കാത്തിരിപ്പിന് അറുതി; കുന്നംകുളത്തെ ആധുനിക ബസ് സ്റ്റാന്റിലേക്ക് ബസുകളുടെ പ്രവേശനം ഉടന്‍.

ജൂലായ് 16നും 19നും ട്രയല്‍ റണ്‍.

കുന്നംകുളം:

കുന്നംകുളത്ത് അത്യാധുനിക രീതിയില്‍ യാഥാര്‍ത്ഥ്യമായ ബസ് സ്റ്റാന്‍ഡിലേക്ക് ബസുകള്‍ പ്രവേശിപ്പിക്കാൻ ധാരണയായതിനെ തുടര്‍ന്ന് ഇന്നും (ജൂലായ് 16), തിങ്കളാഴ്ച്ചയും (ജൂലായ് 19) രാവിലെ 10 മുതല്‍ ബസുകളുടെ ട്രയല്‍ റണ്‍ നടത്തും. ഈ മാസം അവസാനത്തോടെ ബസ് സര്‍വീസ് പൂര്‍ണമായും പുതിയ സ്റ്റാന്റ് വഴിയാക്കുവാനാണ് നഗരസഭാ തീരുമാനം.

നഗരത്തോട് ചേര്‍ന്ന ഹെര്‍ബര്‍ട്ട് റോഡില്‍ നഗരസഭ ടൗണ്‍ ഹാളിനോട് ചേര്‍ന്നാണ് 4.33 ഏക്കറില്‍ സംസ്ഥാനത്തെ തന്നെ മികച്ച ബസ് ടെര്‍മിനലുകളില്‍ ഒന്നായ കുന്നംകുളം നഗരസഭ ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ നാമധേയത്തിലുള്ള ഈ ബസ് ടെര്‍മിനല്‍ ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കുന്നംകുളത്തിന് ഏറെ മാറ്റുകൂട്ടുന്ന തരത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. 2020 സെപ്തംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്.
ദിവസേന 1000 ത്തോളം ബസുകള്‍ വന്നു പോയിരുന്ന പഴയ ബസ് സ്റ്റാന്‍ഡിന്റെ സ്ഥല പരിമിതി മൂലമാണ്, പുതിയ ബസ് സ്റ്റാന്‍ഡ് പണിതത്.

നേരത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ സി മൊയ്തീന്റെ എം എല്‍ എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.35 കോടി രൂപയും നഗരസഭ കുന്നംകുളത്തെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് വായ്പയെടുത്ത 8.5 കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് 2 കോടി രൂപയിലേറെയും വകയിരുത്തിയാണ് കുന്നംകുളത്ത് ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സ് ഒരുക്കിയത്. ആകെ 15.45 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്താന്‍ കഴിഞ്ഞു.

ഒന്നാം ഘട്ടമായി 3 നിലകളില്‍ നിര്‍മിച്ചിട്ടുള്ള ഷോപ്പിങ് കോംപ്ലക്‌സിന്റെ മൊത്തം വിസ്തീര്‍ണം 2849. 31 ചതുരശ്ര മീറ്ററാണ്. ഗ്ലാസും അലുമിനിയം കോംപസിറ്റ് പാനലും ഉപയോഗിച്ച് കെട്ടിടം ആധുനിക രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ടോയ്‌ലറ്റുകള്‍, പാര്‍ക്കിങ്, സ്റ്റെയര്‍കേയ്‌സുകള്‍, അഗ്‌നിശമന രക്ഷാ സംവിധാനങ്ങള്‍, ലിഫ്റ്റ് എന്നിവയും ഷോപ്പിങ് കോംപ്ലക്‌സിലുണ്ട്.

രണ്ടാം ഘട്ടമായി നിര്‍മിച്ച ബസ് ടെര്‍മിനലിന്റെ വിസ്തീര്‍ണം 3315.88 ചതുരശ്ര മീറ്ററാണ്. ഇതില്‍ ബസ് പാര്‍ക്കിങ് ഏരിയ 8385 ചതുരശ്ര മീറ്ററാണ്. ബസ് സ്റ്റാന്‍ഡില്‍ ഇരുവശത്തുമായി 14 വീതം ബസ് ബേകള്‍ ഉണ്ട്. മൊത്തം 28 ബസ് ബേ കൂടാതെ ടെര്‍മിനലില്‍ നിന്നു മാറി 15 ബസുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ആധുനിക രീതിയിലുള്ള സി സി ടി വി ക്യാമറകള്‍, യാര്‍ഡ് ലൈറ്റിങ്, ലാന്‍ഡ് സ്‌കേപ്പിങ്, പബ്ലിക് അഡ്രസ് സിസ്റ്റം എന്നിവയും ബസ് ടെര്‍മിനലിലെ പ്രത്യേകതയാണ്. മികവുറ്റ ഡ്രെയിനേജ്, ചുറ്റുമതില്‍, ഇലക്ട്രിഫിക്കേഷന്‍, ജനറേറ്റര്‍ സൗകര്യങ്ങളും ബസ് ടെര്‍മിനല്‍ കം ഷോപ്പിങ് കോംപ്ലക്‌സിന് മാറ്റു കൂട്ടുന്നുണ്ട്.

