കൊടകര ബ്ലോക്കിലെ വനിതാ മില്ല് പ്രവര്‍ത്തനമാരംഭിച്ചു.

മില്ലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത് നിര്‍വഹിച്ചു.

കൊടകര:

കൊടകര ബ്ലോക്ക് പഞ്ചായത്ത് സ്വയം തൊഴില്‍ ആരംഭിക്കുന്നതിന് വനിതാ സംഘത്തിന് അനുവദിച്ച ധനസഹായത്തിലൂടെ വനിതാ മില്ലിന്‍റെ പ്രവര്‍ത്തനത്തിന് തുടക്കം. വനിതകള്‍ നടത്തുന്ന വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ആറ്റപ്പിള്ളി അന്ന ഓയില്‍ ആന്‍റ് ഫ്ളവര്‍ മില്ലിനാണ് 5.17 ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചതോടെ പ്രവര്‍ത്തനം തുടങ്ങാന്‍ സാധിച്ചത്.

മില്ലിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത് നിര്‍വഹിച്ചു. നന്ദിപുലം സര്‍വീസ് സഹകരണ ബാങ്കില്‍ നിന്ന് ലോണും ബ്ലോക്കില്‍ നിന്ന് സബ്സിഡിയും ഉള്‍പ്പെടെയാണ് സംരംഭം തുടങ്ങാനുള്ള തുക അനുവദിച്ചത്. 5 വനിതകളുടെ സംഘമാണ് സംരഭത്തിന് പിന്നില്‍. ആവശ്യക്കാര്‍ക്ക് ഉണങ്ങിയ കൊപ്ര വെളിച്ചെണ്ണയാക്കുന്നതിനും ധാന്യങ്ങള്‍ കലര്‍പ്പില്ലാതെ പൊടിക്കുന്നതിനും മില്ലിനെ ആശ്രയിക്കാം.

എക്സ്പല്ലര്‍, പള്‍വറൈസര്‍ എന്നീ അത്യാധുനിക യന്ത്രങ്ങളാണ് ഉല്‍പ്പന്നങ്ങള്‍ പൊടിക്കുന്നതിന് ഉപയോഗിക്കുന്നത്. മില്ലില്‍ തന്നെ ഉണ്ടാക്കുന്ന മായം കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ, അരിപ്പൊടി,ഗോതമ്പ്, മല്ലി, മഞ്ഞള്‍, മുളക് എന്നിവയും ഇവിടെ വില്‍പന നടത്തുന്നുണ്ട്.

ചടങ്ങില്‍ വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജിതാ സുധാകരന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല ജോര്‍ജ്, സെക്രട്ടറി പി ആര്‍ അജയഘോഷ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ ഹേമലത നന്ദകുമാര്‍, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് അംഗം രാധിക സുരേഷ് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സെബി വി എ, ജനറല്‍ എക്സ്ടെന്‍ഷന്‍ ഓഫീസര്‍ യേശുദാസ് എന്നിവര്‍ പങ്കെടുത്തു.

Related Posts