കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കമായി.
കൊടകര:
കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിയുടെ ഉദ്ഘാടനം പുതുക്കാട് റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഓണത്തിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍ നിന്ന് തന്നെ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ബ്ലോക്ക് പഞ്ചായത്ത്, എം ജി എന്‍ ആര്‍ ഇ ജി എസ്, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വിത്തുകളും തൈകളും നട്ടത്. കാടുപിടിച്ചു കിടന്നിരുന്ന പുതുക്കാട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ഇന്ന് ജൈവവൈവിധ്യ ഉദ്യാനമായി മാറ്റിയത് കൊടകര ബ്ലോക്ക് പഞ്ചായത്തിന്‍റെ നിരന്തരമായ ഇടപെടലുകളിലൂടെയാണ്. ഇതോടൊപ്പം എല്ലാവരും ഓണത്തിന് ഒരു മുറം പച്ചക്കറി ലഭിക്കുന്ന രീതിയില്‍ വീടുകളിലും വിഷരഹിത പച്ചക്കറി തോട്ടം ആരംഭിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍ദ്ദേശിച്ചു.
ഓണത്തിന് കുറഞ്ഞത് അഞ്ചിനം പച്ചക്കറി എങ്കിലും ഓരോ കുടുംബവും സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യം. വീട്ടുവളപ്പില്‍ കൃഷി ചെയ്യാനായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, കര്‍ഷകര്‍ എന്നിവക്ക് വിവിധ ഇനങ്ങള്‍ അടങ്ങിയ പച്ചക്കറി വിത്തു പാക്കറ്റുകളും, തൈകളും കൃഷിഭവന്‍ മുഖേന നല്‍കും.
തൃക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മോഹനന്‍ തൊഴുക്കാട്ടില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ അല്‍ജോ പുളിക്കല്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോള്‍സണ്‍ തെക്കുംപീടിക, സജിത രാജീവന്‍, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ സ്വപ്ന എസ് മേനോന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി ആര്‍ അജയഘോഷ്, റെയില്‍വേ ഉപദേശക സമിതി അധ്യക്ഷന്‍ അരുണ്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.