കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ പാലിക്കണം; കളക്ടർ.

തൃശ്ശൂർ:

ജില്ലയില്‍ 80 ശതമാനത്തിലധികം പഞ്ചായത്തുകളും നഗരസഭ ഡിവിഷനുകളും കോര്‍പ്പറേഷന്‍ ഡിവിഷനുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നു. ഇവിടങ്ങളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം. അധിക നിയന്ത്രണങ്ങള്‍ പിന്‍വലിച്ചെങ്കിലും ജാഗ്രതയോടെയുള്ള സമീപനമാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു.

അടിയന്തര സാഹചര്യത്തില്‍ മാത്രമായിരിക്കും പുറത്തിറങ്ങാന്‍ അനുമതി. ആർ ആർ ടികള്‍, വാര്‍ഡ് തല കമ്മറ്റികള്‍, സെക്ടറല്‍ മജിസ്ട്രേറ്റ്മാര്‍, പൊലീസ് തുടങ്ങിയവര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. തുറക്കാന്‍ അനുവാദമുള്ള സ്ഥാപനങ്ങളില്‍ ഒരേ സമയം മൂന്നു പേരില്‍ കൂടുതല്‍ ആളുകളുണ്ടാകരുത്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി പരമാവധി അഞ്ച് ആളുകളെ ഉപയോഗിച്ച് കൊവിഡ് മനദണ്ഡങ്ങള്‍ പാലിച്ച് ശുചീകരണം നടത്താം. ആരാധനാലയങ്ങള്‍ തുറക്കാന്‍ പാടില്ല. അനുദിന കര്‍മ്മങ്ങള്‍ നടത്തുന്നതിന് തടസ്സമില്ല.

പാല്‍, പത്രം, തപാല്‍ വിതരണം, പാല്‍ സൊസൈറ്റി എന്നിവ അനുവദനീയമാണ്. ഷെഡ്യൂള്‍ഡ് ബാങ്കുകളും സഹകരണ ബാങ്കുകളും മിനിമം ജീവനക്കാരെ മാത്രം നിയോഗിച്ചുകൊണ്ട് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 2 മണിവരെ പ്രവര്‍ത്തിക്കാം. മത്സ്യം മാംസം, കോഴിക്കടകള്‍ എന്നിവയ്ക്ക് ബുധന്‍ ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം.

പലചരക്ക് കട, പഴം പച്ചക്കറി കടകള്‍ തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ തുറക്കാം. ബേക്കറികള്‍ക്ക് വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള വിതരണം ആർ ആർ ടികള്‍, വാര്‍ഡ്തല കമ്മറ്റി, ഹോംഡെലിവറി എന്നിവ വഴി നടത്തേണ്ടതാണ്. കണ്ടെയിന്‍മെന്റ് സോണുകളില്‍ റേഷന്‍കട, പൊതുവിതരണകേന്ദ്രം, സഹകരണസംഘം സ്റ്റോറുകള്‍ എന്നിവയ്ക്ക് രാവിലെ 8 മണി മുതല്‍ 5 മണിവരെ പ്രവര്‍ത്തിക്കാം.

ഹോട്ടലുകള്‍ മറ്റ് ഭക്ഷ്യഭോജന കടകള്‍ക്കും 8 മണി മുതല്‍ വൈകിട്ട് 7.30 വരെ പ്രവര്‍ത്തിക്കാം. പാഴ്സല്‍ മാത്രമാണ് അനുവദനീയം. ഇവയുടെയും വിതരണം ആർ ആർ ടികള്‍, വാര്‍ഡ്തല കമ്മറ്റി, ഹോം ഡെലിവറി എന്നിവ മുഖേനയായിരിക്കണം. എന്നാല്‍ ഹോട്ടലുകളിലും ചായക്കടകളിലും ചായ വിതരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

പ്ലാന്റേഷന്‍, നിര്‍മ്മാണ മേഖലകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്യ സംസ്ഥാനത്തു നിന്നും ആളുകളെ കൊണ്ടുവരാന്‍ പാടില്ല. നിലവിലുള്ളവര്‍ക്ക് അതത് ഇടങ്ങളില്‍ തുടരാം. തൊഴിലിടങ്ങളില്‍ തന്നെ താമസിക്കുന്നവര്‍ക്ക് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. തൊഴിലാളികള്‍ പുറത്തിറങ്ങാന്‍ പാടുള്ളതല്ല.

ആശുപത്രികള്‍, ക്ലിനിക്കുകള്‍, ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍, ദന്തല്‍ ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പ്രവർത്തിക്കാം. വിവാഹ ചടങ്ങുകളില്‍ വധൂവരന്മാര്‍, മാതാപിതാക്കള്‍ അടക്കം 10 പേര്‍ മാത്രം മതി. വീടുകള്‍, കെട്ടിടം എന്നിവയുടെ നിര്‍മാണം അനുവദിക്കില്ല. തൊഴിലിടങ്ങളില്‍ താമസിച്ചു നടത്തുന്ന നിര്‍മാണ പ്രവര്‍ത്തങ്ങള്‍, റോഡുകള്‍, പാലങ്ങള്‍, കുളങ്ങള്‍, തോടുകള്‍, റെയില്‍വേ, കെ എസ് ഇ ബി, ടെലികമ്യൂണിക്കേഷന്‍ എന്നീ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മിനിമം ജീവനക്കാരെ വച്ചു നടത്താം. കേബിള്‍, ഡി ടി എച്ച് സര്‍വീസുകള്‍ അനുവദിക്കും.

പ്രിന്റിങ്ങ് പ്രസ്, ഫോട്ടോ സ്റ്റുഡിയോ എന്നിവ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ പ്രവര്‍ത്തിക്കാം. തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഒരു മണി വരെ കണ്ണട വ്യാപാരം നടത്താം. വളം, കീടനാശിനി കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ തുറക്കാം. ഇലക്ട്രിക്കല്‍, പ്ലംബിങ്, പെയിന്റിങ്, മറ്റ് കെട്ടിട സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഒരു മണി വരെ തുറക്കാം. എന്നാല്‍ വിതരണം ഹോം ഡെലിവറി വഴി മാത്രം.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന തുണിക്കടകള്‍, സ്വര്‍ണ്ണ കടകള്‍ എന്നിവയ്ക്ക് ബുധനാഴ്ചകളില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 7 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. സ്ഥാപനങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ ഡെലവറി നടത്താന്‍ മാത്രമാണ് അനുമതി ഉണ്ടായിരിക്കുക. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള വിവാഹവുമായി ബന്ധപ്പെട്ട് കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ നേരിട്ട് അനുമതിയുണ്ടായിരിക്കും. പണ്ടം, പണയം സ്ഥാപനങ്ങളും ബുധനാഴ്ച രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. വര്‍ക്ക്ഷോപ്പ്, ടയര്‍ റീ സോളിങ് - പഞ്ചര്‍ കടകള്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. വാഹന ഷോറൂമുകളോടനുബന്ധിച്ചുള്ള വര്‍ക്കു ഷോപ്പുകള്‍ക്കും ഇങ്ങനെ പ്രവര്‍ത്തിക്കാം.

കണ്ടെയ്ന്‍മെന്റ് സോണില്‍ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഇലക്ട്രിട്രിസിറ്റി, ടെലിഫോണ്‍, കോടതികള്‍, ട്രഷറി, സിവില്‍ സപ്ലൈസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, എക്സൈസ് സ്ഥാപനങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കാവൂ. സ്‌കൂളിലെ പുസ്തകം, കിറ്റു വിതരണം എന്നിവ ഹോം ഡെലിവറി മാത്രം. ആര്‍ ആര്‍ ടി, വാര്‍ഡ് തല കമ്മറ്റി, പുസ്തക വിതരണക്കാര്‍, അധ്യാപകര്‍ എന്നിവരെ ഇതിനായി നിയോഗിക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്രെയിനിങ് സെന്ററുകള്‍, റിസര്‍ച്ച്, കോച്ചിങ് മുതലായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുത്. മലഞ്ചരക്ക് കടകള്‍ ശനിയാഴ്ചകളില്‍ രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ പ്രവര്‍ത്തിക്കാം. കോഴിത്തീറ്റ, കാലിത്തീറ്റ കടകള്‍ ബുധനാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ മാത്രം. 24 മണിക്കൂറും പ്രവര്‍ത്തിക്കേണ്ട കമ്പനികള്‍ / ഫാക്ടറികള്‍ എന്നിവ ആവശ്യമായ ജീവനക്കാരെ മാത്രം വച്ചു പ്രവര്‍ത്തിക്കാം. പാല്‍, പാലുല്‍പ്പന്ന ഔട്ട്ലറ്റുകള്‍ രാവിലെ 6 മുതല്‍ വൈകീട്ട് 5 വരെ തുറക്കാം. സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു പ്രവര്‍ത്തിക്കരുത്. രാവിലെ 9 മുതല്‍ ഒരു മണി വരെ 50% ജീവനക്കാരെ നിയോഗിച്ച് ഇവിടുന്ന് ഹോം ഡെലിവറി ചെയ്യാം. പാലിയേറ്റീവ് കെയര്‍ സര്‍വീസുകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. പ്രൈവറ്റ് സെക്യൂരിറ്റി സര്‍വീസും അനുവദിക്കും.

ജില്ലാ പൊലീസ് മേധാവി സിറ്റി ആർ ആദിത്യ, റൂറല്‍ എസ് പി ജി പൂങ്കുഴലി, ഡെപ്യൂട്ടി കളക്ടര്‍ പി എ പ്രദീപ്, ജൂനിയര്‍ സൂപ്രണ്ട് എ ഐ ജെയിംസ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.

Related Posts