കെഎസ്ആർടിസി സർവീസിൽ നിയന്ത്രണം; മാസ്ക് നിർബന്ധം.

കൊവിഡ് നിയന്ത്രണം; സർവ്വീസ് പുനക്രമീകരണവുമായി കെഎസ്ആർടിസി.

തിരുവനന്തപുരം:

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ സർക്കാർ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി ബസ് സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യുന്നതിന് കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. കെഎസ്ആർടിസി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കും. രാത്രി 60% ദീർഘദൂര സർവീസുകൾ മാത്രം. രാവിലെ 7 മുതൽ രാത്രി 7 വരെ കൂടുതൽ സർവീസ് ഏർപ്പെടുത്തും. ഡബിൾ ഡ്യൂട്ടി 20% ജീവനക്കാർക്ക് മാത്രം. കൂടാതെ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് പരിമിതമായ ഓർഡിനറി സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും.

പകൽ സമയം മുഴുവൻ ദീർഘദൂര സർവ്വീസുകളും ഓപ്പറേറ്റ് ചെയ്യും. ഒരേ ഡിപ്പോയിൽ നിന്നും ഒരേ സമയം ഒന്നിൽ കൂടുതൽ ബസുകൾ ഒരു റൂട്ടിലേക്ക് സർവ്വീസ് നടത്തില്ല. ഒരേ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന ബസുകൾ തമ്മിൽ 15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ഇടവേള ഉണ്ടായിരിക്കും.

സ്റ്റാൻഡ് ബൈയിൽ വരുന്ന ജീവനക്കാർ അവരുടെ ഷെഡ്യൂൽ ഡ്യൂട്ടിയ്ക്ക് ഹാജരാകണം. ഒരു സ്പെല്ലിൽ 7 മണിക്കൂർ ഡിപ്പോയിൽ അവർ ഉണ്ടാകുകയും ചെയ്യും. സ്റ്റാൻഡ് ബൈ ഹാജറിന് അർഹതയുള്ള ജീവനക്കാർക്ക് ഒരു കലണ്ടർ ദിനത്തിൽ ഒരു ഡ്യൂട്ടി എന്ന ക്രമത്തിൽ അനുവദിക്കും. ആഴ്ചയിൽ രണ്ട് ഫിസിക്കൽ ഡ്യൂട്ടിയെങ്കിലും ഉള്ള ജീവനക്കാർക്ക് മാത്രമേ സ്റ്റാൻഡ് ബൈ ഹാജരിന് അർഹതയുള്ളൂ.

മാസ്ക് ധരിക്കാത്ത ആരെയും കെഎസ്ആർടിസി ബസ്സിൽ കയറ്റില്ല. ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നണ്ടോയെന്ന് കണ്ടക്ടർ ഉറപ്പുവരുത്തണം.

എല്ലാ ഡിപ്പോയിലും ജീവനക്കാർക്ക് കൈ വൃത്തിയാക്കാൻ സോപ്പും, വെള്ളവും ലഭ്യമാക്കും, സർവ്വീസ് കഴിഞ്ഞുവരുന്ന ബസുകൾ അണുവിമുക്തമാക്കിയതിന് ശേഷമേ അടുത്ത സർവ്വീസ് നടത്തുകയുള്ളൂ. ജീവനക്കാർക്ക് വിശ്രമിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സ്ലീപ്പർ ബസ് ദിവസേന അണു വിമുക്തമാക്കുകയും ചെയ്യും.

Related Posts