ഓർമ്മത്താൾ - 1

ചക്കിപ്പെണ്ണ്.....

( വയറ്റാട്ടി അമ്മൂമ്മ )

രണ്ടു ദിവസമായി ചക്കി അമ്മമ്മയുടെ രൂപം മനസിൽ വന്നു കൊണ്ടിരിക്കുന്നു....

മരിക്കുന്നതിന്റെ രണ്ടാഴ്ച്ച മുമ്പ് 'കോത്തരെ 'എന്ന് വിളിച്ച് തലയിൽ ഉഴിഞ്ഞ് പതിവ് മുറുക്കാൻ പൈസയും വാങ്ങി പോയ അന്നത്തെ രൂപം....

അന്ന് അമ്മയോട് ചോദിച്ചു

"എന്താ ഇവർ എന്നെ കോത്തരെന്ന് വിളിക്കണത്? വേറെ ആരും വിളിക്കാത്ത പേര്..."

നിന്നെ പ്രസവിക്കുന്ന സമയത്ത് വയറ്റാട്ടി ചക്കിപെണ്ണായിരുന്നു

അന്നു കൈയിലെടുത്ത് ഇട്ട പേരാ 'കോത്തര'

അന്നു കാലത്ത് നാട്ടിൽ എവിടെ പ്രസവം ഉണ്ടെങ്കിലും ചക്കിപ്പെണ്ണ് അവിടെ ഉണ്ടാവും.

പ്രസവകാല മരുന്ന് ശുശ്രൂഷയും കഴിഞ്ഞ്, പായയിൽ നിന്ന് അമ്മ എഴുന്നേൽക്കുന്നത് വരെ ചക്കിപെണ്ണ് ദിവസവും വന്നു കുളിപ്പിക്കും.

കുഞ്ഞായ എനിക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് തന്ന് അടുത്ത സ്ഥലത്തേക്ക്...

നാട്ടിലെ വയറ്റാട്ടി, എന്നെ പേരിട്ട് വിളിക്കുന്ന പോലെ ഒരു പാട് മക്കളെ വിളിക്കുന്നുണ്ടാകാം.

അവരെയൊക്കെ വർഷത്തിൽ കാണാൻ പോകുന്നത് അവരുടെ അവകാശവുമായിരിക്കാം.

കാഴ്ച ഇല്ലാത്ത ഇടതു കണ്ണിൻ്റെ കൃഷ്ണമണി വെള്ളരാംകല്ല് പോലെ, ഞാന്നു കിടക്കുന്ന കാതുകളിൽ വലിയ തോട കമ്മലുകൾ. തലയാട്ടുമ്പോൾ അവ ആടികൊണ്ടിരിക്കും.

മുറുക്കി ചുവപ്പിച്ച ചുണ്ട്, മുഖത്ത് എൺപത് കഴിഞ്ഞ ചുളിവുകൾ. നരച്ച മുടിക്ക് മുഷിഞ്ഞ നിറം.

മേൽമുണ്ട് ധരിച്ച് ഉടുമുണ്ടിൻ്റെ മടിക്കുത്തിൽ എവിടെ നിന്നോ കരുതി വെച്ച മാങ്ങയോ, വെണ്ണ ബിസ്ക്ക്റ്റോ ഉണ്ടാവും.

ആറു മാസത്തിൽ ഒരിക്കൽ "കോത്തരെ" എന്ന് വിളിച്ച് വീട്ടിലേക്ക് വരുന്ന ചക്കിപെണ്ണ് എന്ന വയറ്റാട്ടി അമ്മൂമ്മ.....

Related Posts