ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങൾ, പട്ടികജാതി പട്ടികവർഗ കോളനികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവർ ഉള്ളവർ എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന ലാബ് എത്തുന്നത്.
കൊടകരയിൽ അഗതിക്ക് ആശ്രയമേകി സഞ്ചരിക്കുന്ന കൊവിഡ് പരിശോധന ലാബ്.
കൊടകര:
കൊടകര ബ്ലോക്ക് പഞ്ചായത്തിൽ സജ്ജീകരിച്ച സഞ്ചരിക്കുന്ന കൊവിഡ് പരിശോധന ലാബ് അഗതിയിൽ നടത്തിയ ടെസ്റ്റ് നിർണായകമായി. കൊടകര ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെയ് 21 മുതൽ ആരംഭിച്ച സഞ്ചരിക്കുന്ന കൊവിഡ് പരിശോധന ലാബ് അളഗപ്പ നഗർ ഗ്രാമ പഞ്ചായത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ആ പരിസരങ്ങളിൽ അലഞ്ഞു നടക്കുന്ന വയോധികയും കൊവിഡ് ബാധിതയെന്ന് സ്ഥിരീകരിച്ചത്. 75 വയസ് പ്രായമുള്ള മാനസിക വെല്ലുവിളി നേരിടുന്ന ഇവരെ ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ വിദ്യ എഞ്ചിനീയറിങ് കോളേജിൽ സജ്ജമാക്കിയ സി എഫ് എൽ ടി സി യിൽ എത്തിച്ചു. ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയിരുന്ന സ്ത്രീയും വയോധികയെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുള്ള സൂപ്പർ മാർക്കറ്റ് ജീവനക്കാരിയും കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടതിനെ തുടർന്ന് അവരെയും ഐസൊലേഷനിലാക്കി.
കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള 7 ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ ആവശ്യപ്രകാരമാണ് ലാബിന്റെ സേവനം ലഭ്യമാക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ പ്രദേശങ്ങൾ, പട്ടികജാതി പട്ടികവർഗ കോളനികൾ, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ എത്താൻ സാധിക്കാത്തവർ ഉള്ളവർ എന്നിവിടങ്ങളിലാണ് സഞ്ചരിക്കുന്ന ലാബ് എത്തുന്നത്. ഓരോ പഞ്ചായത്തും കേന്ദ്രീകരിച്ച് പ്രതിദിനം 100 പേരെയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യൻ, അറ്റൻഡർ എന്നിവരടങ്ങുന്ന സംഘമാണ് ഓരോ പ്രദേശങ്ങളിലും എത്തി ആൻ്റിജൻ ടെസ്റ്റുകൾ നടത്തി വരുന്നത്. 9 ദിവസം കൊണ്ട് 1000 ത്തോളം പേരിലാണ് ഇത് വരെ പരിശോധന നടത്തിയത്.
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്ന 20 ലക്ഷം രൂപയിൽ നിന്നുമാണ് ഈ മൊബൈൽ ലാബിനുള്ള തുക വിനിയോഗിച്ചത്
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, സെക്രട്ടറിമാർ എന്നിവരുടെ സഹായസഹകരണങ്ങളും ഈ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്നു.