കുന്നംകുളത്തെ ഏഴു പഞ്ചായത്തുകളില്‍ സര്‍വ കക്ഷി കൂട്ടായ്മയുടെ അഞ്ചാം ഘട്ട പ്രവര്‍ത്തനങ്ങള്‍.

'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' എന്ന സര്‍വ കക്ഷി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കുന്നംകുളത്തെ ഏഴു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു.

കുന്നംകുളം:

2018 മുതല്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും, കടങ്ങോട് പഞ്ചായത്ത് കേന്ദ്രീകരിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം' എന്ന സര്‍വ കക്ഷി കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കുന്നംകുളത്തെ ഏഴു പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നു. കടങ്ങോട് പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തിവരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും മരുന്ന് വിതരണവും കുന്നംകുളം നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിൽ കൂടി ലഭ്യമാക്കും.

ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ കടങ്ങോട്, എരുമപ്പെട്ടി, വേലൂര്‍, കാട്ടകാമ്പാല്‍, കടവല്ലൂര്‍, പോര്‍ക്കുളം, ചൊവ്വന്നൂര്‍ പഞ്ചായത്തുകളിലാണ് ജനപ്രതിനിധികള്‍, പ്രവാസികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിവരടങ്ങുന്ന സംഘടന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ഇതിന്റെ ഭാഗമായി വേലൂര്‍ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് 25 ഇന്‍ഹേലറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജലീല്‍ ആദൂര്‍ വേലൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കര്‍മ്മലാ ജോണ്‍സന് ഇന്‍ഹേലറുകള്‍ കൈമാറി പദ്ധതിയുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വേലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോ. സെബി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഫാറൂഖ്, പരിപാടിയുടെ കോര്‍ഡിനേറ്റര്‍മാരായ അമീര്‍, കബീര്‍ കൊട്ടിലിങ്ങല്‍, കടങ്ങോട് പഞ്ചായത്ത് ആര്‍ ആര്‍ ടി പ്രവര്‍ത്തകന്‍ റാഫി എന്നിവര്‍ സന്നിഹതരായി.

മാര്‍ക്കറ്റില്‍ 450 രൂപയില്‍ കൂടുതല്‍ വിലയുള്ള ഇന്‍ഹേലര്‍ പല ശ്വാസകോശ രോഗികള്‍ക്കും സ്വന്തമായി വാങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സംഘടന ഇന്‍ഹേലറുകള്‍ വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ നിയോജക മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലേക്ക് കൂടി ഇന്‍ഹേലര്‍ എത്തിക്കുമെന്ന് കൂട്ടായ്മയുടെ ചീഫ് കോര്‍ഡിനേറ്റര്‍ റഫീക്ക് ഹൈദ്രോസ് അറിയിച്ചു.

Related Posts