിധിയില്‍ കര്‍ഷകര്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരാണ് പദ്ധതിയില്‍ പങ്കാളിയായത്. ഓണത്തിനു മുന്‍പ് തന്നെ ജൈവ പച്ചക്കറികള്‍ വിളവെടുക്കാന്‍ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

വിഷരഹിത പച്ചക്കറികള്‍ വീട്ടുവളപ്പില്‍ തന്നെ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചാണ് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതി നടപ്പിലാക്കുന്നത്. ചൊവ്വന്നൂര്‍ ബ്ലോക്കിന് കീഴിലുള്ള വിവിധ കൃഷിഭവനുകള്‍ വഴി 47000 വിത്ത് പാക്കറ്റുകളും 1.9 ലക്ഷം പച്ചക്കറി തൈകളുമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്തത്. ചൊവ്വന്നൂര്‍ ബ്ലോക്കിലെ കാര്‍ഷിക സേവന സംഘമാണ് പച്ചക്കറി തൈകള്‍ ഉല്‍പാദിപ്പിച്ചത്.

ബ്ലോക്കിന് കീഴിലെ വേലൂര്‍, ചൂണ്ടല്‍, കണ്ടാണശ്ശേരി, കടങ്ങോട്, ചൊവ്വന്നൂര്‍, കാട്ടകാമ്പാല്‍, കടവല്ലൂര്‍, പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മിക്കയിടത്തും നല്ല രീതിയില്‍ തന്നെ ചെടികള്‍ വിളയിക്കാനായിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.

കൊവിഡിന്റെ രണ്ടാം തരംഗത്തിന് ശേഷം കാര്‍ഷിക മേഖലയെ പരിപോഷിപ്പിക്കാന്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും അതിന് കീഴിലെ പഞ്ചായത്തുകളും ഊര്‍ജസ്വലമായി തയ്യാറായി എന്നതും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഒന്നാം തരംഗത്തിന് ശേഷം ഇവിടങ്ങളിലെ കാര്‍ഷികോല്‍പാദനം ഏറെ വര്‍ധിച്ച സാഹചര്യത്തിലാണ് രണ്ടാം തരംഗത്തെ തുടര്‍ന്നും കര്‍ഷിക മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നത്. ഇതിലൊന്നായാണ് ഇവര്‍ ഈ പദ്ധതിയെയും കാണുന്നത്.

ചൊവ്വന്നൂര്‍ ബ്ലോക്കിന് കീഴിലെ പഞ്ചായത്തുകളില്‍ കഴിഞ്ഞ തവണ സുഭിക്ഷ കേരളം പദ്ധതി നല്ല രീതിയില്‍ നടപ്പാക്കിയിരുന്നു. ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിയ്ക്കല്‍, സുസ്ഥിര കാര്‍ഷിക വികസനം സാധ്യമാക്കല്‍, ജൈവകൃഷി പ്രോത്സാഹിപ്പിക്കല്‍, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍ എന്നിവയ്ക്ക് കോവിഡിന് ശേഷം കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് പദ്ധതി. ഇത്തരം പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞ ബജറ്റില്‍ 55,20,240 രൂപയാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചത്.

കൂടാതെ എല്ലാ പഞ്ചായത്തുകളിലും സമഗ്ര നെല്ലുല്‍പാദനം, ജൈവ കാര്‍ഷിക വിളകളുടെ ഉല്‍പാദനം എന്നിവയും നടന്നു വരുന്നുണ്ട്. കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ഡൗണില്‍ ഏറ്റവും കൂടുതല്‍ പച്ചക്കറി കൃഷി ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിലായിരുന്നു. വീടുകള്‍ കേന്ദ്രീകരിച്ചും ക്ലബുകളുടെ നേതൃത്വത്തിലും ഒന്നാം തരംഗത്തിന് ശേഷം വ്യാപക ജൈവ പച്ചക്കറി കൃഷി നടപ്പാക്കി. എല്ലാ പഞ്ചായത്തുകളിലും ആഴ്ചയിലൊരിക്കല്‍ കര്‍ഷകര്‍ വിളയിച്ചെടുത്ത ജൈവ പച്ചക്കറികള്‍ വില്‍ക്കുന്ന വിപണന കേന്ദ്രവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി ബ്ലോക്കിന് കീഴിലെ 8 പഞ്ചായത്തുകളിലേക്ക് 1,60,000 രൂപയാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് വകയിരുത്തിയത്.

ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി കുന്നംകുളം നഗരസഭയിലെ ആര്‍ത്താറ്റ് കൃഷിഭവനും നടപ്പിലാക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലും കൃഷിഭവന്‍ ഇത് നല്ല രീതിയില്‍ നടപ്പാക്കി വിജയിപ്പിച്ചിരുന്നു.

വിത്ത്, തൈ എന്നീ രീതിയില്‍ പച്ചക്കറി വിളകള്‍ വീടുകളിലും മറ്റും എത്തിച്ചാണ് പദ്ധതി ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് വിത്തുകള്‍ പായ്ക്കറ്റിലാക്കി നല്‍കിയും പദ്ധതി വിപുലപ്പെടുത്തി. 5 ഇനം വിത്തുകളാണ് നല്‍കിയത്. 30,000 പച്ചക്കറി തൈകളാണ് വിതരണം ചെയ്തത്. വിദ്യാര്‍ത്ഥികളെ കൂടാതെ സന്നദ്ധ പ്രവര്‍ത്തകര്‍, ക്ലബുകള്‍, കര്‍ഷകര്‍ എന്നിവരെയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്താന്‍ സാധിച്ചു. കൃഷിഭവനുകള്‍, സ്‌കൂളുകള്‍ മുഖേനയാണ് വിത്തുകളും തൈകളും വിതരണം ചെയ്തതെന്നും കൃഷി ഓഫീസര്‍ അറിയിച്ചു.

Related Posts