കിടപ്പ് രോഗികള്‍ക്ക് വീട്ടിലെത്തി വാക്സിൻ; നടത്തറ ഗ്രാമ പഞ്ചായത്തിൽ അരികെ പദ്ധതിക്ക് തുടക്കമായി.
നടത്തറ:
കിടപ്പുരോഗികളായ മുതിർന്ന പൗരന്മാർക്ക് വീടുകളിലെത്തി വാക്സിൻ നൽകുന്ന അരികെ പദ്ധതിക്ക് നടത്തറ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്തും പാലിയേറ്റീവ് കെയറും സംയുക്തമായാണ് അരികെ പദ്ധതി സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തിൽ 500 ഓളം കിടപ്പ് രോഗികളുണ്ട്. ആശ വർക്കർമാരുടെയും അങ്കണവാടി ടീച്ചർമാരുടെയും സാഹയത്തോടെ കിടപ്പ് രോഗികളുടെ വിവരങ്ങൾ ശേഖരിച്ച് മുൻഗണന്ന ക്രമമനുസരിച്ചാണ് വാക്സിൽ നൽകുന്നത്. ഒരു ദിവസം പത്ത് പേർക്ക് വാക്സിൽ നൽകാനാണ് ശ്രമിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് പി പി ഇ കിറ്റ്, ഗ്ലൗസ്, മാസ്ക്, ഫെയ്സ് ഷീൽഡ് എന്നിവ ധരിച്ചാണ് വാക്സിൻ നൽകുന്നത്. ഓരോ വീട്ടിലും എത്തുന്ന വാക്സിനേഷൻ സംഘത്തിൽ ഒരു മെഡിക്കൽ ഓഫീസർ, വാക്സിൻ നൽകുന്നയാൾ, സഹായിയായി ആശവർക്കർ, അങ്കണവാടി ടീച്ചർ, അല്ലെങ്കിൽ സന്നദ്ധ പ്രവർത്തകർ എന്നിവർ ഉണ്ടാകും.
വാക്സിൻ നൽകുന്നതിന് മുമ്പ് കിടപ്പുരോഗികളുടെ ആരോഗ്യം മെഡിക്കൽ ഓഫീസർ പരിശോധിച്ച് ഉറപ്പ് വരുത്തും. വാക്സിൻ നൽകിയതിന് ശേഷം വാക്സിൻ സ്വീകരിച്ചയാളെ 30 മിനിറ്റ് നേരത്തേക്ക് നിരീക്ഷിച്ചതിന് ശേഷമാണ് സംഘം മടങ്ങുന്നത്. ആശ പ്രവർത്തകയോ സന്നദ്ധ പ്രവർത്തകരോ ആയ ആളെ ഇങ്ങനെ നിയോഗിക്കും. വാക്സിൻ സ്വീകരിച്ച ആളിന് ശാരീരിക അസ്വസ്ഥതകൾ പ്രകടമായാൽ വിവിരം മെഡിക്കൽ ഓഫീസറിനെ അറിയിച്ച് എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.