കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്‌ചയും നിരത്തിൽ തിരക്ക്‌ ഒഴിഞ്ഞു നിന്നു.

തൃശൂർ:

കടുത്ത നിയന്ത്രണങ്ങളോടെ ഞായറാഴ്‌ചയും നിരത്തിൽ തിരക്ക്‌ ഒഴിഞ്ഞുനിന്നു.

ലോക്‌ഡൗൺ ഇളവ്‌ അനുവദിച്ചശേഷമുള്ള കടുത്ത നിയന്ത്രണം ഉള്ള രണ്ടാം ദിനവും ഇരുചക്രം ഉൾപ്പെടെയുള്ള വാഹനങ്ങളും കാര്യമായി റോഡിലിറങ്ങിയില്ല. ശക്തമായ പൊലീസ്‌ പരിശോധന ജില്ലാ വ്യാപകമായി നടന്നതിനാൽ പലയിടത്തും അനാവശ്യമായി കറങ്ങി നടന്നവരെയും വാഹനങ്ങളും പിടിച്ചെടുത്തു. പിഴയും ഈടാക്കി. 

സംസ്ഥാനത്തെ ലോക്‌ഡൗൺ സർക്കാർ ഭാഗികമായി പിൻവലിച്ചതിനെ തുടർന്നാണ്‌ ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്‌. കൊവിഡ്‌ വ്യാപനം തിരിച്ചറിഞ്ഞ്‌ ജനം പൂർണമായി നിയന്ത്രണങ്ങളോട് സഹകരിച്ചു. അവശ്യ സർവീസുകാർ ഒഴികെ, മറ്റാരും കാര്യമായി പുറത്തിറങ്ങിയില്ല. തെരുവിലലയുന്ന അപൂർവം പേരേ നിരത്തിലുണ്ടായിരുന്നുള്ളൂ. അവർക്ക്‌ സന്നദ്ധ സംഘടനകൾ ഭക്ഷണവും നൽകി. 

തിങ്കളാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ സർക്കാർ ലോക്‌ഡൗണിന്‌ ഇളവുകൾ അനുവദിച്ചിട്ടുണ്ട്‌. എങ്കിലും മുഴുവനാളുകളും കൊവിഡ്‌ സുരക്ഷാ മാർഗനിർദേശം പൂർണമായും പാലിക്കണമെന്ന്‌ ആരോഗ്യ പൊലീസ്‌ അധികാരികൾ വ്യക്തമാക്കി. അനാവശ്യ ചുറ്റിക്കറങ്ങലുകാരെയും  മാസ്‌ക്ക്‌ ധരിക്കാത്തവരെയും കണ്ടെത്താൻ പൊലീസ്‌ പട്രോളിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്‌. 

സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങൾ മാത്രമേ ഇളവുദിനങ്ങളിൽ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കി തുറക്കാവൂ. കൊവിഡ്‌ സുരക്ഷാ മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി റൂറൽ പൊലീസ്‌ മേധാവികൾ പറഞ്ഞു.

Related Posts