കൊടകരയിൽ കിടപ്പു രോഗികളായ വയോജനങ്ങൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു.

കൊടകര:

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ അവശത അനുഭവിക്കുന്ന കിടപ്പു രോഗികളായ വയോജനങ്ങൾക്ക് വീൽചെയറും കമ്മോട് ചെയറുകളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പുതുക്കാട് എം എൽ എ കെ കെ രാമചന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 5.28 ലക്ഷം രൂപ ചെലവഴിച്ചാണ് ബ്ലോക്കിൽ സഹായ ഉപകാരണങ്ങളുടെ വിതരണം നടപ്പിലാക്കുന്നത്. വാർധക്യത്തിന്റെ അവശതയിൽ ഒറ്റപ്പെടലിന്റെ കൂടെ വേദന അനുഭവിക്കുന്ന 71 വയോജനങ്ങൾക്കാണ് ഈ സഹായ പദ്ധതി കൈത്താങ്ങായി മാറിയത്.

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന കൊടകര, മറ്റത്തൂർ, വരന്തരപ്പിള്ളി, അളഗപ്പനഗർ, നെന്മണിക്കര, പുതുക്കാട്, തൃക്കൂർ ഗ്രാമപഞ്ചായത്തുകളിലെ 34 വയോജനങ്ങൾക്കാണ് വീൽചെയറുകൾ നൽകിയത്. കൂടാതെ 37 പേർക്ക് കമ്മോട് ചെയറുകളും വിതരണം ചെയ്തു. ഓരോ ഗ്രാമപഞ്ചായത്തിൽ നിന്നും ഓരോ വയോജനങ്ങൾ വീതം ചടങ്ങിൽ സഹായ ഉപകരണങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് എം ആർ രഞ്ജിത്, വൈസ് പ്രസിഡണ്ട് ഷീല ജോർജ്, സെക്രട്ടറി പി ആർ അജയഘോഷ്, സ്ഥിരം സമിതി അംഗങ്ങളായ അഡ്വ. അൽജോ പുളിക്കൻ, ടെസ്സി വിത്സൻ, വാർഡ് മെമ്പർ സി പി സജീവൻ, സി ഡി പി ഒ നിഷ, ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts