കൊടകര പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് തുക കൈമാറി.

കൊടകര:

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊടകര ഗ്രാമപഞ്ചായത്ത്. 7,17000 രൂപയാണ് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത്. 7 ലക്ഷം രൂപ പഞ്ചായത്ത് വിഹിതവും 17,000 രൂപ പഞ്ചായത്തിലെ വിവിധ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിഹിതവുമാണ്. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ തുകയുടെ ചെക്കുകള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന് കൈമാറി. മാതൃകാപരമായ പഞ്ചായത്തിന്റെ പ്രവര്‍ത്തനത്തെ മന്ത്രി അഭിനന്ദനമറിയിച്ചു.

തുക നല്‍കി വിദ്യാര്‍ത്ഥികളും.

മാനസികവും ശാരീരികവുമായ വെല്ലുവിളി നേരിടുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സഹായിച്ച വിദ്യാര്‍ത്ഥികളുടെ പ്രതിഫലവും ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. സ്‌ക്രൈബ് പ്രവര്‍ത്തിക്ക് നിയോഗിക്കപ്പെട്ട കൊടകര ഗവ നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ഥ് ശ്രീധര്‍, ശ്രീദേവ്, രോഹിത്, ദേവ് നിരഞ്ജന്‍, ജിത്തു എന്നിവരാണ് വേതനമായി ലഭിച്ച 900 രൂപ വീതം ആകെ 4500 രൂപ പഞ്ചായത്തിന് കൈമാറിയത്.

മറ്റൊരു വിദ്യാര്‍ത്ഥിനിയായ ശ്രീലക്ഷ്മി എല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പായി ലഭിച്ച 1000 രൂപയും കൈമാറി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കെ മരണപ്പെട്ട അമല്‍ ബാബുവിന് ലഭിച്ച സ്‌കോളര്‍ഷിപ്പ് തുകയും മാതാപിതാക്കളുടെ വിഹിതവും ചേര്‍ത്ത് 6500 രൂപയും നല്‍കി. മകളുടെ വിവാഹത്തോടനുബന്ധിച്ച് പഞ്ചായത്ത് നിവാസി പ്രകാശന്‍ നല്‍കിയ 5000 രൂപയും ചേര്‍ത്താണ് 17000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ എത്തിയത്.

ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജി രജീഷ്, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ജോയ് നെല്ലിശ്ശേരി, സ്വപ്ന സത്യന്‍, ദിവ്യ ഷാജു, പഞ്ചായത്ത് സെക്രട്ടറി ജി സബിത എന്നിവര്‍ പങ്കെടുത്തു.

Related Posts