തൃശൂര്‍ എന്‍ജിനീയറിങ് കോളേജിലെ ആര്‍ക്കിടെക്ചര്‍ വിഭാഗത്തിലെ ഡോ. ജോത്സ്‌ന റാഫേലാണ് രൂപകല്പന നിര്‍വഹിച്ചത്. വടകരയിലെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം നടത്തിയത്.

പുതിയ ബസ് സ്റ്റാന്റിലേക്ക് ബസുകളുടെ പ്രവേശന രീതി ഇങ്ങനെ;

കോഴിക്കോട്, കുറ്റിപ്പുറം, പാലക്കാട്, പട്ടാമ്പി, അക്കിക്കാവ്, പഴഞ്ഞി, ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ ബൈജു റോഡിലൂടെ വടക്കാഞ്ചേരി റോഡ് വഴി എം.ജി. ഷോപ്പിങ് കോപ്ലക്‌സിന് മുന്നിലൂടെ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. തൃശൂര്‍, ഗുരുവായൂര്‍, ചാവക്കാട്, ആല്‍ത്തറ ഭാഗത്തുനിന്ന് വരുന്ന ബസുകള്‍ പതിവുപോലെ വന്ന് ഹെര്‍ബര്‍ട്ട് റോഡ് വഴിയാണ് പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രവേശിക്കേണ്ടത്.

കോഴിക്കോട്, കുറ്റിപ്പുറം, പാലക്കാട്, പട്ടാമ്പി, അക്കിക്കാവ്, പഴഞ്ഞി ഭാഗങ്ങളിലേക്ക് പോകേണ്ട ബസുകള്‍ ബസ്സ്റ്റാന്റില്‍നിന്ന് വലത്തോട്ട് തിരിഞ്ഞ് ട്രഷറി- കെ.ആര്‍. ഹോട്ടല്‍ റോഡിലൂടെ പട്ടാമ്പി റോഡിലെത്തി സര്‍വീസ് നടത്തണം.

ബാക്കിയെല്ലാ പ്രദേശങ്ങളിലേക്ക് പോകുന്ന ബസുകളും ബസ് സ്റ്റാന്‍ഡില്‍നിന്നും ഹെര്‍ബര്‍ട്ട് റോഡ് വഴി ഗുരുവായൂര്‍ റോഡിലെത്തി ടൗണ്‍ ജംഗ്ഷന്‍ വഴി പതിവുപോലെ സര്‍വീസ് നടത്തണം. നഗരസഭയെടുത്ത പൊതുതീരുമാനത്തില്‍നിന്ന് വ്യത്യസ്തമായി എ സി പി ടി എസ് സിനോജ് മുന്നോട്ട് വച്ച നിര്‍ദേശപ്രകാരം കോഴിക്കോട്, പട്ടാമ്പി, അക്കിക്കാവ്, പഴഞ്ഞി ഭാഗങ്ങളില്‍നിന്നും വരുന്ന ബസുകള്‍ സ്വകാര്യ ജ്വല്ലറിയുടെ മുന്‍വശത്ത് വലത്തോട്ട് തിരിഞ്ഞ് ട്രഷറി വഴി ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന രീതിയും ഒരു ദിവസത്തെ ട്രയല്‍ റണ്ണിലൂടെ പരിശോധിക്കപ്പെടും. പഴയ സ്റ്റാന്റ് ഇല്ലാതാകുന്നതോടെ വടക്കാഞ്ചേരി, ഗുരുവായൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാര്‍ക്കായി തൃശൂര്‍ റോഡിലെ കെ എസ് ആർ ടി സി ബസ്സ്‌റ്റോപ്പില്‍ സ്വകാര്യ ബസുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കും.

വടക്കാഞ്ചേരി, ഗുരുവായൂര്‍,തൃശൂര്‍ റോഡുകളിലേയും ട്രഷറി, എം ജി ഷോപ്പിങ് കോംപ്ലക്‌സ് റോഡിലെയും ഓട്ടോ പാര്‍ക്കുകളില്‍ മാറ്റം വരും. ഹെര്‍ബര്‍ട്ട് റോഡില്‍ ഇരുവശത്തും വാഹന പാര്‍ക്കിങ് അനുവദിക്കില്ല. ട്രയല്‍ റണ്‍ നടത്തി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് നഗരസഭ ചെയര്‍പേഴ്‌സന്‍ സീതാ രവീന്ദ്രന്‍ അറിയിച്ചു.

Related Posts