കുന്നംകുളത്ത് 'കരുതൽ' ജനകീയ ശുചിത്വ ക്യാമ്പയിൻ ജൂൺ ആദ്യവാരം.

കുന്നംകുളം:

കുന്നംകുളം നഗരസഭയിൽ മഴക്കാല രോഗങ്ങൾ തടയുന്നതിന് പൊതുജനങ്ങളുടെ സഹകരണത്തോടെ ജൂൺ 5, 6 തിയ്യതികളിൽ മുഴുവൻ വീടുകളിലും പൊതുസ്ഥലങ്ങളിലും കരുതൽ എന്ന പേരിൽ ജനകീയ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. പരിസ്ഥിതി ദിനമായ ജൂൺ 5 ന് പൊതു ഇടങ്ങളും ജൂൺ 6 ന് വീടുകളും ശുചീകരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ജൂൺ 5 ന് വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ വാർഡ്തല ശുചീകരണം നടത്തും.

ജൂൺ 6 ന് നഗരസഭ പ്രദേശത്തെ മുഴുവൻ വീടുകളിലും ശുചീകരണവും ശുചിത്വ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. ഓരോ വാർഡിലെയും 20 -25 വീടുകളെ ഓരോ ക്ലസ്റ്ററുകളായി തിരിച്ചാണ് ക്യാമ്പയിൽ സംഘടിപ്പിക്കുക.

5 പേർ വീതമുള്ള 620 സ്ക്വാഡുകളാണ് വിവിധ ക്ലസ്റ്ററുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക. ഓരോ ക്ലസ്റ്ററുകളുടേയും ചുമതല ആശാ വർക്കർ, അങ്കണവാടി ജീവനക്കാർ, വാർഡിലെ സർക്കാർ ജീവനക്കാർ, അധ്യാപകർ, കുടംബശ്രീ അയൽക്കൂട്ടം പ്രസിഡണ്ട്, സെക്രട്ടറി, വളണ്ടിയർ, ആർ ആർ ടി കൺവീനർമാർ തുടങ്ങിയവർക്കാണ് നൽകിയിരിക്കുന്നത്. അതത് വാർഡുകളിലെ വിവിധ രാഷ്ട്രീയ ബഹുജന - യുവജന സംഘടനാ പ്രവർത്തകർ ഓരോ സ്ക്വാഡിലെയും അംഗങ്ങളാകും. മേൽനോട്ട ചുമതല വാർഡ് കൗൺസിലർ അധ്യക്ഷനായുള്ള വാർഡ് ആരോഗ്യ- ശുചിത്വ - പോഷണ സമിതിക്കാണ്.

37 വാർഡുകളേയും 5 മേഖലകളായി തിരിച്ച് ഓരോ മേഖലകളും നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കും. കൊതുക്, എലി, ഈച്ച, മലിനജലം എന്നിവ മൂലമുള്ള പകർച്ചവ്യാധികളെ തടയുന്നതിന് നഗരപ്രദേശത്തെ ഓരോ വ്യക്തികളും കുടുംബങ്ങളും ജനകീയ ശുചിത്വ ക്യാമ്പയിനിൽ പങ്കാളികളാകണമെന്ന് ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അഭ്യർത്ഥിച്ചു.

Related Posts